ക്യൂബയില്‍ കത്തോലിക്കാ സഭയുടെ സ്വാധീനം വര്‍ദ്ധിപ്പിച്ച കര്‍ദ്ദിനാള്‍ ഒര്‍ട്ടേഗ സ്ഥാനമൊഴിഞ്ഞു

ക്യൂബയില്‍ കത്തോലിക്കാ സഭയുടെ സ്വാധീനം വര്‍ദ്ധിപ്പിച്ച കര്‍ദ്ദിനാള്‍ ഒര്‍ട്ടേഗ സ്ഥാനമൊഴിഞ്ഞു

ഹവാന: ക്യൂബയില്‍ സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും നിര്‍ണ്ണായക ശക്തിയായും ശക്തമായ സ്ഥാപനമായും കത്തോലിക്കാ സഭയെ മാറ്റിയെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച കര്‍ദ്ദിനാള്‍ ഹൈമെ ഒര്‍ട്ടേഗ പദവിയില്‍ നിന്നും വിരമിച്ചു.കമാഗ്വേ ആര്‍ച്ച്ബിഷപ്പ് ഹ്വാന്‍ ഗാര്‍സ്യ റോഡ്രിഗസിനെ ഹവാനയിലെ പുതിയ ആര്‍ച്ച്ബിഷപ്പായി നിയമിച്ചു.

രാജ്യത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളിലൊന്നായിരുന്നു കര്‍ദ്ദിനാള്‍ ഒര്‍ട്ടാഗയുടേത്. 1981ലാണ് ആര്‍ച്ച്ബിഷപ്പ് ആയത്. മൂന്നു മാര്‍പാപ്പാമാരുടെ ക്യൂബന്‍ സന്ദര്‍ശനത്തിന് ഇദ്ദേഹം നേതൃത്വം നല്‍കി. അമേരിക്ക-ക്യൂബന്‍ ബന്ധം ശക്തമാക്കുന്നതിന് ഫ്രാന്‍സിസ് പാപ്പയോടൊപ്പം നിര്‍ണ്ണായക പങ്കു വഹിച്ചതും കര്‍ദ്ദിനാള്‍ ഒര്‍ട്ടേഗയാണ്.

ക്യൂബന്‍ സര്‍ക്കാര്‍ രാജ്യത്ത് സഭക്ക് ഔദ്യോഗികമായ പ്രവര്‍ത്തനാനുമതി നല്‍കിയപ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നിരവധി ദേവാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടത്. ചിലത് പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള സന്നദ്ധസംഘടനായി കാരിത്താസിന്റെ ക്യൂബയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതും അദ്ദേഹമാണ്.

കാനന്‍ നിയമമനുസരിച്ച് 75 വയസ്സ് തികഞ്ഞപ്പോള്‍ തന്നെ അദ്ദേഹം രാജി സമര്‍പ്പിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ സേവനം ആവശ്യമുണ്ടായിരുന്നതിനാല്‍ രാജി സ്വീകരിച്ചിരുന്നില്ല.

1964 ലാണ് കര്‍ദ്ദിനാള്‍ ഒര്‍ട്ടേഗ വൈദിപ്പട്ടം സ്വീകരിച്ചത്. പിറ്റേ വര്‍ഷം തന്നെ ഇദ്ദേഹത്തെ രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കര്‍ഷകത്തൊഴിലാളി ക്യാമ്പിലേക്ക് അയച്ചു. ഒരു വര്‍ഷം സൈന്യത്തിന്റെ അധീനതയിലായിരുന്ന ക്യാമ്പില്‍ അദ്ദേഹം ജോലി ചെയ്തു. 1978 ല്‍ മെത്രാനായി. 1981 ലാണ് ഹവാനയിലെ ആര്‍ച്ച്ബിഷപ്പായി ഉയര്‍ത്തപ്പെട്ടത്.

You must be logged in to post a comment Login