ക്രിസ്തുവാണ് ജീവന്റെ അപ്പം: ഫ്രാന്‍സിസ് പാപ്പ

ക്രിസ്തുവാണ് ജീവന്റെ അപ്പം: ഫ്രാന്‍സിസ് പാപ്പ

Mass-eucharist-sacrificeക്രിസ്തു ജീവന്റെ അപ്പമാണെന്നും ആകയാല്‍ ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ പോകാതെ ക്രിസ്തുവിനെയും അവിടുത്തെ രാജ്യത്തെയും അന്വേഷിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ അര്‍പ്പിച്ച ദിവ്യബലിക്കിടെയാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. അഞ്ചപ്പം അയ്യായിരം പേര്‍ക്കു നല്‍കിയ സുവിശേഷഭാഗം ഉദ്ധരിച്ചു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

ദാനങ്ങള്‍ സ്വീകരിക്കാനല്ല, ദാനശീലരാകാനാണ് ഈശോ പഠിപ്പിച്ചത്. അപ്പം എന്നതു കൊണ്ട് ക്രിസ്തു ഉദ്ദേശിച്ചത് നാം കഴിക്കുന്ന ആഹാരത്തെയല്ല, മറിച്ച് നിത്യജീവന്റെ അപ്പത്തെയാണ്. അത് എന്നന്നേക്കുമുള്ളതാണ്. ആത്മാവിന്റെ വിശപ്പിനുള്ള ആഹാരമാണത്. നശ്വരമായ അപ്പത്തിനു വേണ്ടിയല്ല, മറിച്ച് അനശ്വരമായ അപ്പത്തിനു വേണ്ടിയാണ് നാം അദ്ധ്വാനിക്കേണ്ടത്. അത് ശാശ്വതമാണ്. ആ വിശപ്പിനെ ഇല്ലാതാക്കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ എന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

നമ്മുടെ ഓരോരുത്തരുടേയും ജീവിതങ്ങളെ പ്രകാശിപ്പിക്കുന്നത് ക്രിസ്തുവാണ്. നമ്മുടെ ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നതും അവിടുന്നാണ്. സഹനങ്ങളും പ്രയാസങ്ങളും നമ്മെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ദൈവത്തിങ്കലേക്ക് കൂടുതല്‍ അടുപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു. ക്രിസ്തുവിന്റെ സുവിശേഷം മറ്റുള്ളവരെ അറിയിക്കാനുള്ള ദൗത്യം നമ്മില്‍ നിക്ഷിപ്തമാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

You must be logged in to post a comment Login