ക്രിസ്തുമസും മെഴുകുതിരികളും…

നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് പലപ്പോഴും സാക്ഷിയാകുന്നത് മെഴുകുതിരികളാണ്. കത്തിച്ചുവെച്ച മെഴുകുതിരികളുമായി സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തിയ എത്രയോ പ്രാര്‍ത്ഥനകള്‍… നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങളെയും ഈ മെഴുകുതിരികള്‍ പലപ്പോഴും പ്രകാശമയമാക്കാറുണ്ട്, പുതിയ കാലത്ത് വര്‍ണ്ണക്കളറുകളില്‍ പല പാറ്റേണുകളില്‍ മാറിമാറി പ്രകാശിക്കുന്ന ബള്‍ബുകള്‍ ആ സ്ഥാനം ഏറ്റെടുത്തെങ്കില്‍പോലും.

എന്നാല്‍ മെഴുകുതിരിയും ക്രിസ്തുമസ്സും തമ്മിലുള്ള ബന്ധമെന്താണ്?

മദ്ധ്യകാലഘട്ടത്തിലാണ് ആദ്യമായി മെഴുകുതിരികള്‍ ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് ഉപയോഗിക്കാന്‍ തുടങ്ങിയത്. കൂട്ടത്തിലെ ഏറ്റവും വലിയ മെഴുകുതിരി പ്രതിനിധാനം ചെയ്തിരുന്നത് ബദ്‌ലഹേമില്‍ ജോസഫിനും മറിയത്തിനും വഴികാട്ടിയ നക്ഷത്രത്തെയാണ്. ലോകത്തിന്റ് പ്രകാശമായ ക്രിസ്തുവിനെ അനുസ്മരിപ്പിക്കാനും കൂടിയാണ് ഈ മെഴുകുതിരികള്‍ കത്തിച്ചുവെച്ചിരുന്നത്. ഇന്ത്യന്‍ ഭവനങ്ങളിലെ ക്രിസ്തുമസ് രാവുകളെ ആദ്യകാലങ്ങളില്‍ അലങ്കരിച്ചിരുന്നത് കത്തിച്ചുവെച്ച മണ്‍ചെരാതുകളായിരുന്നു.

കാലം മാറി. ചുവപ്പും മഞ്ഞയും പച്ചയും നിറങ്ങളില്‍ പല രൂപത്തിലും വലുപ്പത്തിലുമുള്ള ലൈറ്റുകള്‍ വിപണി കീഴടക്കുമ്പോള്‍ മെഴുകുതിരികളും ചെരാതുകളും അലങ്കരിച്ച ക്രിസ്തുമസ് സന്ധ്യകള്‍ പുതിയ തലമുറക്ക് അന്യമായി. എങ്കിലും ഹൃദയത്തില്‍ നമുക്കും കത്തിക്കാം ഒരായിരം മെഴുകുതിരികള്‍, ലോകത്തിന്റെ പ്രകാശമായ ഉണ്ണിയേശുവിനെ വരവേല്‍ക്കാന്‍..

 

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login