കോള്‍ഗേറ്റും ദശാംശവും

കോള്‍ഗേറ്റും ദശാംശവും

നമ്മളില്‍ ഭൂരിപക്ഷത്തിന്റെയും അനുദിന ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് കോള്‍ഗേറ്റ്. ഓരോ പ്രഭാതത്തിലും നമ്മില്‍ മിക്കവരും കൈയിലെടുക്കുന്നതും കോള്‍ഗേറ്റ് പേസ്റ്റ് തന്നെയാണ്.

എന്നാല്‍ ഒരിക്കലെങ്കിലും നാം വിചാരിച്ചിട്ടുണ്ടോ കോള്‍ഗേറ്റിന് പിന്നിലെ കഥ? ദൈവത്തില്‍ ശരണംവച്ചുകൊണ്ടുള്ള ഒരു വ്യക്തിയുടെ ജീവിതവിജയത്തിന്റെ അമ്പരപ്പിക്കുന്ന സാക്ഷ്യമാണ് കോള്‍ഗേറ്റ് നമ്മോട് പറയുന്നത്.

ഇംഗ്ലണ്ടില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് കോള്‍ഗേറ്റ് കുടുംബക്കാര്‍. ആഭ്യന്തരയുദ്ധമായിരുന്നു കാരണം. റോബര്‍ട്ട് കോള്‍ഗേറ്റ് എന്നായിരുന്നു കാരണവരുടെ പേര്. അദ്ദേഹം കൃഷിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ മകനായിരുന്നു വില്യം കോള്‍ഗേറ്റ്.

സോപ്പ് നിര്‍മ്മാണത്തില്‍ താല്പര്യമുള്ള വ്യക്തിയായിരുന്നു വില്യം. പത്തൊന്‍പതാം വയസില്‍ ആന്റി നല്കിയ സാമ്പത്തിക പിന്‍ബലത്തില്‍ ഒരു സോപ്പുനിര്‍മ്മാണക്കമ്പനിക്ക് വില്യം കോള്‍ഗേറ്റ് തുടക്കമിട്ടു. തന്റെ തന്നെ പേരിലാണ് അദ്ദേഹം സോപ്പുനിര്‍മ്മാണം ആരംഭിച്ചത്. പക്ഷേ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ബിസിനസ് അമ്പേ പരാജയപ്പെട്ടുപോയി.

നിരാശ തോന്നുന്ന സാഹചര്യം. പക്ഷേ അദ്ദേഹം പ്രിസ്ബറ്റേറിയന്‍ സഭയിലെ ചില വചനപ്രഘോഷകരുടെ ആരാധനകളില്‍ പങ്കെടുക്കാന്‍ പോയിരുന്നു. അവിടെ നിന്ന് കിട്ടിയ ഊര്‍ജ്ജം ചെറുതൊന്നും ആയിരുന്നില്ല. വിശുദ്ധ ഗ്രന്ഥമായിരുന്നു അദ്ദേഹത്തിന് പ്രചോദനം. ഉല്പത്തിയുടെ പുസ്തകം 28 ന്റെ 20 മുതല്‍ 22 വരെയുള്ള വാക്കുകളായിരുന്നു വില്യം കോള്‍ഗേറ്റിന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് പില്ക്കാലചരിത്രം.

അതുകഴിഞ്ഞ് യാക്കോബ് ഒരു പ്രതിജ്ഞ ചെയ്തു. ദൈവമായ കര്‍ത്താവ് എന്റെ കൂടെ ഉണ്ടായിരിക്കയും ഈ യാത്രയില്‍ എന്നെ സംരക്ഷിക്കുകയും എനിക്ക് ഉണ്ണാനും ഉടുക്കാനും തരുകയും എന്റെ പിതാവിന്റെ വീട്ടിലേക്ക് സമാധാനത്തോടെ ഞാന്‍ തിരിച്ചെത്തുകയും ചെയ്താല്‍ കര്‍ത്താവായിരിക്കും എന്റെ ദൈവം. തൂണായി കുത്തിനിര്‍്ത്തിയിരിക്കുന്ന ഈ കല്ല് ദൈവത്തിന്റെ ഭവനമായിരിക്കും. അവിടുന്ന് എനിക്ക് തരുന്നതിന്‍രെയെല്ലാം പത്തിലൊന്ന് അവിടുത്തേക്ക് ഞാന്‍ സമര്‍പ്പിക്കുകയും ചെയ്യും.( ഉല്പത്തി 28; 20-22) .

