ക്രിസ്തീയ സന്തോഷം പ്രകടമാക്കുക: ഫ്രാന്‍സിസ് പാപ്പയുടെ ആദ്യ ബാല്‍ക്കണി പ്രസംഗം

ക്രിസ്തീയ സന്തോഷം പ്രകടമാക്കുക: ഫ്രാന്‍സിസ് പാപ്പയുടെ ആദ്യ ബാല്‍ക്കണി പ്രസംഗം

ക്രാക്കോവ്: വിശ്വാസത്തിന്റെ സന്തോഷം പ്രസരിപ്പിക്കണമെന്നും ക്രിസ്തീയ സന്തോഷം പ്രകടമാക്കണമെന്നും യുവജനങ്ങളോടായി ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ക്രിസ്തുവിനെ അനുധാവനം ചെയ്യുന്നവര്‍ക്കായി അവിടുന്ന് നല്കുന്നതാണ് സന്തോഷം. പാപ്പ പറഞ്ഞു.

ബിഷപസ് പാലസിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ടായിരുന്നു ലോകയുവജനസംഗമത്തിനായി എത്തിച്ചേര്‍ന്ന പാപ്പ ആദ്യമായി യുവജനങ്ങളെ സംബോധന ചെയ്തത് പതിനായിരക്കണക്കിന് യുവജനങ്ങളാണ് പാപ്പായെ ശ്രവിക്കാന്‍ എത്തിയിരുന്നത് ഭയപ്പെടാതിരിക്കുക, വിശ്വാസമുണ്ടായിരിക്കുക, സന്തോഷം പ്രസരിപ്പിക്കുക. പാപ്പ ആവര്‍ത്തിച്ചു.

27 മുതല്‍ 31 വരെ ക്രാക്കോവിലുള്ള പാപ്പ എല്ലാ ദിവസവും രാത്രിയില്‍ യുവജനങ്ങളെ ബിഷപസ് പാലസിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് സംബോധന ചെയ്യും. ഈയൊരു പതിവ് തുടങ്ങിവച്ചത് ലോകയുവജനസംഗമത്തിന്റെ തന്നെ പിതാവായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. മാര്‍പാപ്പയായി ഓരോ തവണയും ജന്മനാടായ പോളണ്ട് സന്ദര്‍ശിക്കുമ്പോഴെല്ലാം അദ്ദേഹം ഈ ബാല്‍ക്കണിയില്‍ നിന്ന് യുവജനങ്ങളോട് സംസാരിക്കാറുണ്ടായിരുന്നു. 2006 ല്‍ ബെനഡിക്ട് പതിനാറാമന്‍ പോളണ്ട് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവും ഈ പതിവ് പാലിച്ചു. ഇപ്പോള്‍ മുന്‍ഗാമികളുടെ വഴിയെ തന്നെ ഫ്രാന്‍സിസ് പാപ്പയും.

ഗ്രാഫിക് ഡിസൈനിങ്ങ് കോഴ്‌സ് പഠിക്കാന്‍ തീരുമാനിച്ചിട്ട് അത് വേണ്ടെന്ന് വച്ച് ലോകയുവജനസംഗമത്തിന്റെ വോളന്റിയറായി സേവനം അനുഷ്ഠിക്കാന്‍ തീരുമാനിച്ച ഒരു ചെറുപ്പക്കാരന്റെ കഥ പാപ്പ അനുസ്മരിച്ചു.സംഗമത്തിലേക്ക് വേണ്ട ബാനറുകള്‍ എല്ലാം ഡിസൈന്‍ ചെയ്തത് അവനായിരുന്നു.

അപ്പോഴാണ് കഴിഞ്ഞ നവംബറില്‍ അവന് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. ജീവന്‍ രക്ഷിക്കാനായി കാലു മുറിച്ചുമാറ്റാന്‍ ഡോക്ടേഴ്‌സ് ആദ്യം തീരുമാനിച്ചിരുന്നുവെങ്കിലും കാന്‍സര്‍ ശരീരമാകെ വ്യാപിച്ചു. പാപ്പ വരുന്നതുവരെയെങ്കിലും ജീവിച്ചിരിക്കണമെന്നായിരുന്നു അവന്റെ ആഗ്രഹം. പക്ഷേ ജൂലൈ രണ്ടിന് അവന്‍ മരിച്ചു ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു.

എല്ലാവര്‍ക്കും നല്ലതുമാത്രം ചെയ്തു കടന്നുപോയവന്‍ ഈ ചെറുപ്പക്കാരന്റെ വിശ്വാസജീവിതം ഈ സംഗമത്തിന് വേണ്ടി കൂടുതല്‍ ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കട്ടെ. നിങ്ങള്‍ ഭയപ്പെടരുത്. ദൈവം സര്‍വ്വശക്തനാണ്.. നല്ലവനാണ്. പാപ്പ പറഞ്ഞു.

You must be logged in to post a comment Login