ക്രിക്കറ്റ് സ്റ്റാമ്പുകള്‍ ശേഖരിക്കുന്ന അച്ചന്‍

ക്രിക്കറ്റ് സ്റ്റാമ്പുകള്‍ ശേഖരിക്കുന്ന അച്ചന്‍

കപില്‍ദേവും സുനില്‍ ഗവാസ്‌കറും സച്ചിന്‍ തെന്‍ഡുല്‍ക്കറുമെല്ലാം ഫാദര്‍ ടോമിന്റെ ആല്‍ബത്തിലിരുന്ന് ചിരിക്കും. അതു കയ്യിലെടുത്ത് നര വീണ താടി തടവി ഫാദര്‍ ടോം ഒരായിരം ക്രിക്കറ്റ് കഥകളുടെ ചുരുളഴിക്കും. ആവേശം അലതല്ലുന്ന ട്വന്റി ട്വന്റി ക്രിക്കറ്റ് പോലെയാണ് ക്രിക്കറ്റിനെക്കുറിച്ചും ക്രിക്കറ്റ് താരങ്ങളെക്കുറിച്ചും പറയുമ്പോള്‍ ഫാദര്‍ ടോമും. ഒന്നിനു പിറകെ ഒന്നായി അവ കേള്‍വിക്കാരുടെ മനസ്സിലും ബൗണ്ടറികള്‍ പായിക്കും.

ക്രിക്കറ്റ് സ്റ്റാമ്പുകളുടെ അപൂര്‍വ്വയിനം ശേഖരമാണ് ഈശോ സഭാവൈദികനായ ഫാദര്‍ ടോമിന്റെ കയ്യിലുള്ളത്. സെന്റ് വിന്‍സെന്റ് എന്ന ചെറുരാജ്യം കപില്‍ദേവിന്റെയും സുനില്‍ ഗവാസ്‌കറിന്റെയും സ്റ്റാംപ് പുറത്തിറക്കിയിട്ടുണ്ടന്നെും ക്രിക്കറ്റ് കളിയില്ലാത്ത രാജ്യങ്ങള്‍ പോലും ക്രിക്കറ്റ് സറ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും ആല്‍ബത്തിന്റെ താളുകള്‍ മറിക്കുന്നതിനിടെ അച്ചന്‍ പറയും. അരലക്ഷത്തോളം വരും അച്ചന്റെ സ്വകാര്യ സ്റ്റാംപ് ശേഖരത്തിന്റെ എണ്ണം…!!!

അച്ചന്റെ ഈ അപൂര്‍വ്വ ഹോബിയെപ്പറ്റി കേട്ടറിഞ്ഞ് ഒരിക്കല്‍ സാക്ഷാല്‍ മഹേന്ദ്രസിങ്ങ് ധോണി തന്നെ അദ്ദേഹത്തെ റാഞ്ചിയിലുള്ള വീട്ടിലേക്കു വിളിപ്പിച്ചു. തന്നെപ്പോലെ തന്നെ ഒരു വിക്കറ്റ് കീപ്പറാണ് ഫാദര്‍ ടോമെന്നറിഞ്ഞപ്പോള്‍ ധോണിയുടെ മുഖത്ത് ഇരട്ടിസന്തോഷം.

ക്രിക്കറ്റ് സ്റ്റാമ്പുകള്‍ക്കു പുറമേ ഫുഡ്‌ബോള്‍, പക്ഷികള്‍, വിശുദ്ധന്‍മാര്‍, ചരിത്രം തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്റ്റാമ്പുകളെല്ലാം ഫാദര്‍ ടോമിന്റെ പക്കലുണ്ട്.

പാലാ സെന്റ് തോമസ് കോളേജിലെ പഠനകാലത്താണ് ക്രിക്കറ്റിനോടുള്ള കമ്പം വര്‍ദ്ധിച്ചത്. വൈദികനായപ്പോഴും ആവേശം കൈവിട്ടില്ല. ക്രിക്കറ്റ് കളിച്ചും അദ്ദേഹം സെമിനാരി വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു. മദ്ധ്യപ്രദേശില്‍ സാമൂഹ്യപ്രവര്‍ത്തക ദയാബായിയുടെ വീടിനടുത്താണ് ഫാദര്‍ ടോമിന്റെ താമസം.

 

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login