‘ക്രിസ്തീയതയെ കച്ചവടവത്കരിക്കരുത്’

നൈജീരിയ: ക്രിസ്തീയതയെ കച്ചവടവത്കരിക്കരുതെന്ന് നൈജീരിയയിലെ ജോസ് അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് ഇഗ്നേഷ്യസ് കയ്ഗാമ. വിശുദ്ധ കുര്‍ബാനയുടെ സമയം ചന്തസ്ഥലത്തെ പ്രഘോഷണങ്ങള്‍ പോലെയാക്കരുതെന്നും അവിടെ ആത്മീയമായ വിശുദ്ധിയോടെയും സുബോധത്തോടെയും പെരുമാറണമെന്നും ആര്‍ച്ച്ബിഷപ്പ് കയ്ഗാമ വൈദികരോടും വിശ്വാസികളോടും ആവശ്യപ്പെട്ടു.

അനാവശ്യമായ മെലോഡ്രാമകള്‍ കാണിക്കേണ്ട സ്ഥലമല്ല ദേവാലയം. ക്രൈസ്തവ പാരമ്പര്യത്തെയും സംസ്‌കാരത്തെയും മുറുകെപ്പിടിച്ചു കൊണ്ടുള്ള ആത്മീയ പക്വതയാണ് നമുക്കു വേണ്ടത്. കുരിശാണ് നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രം. കുരിശിനെ മറന്നുള്ള ആത്മീയ നാടകങ്ങള്‍ അര്‍ത്ഥശൂന്യമാണ്.

പ്രകടപരതക്കായുള്ള ആത്മീയതക്കല്ല നാം മുന്‍ഗണന കൊടുക്കേണ്ടത്, പ്രകടപരതക്കായുള്ള പ്രാര്‍ത്ഥനക്കുമല്ല. പ്രാര്‍ത്ഥന ഉള്ളില്‍ നിന്നും, നമ്മുടെ ഹൃദയത്തില്‍ നിന്നും വരേണ്ടതാണ്. ബഹളമയമായ, വലിയ വാക്കുകളുപയോഗിച്ചുള്ള പ്രാര്‍ത്ഥനകളുടെയൊന്നും ആവശ്യമില്ല. ജപമാല, കരുണക്കൊന്ത തുടങ്ങിയ ലളിതമായ പ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ സമയം കണ്ടെത്തണണെന്നും ആര്‍ച്ച്ബിഷപ്പ് കയ്ഗാമ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login