ക്യൂബന്‍ കര്‍ദ്ദിനാളുമായി ബറാക്ക് ഒബാമ കൂടിക്കാഴ്ച നടത്തി

ക്യൂബന്‍ കര്‍ദ്ദിനാളുമായി ബറാക്ക് ഒബാമ കൂടിക്കാഴ്ച നടത്തി

ഹവാന: ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ക്യൂബയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ക്യൂബന്‍ കര്‍ദ്ദിനാള്‍ ജെയ്മി ലൂക്കാസ് ഒര്‍ട്ടേഗയുമായി കൂടിക്കാഴ്ച നടത്തി. ഹവാനയിലെ കത്തീഡ്രലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ക്യൂബയും അമേരിക്കയുമായുള്ള നയതന്ത്രബന്ധത്തില്‍ ആശാവഹമായ പുരോഗതിയുണ്ടാകുമെന്നും ഇതിനായി സഭ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുമെന്നും കര്‍ദ്ദിനാള്‍ ജെയ്മി ലൂക്കാസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാനുമുള്ള കരാറില്‍ 2014 ല്‍ അമേരിക്കയും ക്യൂബയും ഒപ്പുവെച്ചപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചവരിലൊരാള്‍ കര്‍ദ്ദിനാള്‍ ജെയ്മി ആയിരുന്നു. അമേരിക്ക-ക്യൂബ ബന്ധം ഊഷ്മളമാക്കുന്നതിന് ഫ്രാന്‍സിസ് പാപ്പയും മാദ്ധ്യസ്ഥം വഹിച്ചിരുന്നു.

അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ കര്‍ദ്ദിനാള്‍ ജെയ്മി വഹിച്ച പങ്ക് വിസ്മരിക്കാനാകാത്തതാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേശകന്‍ ബെന്‍ റോഡ്‌സ് അനുസ്മരിച്ചു. അമേരിക്കന്‍ പ്രസിഡന്റുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സഹായകരമാകുമെന്നും സഭക്ക് ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കാനാകുമെന്നും ബെന്‍ റോഡ്‌സ് പ്രതീക്ഷ പ്രകടിപ്പിച്ചു.

You must be logged in to post a comment Login