ക്യാന്‍സര്‍ ജീവന്‍ കവരും മുന്‍പ് ഫ്രാന്‍സിസ് പാപ്പയുടെ അടുത്തേക്ക്…

ക്യാന്‍സര്‍ ജീവന്‍ കവരും മുന്‍പ് ഫ്രാന്‍സിസ് പാപ്പയുടെ അടുത്തേക്ക്…

നാലാമത്തെ സ്റ്റേജിലെത്തി നില്‍ക്കുന്ന ശ്വാസകോശാര്‍ബുദത്തിന്റെ വേദനയിലാണ് ബ്രിസ്ബന്‍ സ്വദേശി കരീന്‍ കാസഡി. ജീവിച്ചിരിക്കാന്‍ ഒരു ശതമാനം മാത്രമേ സാധ്യതയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിക്കഴിഞ്ഞു. മരിക്കുന്നതിനു മുന്‍പ് മക്കള്‍ക്കു സന്തോഷം നല്‍കുന്ന എന്തെങ്കിലും ചെയ്യണമെന്നായിരുന്നു നാലു മക്കളുടെ അമ്മയായ കരീന്റെ ആഗ്രഹം. അങ്ങനെ യൂറോപ്പിലേക്കുള്ള ഒരു മാസത്തെ ഫാമിലി ടൂര്‍ തീരുമാനിച്ചു. പക്ഷേ, അത് ഫ്രാന്‍സിസ് പാപ്പയെ അടുത്ത് കാണാനുള്ള അവസരം കൂടിയായി മാറുമെന്ന് കരുതിയിരുന്നില്ല.

ഇടവകാവികാരിയായ ഫാദര്‍ ടോം ഇല്ലിച്ചിന്റെയടുത്താണ് കരീനും ഭര്‍ത്താവ് ഗ്രേം കാസഡിയും തങ്ങളുടെ ആഗ്രഹം ആദ്യമറിയച്ചത്. ഫ്രാന്‍സിസ് പാപ്പയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹമായിരുന്നു അവര്‍ പങ്കുവെച്ചത്. പക്ഷേ, അങ്ങനെ ജനക്കൂട്ടത്തില്‍ ഒരാളായി പൊതുസമ്മേളനത്തില്‍ മാര്‍പാപ്പയെ കണ്ടാല്‍ പോരാ, അദ്ദേഹം അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണമെന്നായിരുന്നു ഫാദര്‍ ടോം പറഞ്ഞത്.

അങ്ങനെ ഈ വര്‍ഷത്തെ പ്രത്യക്ഷീകരണത്തിരുനാളിന്റെ ദിവസം അതു സംഭവിച്ചു. കരീനും കുടുംബവും വത്തിക്കാനിലെത്തി. അന്നേ ദിവസത്തെ വിശുദ്ധ കുര്‍ബാനയില്‍ കാഴ്ചവെയ്പ്പിനുള്ള സമ്മാനങ്ങളുമേന്തി ഫ്രാന്‍സിസ് പാപ്പയുടെ മുന്നിലെത്തിയവരില്‍ കരീന്റെ കുടുംബവുമുണ്ടായിരുന്നു. ഫ്രാന്‍സിസ് പാപ്പയോട് നേരിട്ടു സംസാരിക്കാനും അനുഗ്രഹം വാങ്ങാനും കഴിഞ്ഞ നിമിഷമോര്‍ക്കുമ്പോള്‍ ഇന്നും കരീന്റെയും ഭര്‍ത്താവിന്റെയും കണ്ണുകള്‍ നിറയും.

ഇനിയെത്രനാള്‍ ജീവിച്ചിരിക്കുമെന്നറിയില്ല. അതിനു മുന്‍പ് മക്കളുടെ ആദ്യകുര്‍ബാന നടത്തണമെന്നാണ് ആഗ്രഹം. ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ച ജപമാലയിലെ മണികളുരുട്ടി കരീന്‍ പറയുന്നു.

You must be logged in to post a comment Login