ക്യൂബയില്‍ ആരാധന ആത്മാവിലും സത്യത്തിലും

ക്യൂബയില്‍ ആരാധന ആത്മാവിലും സത്യത്തിലും

cuba-flagഒരുമിച്ചുകൂടാന്‍ ക്യൂബയില്‍ പലയിടങ്ങളിലും ഔദ്യോഗികമായ ഇടവകകളില്ല. എന്നിട്ടും ക്യൂബന്‍ കത്തോലിക്കരുടെ വിശ്വാസജ്വാല അണയുന്നില്ല. ഗ്രാമങ്ങളിലെ കുടിലുകളിലും മുറ്റത്തും അവര്‍ ഒരുമിച്ചു കൂടി പ്രാര്‍ത്ഥിക്കുന്നു, ഒരുമിച്ചിരുന്ന് അപ്പം മുറിക്കുന്നു. തീവണ്ടി ട്രാക്കുകളായി ഉപയോഗിച്ചിരുന്ന ലോഹത്തകിടുകള്‍ക്കു മീതെ മേല്‍ക്കൂര മറച്ച ഷെഡ്ഡുകളാണ് അവരുടെ പ്രാര്‍ത്ഥനാലയം! കാസ ഡി മിസിയോണ്‍ അഥവാ പ്രേഷിത ഭവനം എന്നാണ് അതിന്റെ പേര്. 1990 കള്‍ മുതല്‍ക്കേ ക്യൂബക്കാര്‍ ഇത്തരം ഷെഡ്ഡുകളിലാണ് വിശ്വാസപരമായ കാര്യങ്ങള്‍ക്കായി സമ്മേളിച്ചു പോരുന്നത്.

1959 ല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം മതപരമായ സ്വാതന്ത്ര്യത്തിനു വിലങ്ങുവച്ച കാലം മുതല്‍ ക്യൂബന്‍ കത്തോലിക്കരുടെ വിശ്വാസജീവിതത്തിന്റെ നിറം ഇതാണ്. സഭയുടെ സ്വത്തെല്ലാം കണ്ടുകെട്ടി. ഇടവകകള്‍ മതേതരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു തുടങ്ങി. പുരോഹിതരും സന്ന്യസ്തരും നാടുകടത്തപ്പെട്ടു. ബാക്കി വന്ന ചിലരാകട്ടെ സര്‍ക്കാരിനോടു മല്ലിട്ട് അജഗണങ്ങളെ ഒരുമിച്ചു കൂട്ടാന്‍ പാടുപെട്ടു. എന്നിട്ടും കത്തോലിക്കാ വിശ്വാസം ജീവിക്കുന്നു, ഷെഡ്ഡുകളിലും കൂരകളിലും…. തുറസ്സായ പുല്‍മേടുകളിലും!.

You must be logged in to post a comment Login