കോവര്‍കഴുതപ്പുറമേറി എത്തിയ വിശുദ്ധന്‍!

കോവര്‍കഴുതപ്പുറമേറി എത്തിയ വിശുദ്ധന്‍!

ഫാ. ബ്രൊച്ചേറോയുടെ രീതികള്‍ കൗബോയ് സ്‌റ്റൈലിലായിരുന്നു. പക്ഷേ, അച്ചന് അത് സ്വയം പുകഴ്ചയ്ക്കുള്ള മാര്‍ഗമായിരുന്നില്ല, മറിച്ച് കോവര്‍ കഴുതയുടെ പുറത്തേറി അച്ചന്‍ സഞ്ചരിച്ചത് ആത്മാക്കളെ നേടാനുള്ള തീക്ഷണത മൂലമായിരുന്നു.

അര്‍ജെന്റീനയിലെ കുന്നിന്‍പ്രദേശങ്ങളില്‍ ചിതറിപ്പാര്‍ത്തിരുന്ന വിശ്വാസികളുടെ പക്കല്‍ കുന്നുകളും താഴ്‌വരകളും താണ്ടി അച്ചന്‍ കൂദാശകളുമായെത്തി. അര്‍ജെന്റീനിയന്‍ കൗബോയ്മാരായ ഗൗച്ചോ സ്‌റ്റൈലില്‍ വസ്ത്രധാരണം ചെയ്തിരുന്ന അച്ചന്‍ പരി. മറിയത്തിന്റെ തിരുസ്വരൂപവും കുര്‍ബാനയ്ക്കാവശ്യമായ പൂജ്യവസ്തുക്കളും പ്രാര്‍ത്ഥനാ പുസ്തകവുമെല്ലാം കോവര്‍ കഴുതയുടെ പുറത്ത് വച്ച് തണുപ്പിനെയും ചൂടിനെയും വകവയ്ക്കാതെ മലയോരങ്ങള്‍ താണ്ടി അലഞ്ഞു.

‘ആടുകളുടെ ചൂരുള്ള ഇടയന്‍’ എന്ന് ഫ്രാന്‍സിസ് പാപ്പാ വിശേഷിപ്പിച്ച ഫാ. ബ്രൊച്ചേറോ ഈ വര്‍ഷം ഒക്ടോബര്‍ 16 ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടും.

1860 ല്‍ ജനിച്ച യൊസെ ഗബ്രിയേല്‍ ഡെല്‍ റൊസാരിയോ ബ്രൊച്ചേറോ പതിനാറാം വയസ്സില്‍ സെമിനാരിയില്‍ ചേര്‍ന്നു. 26 ാം വയസ്സില്‍ പുരോഹിതനായി കൊര്‍ഡോബ അതിരൂപതയ്ക്കു വേണ്ടി സേവനം ആരംഭിച്ചു.

ആദ്യകാലങ്ങളില്‍ സെമിനാരിയില്‍ തത്വശാസ്ത്രം പഠിപ്പിച്ചു കൊണ്ടിരുന്ന അച്ചന്‍ പിന്നീട് ഭൂമിശാസ്ത്രപരമായി വളരെ വിശാലമായ സെന്റ് ആല്‍ബര്‍ട്‌സ് രൂപതയില്‍ നിയമിതനായി. 1675 ചതുരശ്ര മൈലായിരുന്നു ആ രൂപതയുടെ വിസ്തീര്‍ണം. പതിനായിരത്തോളം വിശ്വാസികള്‍ ചിതറി പാര്‍ത്തിരുന്ന അവിടം മുഴുവന്‍ എത്തിപ്പെടാന്‍ ബ്രൊച്ചേറോ അച്ചന്‍ കണ്ടുപിടിച്ച വഴിയാണ് കോവര്‍കഴുതപ്പുറമേറിയുള്ള യാത്രകള്‍.

ആത്മീയ കാര്യങ്ങളുടെ പേരില്‍ മാത്രമല്ല അച്ചന്‍ അറിയപ്പെടുന്നത്. അര്‍ജന്റീനയുടെ ഉള്‍ ഗ്രാമപ്രദേശങ്ങളില്‍ ടെലഗ്രാഫ് സംവിധാനം എത്തിക്കാനും പോസ്റ്റ് ആപ്പീസ് സ്ഥാപിക്കാനനും അദ്ദേഹം യത്‌നിച്ചു. 125 മൈല്‍ ദൂരമുള്ള റോഡും അദ്ദേഹത്തിന്റെ നിര്‍മിതിയാണ്. അതോടൊപ്പം പുതിയ റെയില്‍വേയ്ക്കുള്ള പദ്ധതിയുമിട്ടു.

ആത്മാക്കള്‍ക്കായുള്ള തീക്ഷണതയായിരുന്നു, അച്ചന്റെ പ്രവര്‍ത്തനങ്ങളുടെ പ്രചോദനം. ‘പിശാച് എന്നില്‍ നിന്ന് ഒരാത്മാവിനെയെങ്കിലും തട്ടിയെടുക്കുന്നത് വലിയ സങ്കടകരമാണ്’ അച്ചന്‍ പറയുമായിരുന്നു.

പാവങ്ങളോടും രോഗികളോടും അതീവകാരുണ്യം പുലര്‍ത്തിയിരുന്ന അച്ചന്‍ 1867 ലെ കോളറ കാലത്ത് രാപകലില്ലാതെ രോഗീശുശ്രൂഷയിലേര്‍പ്പെട്ടു. അവസാനം അച്ചന് കുഷ്ഠം ബാധിക്കുകയും സാവധാനം കാഴ്ചയും കേള്‍വിയും നഷ്ടമാകുകയും ചെയ്തു. ഇടവക ശുശ്രൂഷകള്‍ തുടരാനാകാതെ ശിഷ്ടകാലം അദ്ദേഹം സ്വന്തം സഹോദരിമാര്‍ക്കൊപ്പം ചെലവഴിച്ചു.

‘ഇപ്പോള്‍ എന്റെ അന്ത്യയാത്രയ്ക്കുള്ള എല്ലാം ഒരുങ്ങിയിരിക്കുന്നു’ എന്നായിരുന്നു കൗബോയ് അച്ചന്റെ അന്ത്യമൊഴി. 1914 ജനുവരി 26 ന് അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു.

മരണാനന്തരം പ്രത്യക്ഷപ്പെട്ട ഒരു പത്രക്കുറിപ്പ് ഇപ്രകാരം ആയിരുന്നു; ‘ആരോരുമില്ലാത്ത കുഷ്ഠരോഗികളെ വിശ്രമമില്ലാതെ ശുശ്രൂഷിച്ചു നടന്നതു കൊണ്ടാണ് ബ്രൊച്ചേറോ അച്ചന് മരണത്തിലേക്കു നയിച്ച കുഷ്ഠ രോഗബാധ ഉണ്ടായതെന്ന് ഏവര്‍ക്കും അറിവുള്ള കാര്യമാണ്…’

ആടിന്റെ മണമുണ്ടായിരുന്ന ആ പുരോഹിതന്റെ സ്മരണകള്‍ക്ക് ഇനി മേല്‍ അള്‍ത്താരയിലുരുകുന്ന കുന്തുരക്ക ഗന്ധം പകരും. സുരഭിലമായ ആ ഓര്‍മകള്‍ക്കു മുന്നില്‍ ലോകമെമ്പാടും കീര്‍ത്തനങ്ങളുയരും….

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login