ക്രിസ്തുമസിന് മനസ്സിന്റെ മധുരം

ക്രിസ്മസ് ഓര്‍മ്മകളില്‍ സത്യന്‍ അന്തിക്കാട്

ചെറുപ്പത്തില്‍ ക്രിസ്മസ്ട്രീയും നക്ഷത്രങ്ങളും കാണുമ്പോള്‍ വിചാരിച്ചിട്ടുണ്ട്, എന്താണ് ഞങ്ങളുടെ വീടുകളില്‍ ഇതില്ലാത്തതെന്ന്. അമ്മയോടു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി, ഈശോയിലും പള്ളിയിലുമൊക്കെ വിശ്വസിക്കുന്നവര്‍ക്കുള്ളതാണ് അതെന്നായിരുന്നു. നമ്മള്‍ക്ക് ദീപാവലിയും വിഷുവുമൊക്കെയുള്ളതുപോലെയാണ് അവര്‍ക്കതെന്നും മറുപടി. അതോടെ നാട്ടിന്‍പുറത്തു താമസിച്ചിരുന്ന ഞങ്ങള്‍ക്ക് അപ്രാപ്യമായ എന്തോ ഒന്നാണിതെന്നായിരുന്നു അക്കാലത്തെ ബോധം.

പക്ഷേ പിന്നീട് ക്രിസ്മസിന്റെ സന്തോഷം ഉള്‍ക്കൊള്ളാന്‍ സാധിച്ചപ്പോള്‍ മനസിലായി, ഇതൊരു ജനകീയമായ, നന്മയുടെ സന്ദേശമുള്ള അവസരമാണ് ഒരുക്കുന്നതെന്ന്. ശരിക്കും പറഞ്ഞാല്‍ നമ്മുടെ വിശ്വാസമാണ് എല്ലാം. അത് ദൈവത്തിലായാലും സ്‌നേഹത്തിലായാലും.

കാലം മാറിവന്നതോടെ എന്റെ കുട്ടികള്‍ക്ക് എനിക്കുണ്ടായിരുന്ന ശങ്ക വേണ്ടിവരുന്നില്ല. കാരണം ക്രിസ്മസ് അടുക്കുന്നതിനു മുമ്പുതന്നെ ആദ്യം നക്ഷത്രം ഉയരുന്നത് എന്റെ വീടിനു മുന്നിലാണ്. ക്രിസ്മസ് എന്നത് ഒരു പൊതുസമൂഹത്തിന്റെ ചിന്തകളും ആഘോഷങ്ങളുമായി മാറുന്നത് കാണാം. ഇതെല്ലാം ക്രിസ്മസ് ഒരു പൊതുധാരയിലേക്ക് വരുന്നു എന്നതിന് തെളിവാണ്.

ക്രിസ്മസിന് ഏറെ കാഴ്ചഭംഗിയുണ്ട് ഹൃദയഹാരിയായ വര്‍ണ്ണങ്ങളും കാഴ്ചകളും. അതുകൊണ്ടാണ് എന്റെ പല സിനിമകളിലും ക്രിസ്മസ് ആഘോങ്ങള്‍ ഒരുക്കാന്‍ ശ്രമിച്ചിട്ടുള്ളത്. മിക്ക സിനിമകളിലും ക്രിസ്ത്യന്‍ പശ്ചാത്തലങ്ങളും ഉപയോഗിക്കുന്നുണ്ട്. അത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. കാരണം എന്റെ അടുത്ത സുഹൃത്തുക്കള്‍, അയല്‍പക്കത്തുള്ള ക്രിസ്ത്യന്‍ വീടുകള്‍, ആഘോഷങ്ങള്‍ ഇതൊക്കെ കണ്ടിട്ടുള്ളതിന്റെ ഒരു സന്തോഷം. പിന്നെ വായിച്ചറിഞ്ഞത്; പൊന്‍കുന്നം വര്‍ക്കിയുടെയും പാറപ്പുറത്തിന്റെയും മുട്ടത്ത് വര്‍ക്കിയുടെയും പുസ്തകങ്ങളിലൂടെ ലഭിച്ച ക്രൈസ്തവക്കാഴ്ചകള്‍. ഇതെല്ലാം എന്നെ അതിലേക്ക് കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്.

വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഭാഗ്യദേവത, മനസിനക്കരെ അങ്ങനെ എന്റെ പല സിനിമകളിലും ക്രിസ്ത്യന്‍ പശ്ചാത്തലമുണ്ട്. അതിനോടൊപ്പം ക്രിസ്മസും പുല്‍ക്കൂടൊരുക്കലും പപ്പായും ആഘോഷങ്ങളും കടന്നുവന്നിട്ടുണ്ട്. മനസിനക്കരെ എന്ന ചിത്രത്തില്‍ നായകനും നായികയും അവരുടെ പ്രണയം തിരിച്ചറിയുന്നതുതന്നെ ഒരു ക്രിസ്മസ് രാത്രിയാണ്. അതിന് പശ്ചാത്തലമായി ക്രിസ്മസ് കരോളും അനുബന്ധ ഒരുക്കങ്ങളും ഉപയോഗിച്ചിട്ടുണ്ട്.