യാക്കോബിന്റെ ഈ പ്രാര്‍ത്ഥന വില്യം ആവര്‍ത്തിച്ചു.

ശരിയായി തുടങ്ങുക, നന്നായി പോകുക. നല്ല വ്യക്തിയായിരിക്കുക. നിന്റെ ഹൃദയം ദൈവത്തിന് കൊടുക്കുക ദൈവംതരുന്നതെല്ലാം നീ അവിടുത്തേക്ക് നല്കുക. ബിസിനസില്‍ സത്യസന്ധനായിരിക്കുക. ദൈവം നിന്നെ അനുഗ്രഹിക്കും. സുഹൃത്തും ആശംസിച്ചു.

ദൈവത്തിന് നല്കിയ വാക്കില്‍ വില്യം ഉറച്ചുനിന്നു. ദൈവത്തെ ആദരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യണം എന്ന് അവന്‍ തീരുമാനിച്ചു. ഡച്ച് തെരുവിലാണ് വില്യം പുതിയ ബിസിനസ് ആരംഭിച്ചത്.

തനിക്ക് കിട്ടിയ ലാഭത്തിന്റെ പത്തു ശതമാനം വില്യം ദൈവത്തിന് നല്കി. പിന്നീട് ലാഭം വര്‍ദ്ധിച്ചുതുടങ്ങി. അപ്പോള്‍ പത്ത് ശതമാനം ഇരുപതായി.. കൂടുതല്‍ സമ്പാദിക്കും തോറും ദൈവത്തിന് കൂടുതല്‍ ഓഹരി കൊടുത്തുതുടങ്ങി.

ബൈബിളിനോട് വല്ലാത്ത സ്‌നേഹബന്ധമായിരുന്നു വില്യം കോള്‍ഗേറ്റിന്. അദ്ദേഹം ബൈബിളിന്റെ അച്ചടിയും വിതരണവും ഏറ്റെടുത്തു. അനേകം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും കോള്‍ഗേറ്റ് ഉദാരമായി സഹായം നല്കി. അദ്ദേഹത്തിന്റെ മരണശേഷം കോള്‍ഗേറ്റ് യൂണിവേഴ്‌സിറ്റി എന്ന് യൂണിവേഴ്‌സിറ്റികളിലൊന്ന് പുന:നാമകരണം നടത്തുക പോലും ചെയ്തു .

പള്ളിയുമായി അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. അദ്ദേഹത്തിന്റെ പതിനൊന്ന് മക്കളും പിതാവ് കാണിച്ചുകൊടുത്ത പാതയിലൂടെയാണ് മുന്നോട്ടുപോയത്.1857 ല്‍ വില്യം കോള്‍ഗേറ്റ് മരണമടഞ്ഞു. പക്ഷേ ഇന്നും അദ്ദേഹം അനുസ്മരിക്കപ്പെടുന്നു.

ദശാംശം കൊടുത്ത് വിജയിച്ച വ്യക്തി എന്ന നിലയില്‍..സത്യസന്ധവും ദൈവികവുമായി ബിസിനസ് ചെയ്ത് വിജയിക്കാം എന്ന് കാണിച്ചുകൊടുത്ത വ്യക്തി എന്ന നിലയില്‍..

ബിജു

You must be logged in to post a comment Login