ഇതിനുള്ള കാരണങ്ങളില്‍ ഒന്ന്, ഒരുപാട് നിറങ്ങളുള്ള അവസരമാണ് ക്രിസ്മസ് എന്നതാണ്. രാത്രികള്‍ക്ക് സൗന്ദര്യം കൂടും ക്രിസ്മസ് സമയത്ത്. കാരണം വര്‍ണ്ണങ്ങള്‍ക്ക് പ്രാധാന്യമുള്ള രാത്രികളാണ് അപ്പോള്‍ പിറക്കുന്നത്. വളരെ മ്യൂസിക്കലായിട്ടുള്ള, നല്ല റിഥമുള്ള ക്രിസ്മസ് കരോളും നമ്മുടെ മനസില്‍ ഒരു വസന്തം വിരിയിക്കുന്നുണ്ട്. അന്തരിച്ച സംഗീതസംവിധായകന്‍ ജോണ്‍സണ്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. പല പാട്ടുകളും കംപോസ് ചെയ്യാനിരിക്കുമ്പോള്‍ അദ്ദേഹം തന്റെ ക്രിസ്മസ് ഓര്‍മ്മകള്‍ പറയുമായിരുന്നു. സിനിമയില്‍ വരുന്നതിന് മുമ്പ് തൃശൂര്‍ പുത്തന്‍പള്ളിയിലെ പ്രധാന ഗായകനായിരുന്നതും കരോള്‍ സംഘത്തിനൊപ്പം സൈക്കിളിന്റെ മുമ്പില്‍ ഒരു ഹാര്‍മോണിയപ്പെട്ടിയും വെച്ച് സൈക്കിളിലിരുത്തി സുഹൃത്തുക്കള്‍ തള്ളിക്കൊണ്ടുപോകുന്നതും… അങ്ങനെ ക്രിസ്മസ് കാലം ഒരുപാട് നൊസ്റ്റാള്‍ജിയ ഉണ്ടാക്കാറുണ്ടെന്ന് ജോണ്‍സണ്‍ പറയുമായിരുന്നു. ഇതെല്ലാം പല സിനിമകളുടെയും സീനുകളില്‍ പ്രചോദനമായിട്ടുണ്ട്.

പാതിരാക്കുര്‍ബാന കഴിഞ്ഞ് നടന്നുവരുന്നതും ആ സമയത്തെ നാട്ടിന്‍പുറവര്‍ത്തമാനങ്ങളഉം വളരെ ഫീലിങ്ങ് ഉണ്ടാക്കുന്നതാണ്. ഒരു വര്‍ഷത്തെ അവസാന ആഴ്ചകളും, വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു കൊല്ലത്തിന്റെ തുടക്കവും എല്ലാം ചേരുന്നതാണ് ക്രിസ്മസ് ആഴ്ചകള്‍. ക്രിസ്മസിന്റെ ആചാരങ്ങള്‍, ദേവാലയത്തിലെ പ്രസംഗങ്ങള്‍ ഇതെല്ലാം എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. തെരുവോരപ്രസംഗങ്ങള്‍ പലതും ഉള്ളില്‍ കയറാറില്ല
എത്ര വലിയ നേതാവായാലും, എത്ര വലിയ സംഭവങ്ങളെക്കുറിച്ചായാലും പ്രസംഗിക്കുന്നത് ഉള്ളില്‍ കയറിയിട്ടില്ല. പക്ഷേ ക്രിസ്മസിന് സുഹൃത്തുക്കൊള്‍ക്കൊപ്പം പള്ളിയില്‍ പോകുമ്പോള്‍ അച്ചന്‍ പറയുന്ന പലതും മനസില്‍ പതിഞ്ഞിട്ടുണ്ട്. ക്രിസ്മസ് അനുബന്ധമായ പല പരിപാടികളിലും പങ്കെടുക്കാന്‍ പോകുമ്പോള്‍ വൈദികരും മറ്റും പറയുന്ന ചെറിയ കഥകള്‍ ഉള്‍പ്പെടുത്തിയ പ്രസംഗങ്ങള്‍ ഉള്ളില്‍ തൊടുന്ന രീതിയിലുള്ളതാണ്.

ക്രിസ്മസിന്റെ മറ്റൊരു വലിയ സൗന്ദര്യമാണ്, ലോകം മുഴുവന്‍ ഒരു കുടുംബമായി കാണുന്ന മഹിതദര്‍ശനം. ജാതിക്കും മതത്തിനും ആതീതമായി എല്ലാവരെയും ഒരുപോലെ കാണാന്‍ സാധിക്കുന്ന അതിന്റെ സൗകുമാര്യം പറഞ്ഞറിയിക്കാനാവില്ല. ക്രിസ്മസ് കേക്ക് കഴിക്കുമ്പോള്‍ അതിത്ര രുചികരമായി തോന്നുന്നത് ക്രിസ്മസിന്റെ അവസരത്തില്‍ കഴിക്കുന്നതുകൊണ്ടാണ്. നമുക്ക് കേക്ക് എപ്പോള്‍ വേണമെങ്കിലും ബേക്കറിയില്‍ നിന്നു വാങ്ങിക്കഴിക്കാം. എന്നാല്‍ ക്രിസ്മസ് കേക്ക് എന്നു പറഞ്ഞു തരുമ്പോള്‍ അതിനു മാധുര്യം കൂടുന്നു. അതേ കേക്ക് ജനുവരിയിലോ ഫെബ്രുവരിയിലോ മാര്‍ച്ചിലോ കഴിച്ചാല്‍ ഇത്ര സൗന്ദര്യം ഉണ്ടാവില്ല. അത് നമ്മുടെ മനസിന്റെ മധുരമാണ്.
മനസിന് ഇഷ്ടം തോന്നുകയും ശാന്തി തോന്നുകയും ചെയ്യുന്ന ഉത്സവമായിട്ടാണ് ക്രിസ്മസിനെ ഞാന്‍ കാണുന്നത്.

സത്യന്‍ അന്തിക്കാട്

You must be logged in to post a comment Login