ക്രിസ്തുവിന്റെ ഹൃദയമുണ്ടായിരുന്ന ഒരുവള്‍!

ക്രിസ്തുവിന്റെ ഹൃദയമുണ്ടായിരുന്ന ഒരുവള്‍!

kayla‘ചില മനുഷ്യര്‍ ദേവാലയത്തില്‍ ദൈവത്തെ കണ്ടെത്തുന്നു, ചിലര്‍ പ്രകൃതിയില്‍ ദൈവത്തെ കണ്ടെത്തുന്നു, ചിലരാകട്ടെ സ്‌നേഹത്തില്‍ അവിടുത്തെ കണ്ടെത്തുന്നു, ഞാന്‍ സഹനത്തിലാണ് ദൈവത്തെ കണ്ടെത്തുന്നത്!’ ഐഎസുകാര്‍ വധിച്ച കായ്‌ല മുള്ളറുടെ അമ്മ തന്റെ മകളുടെ വാക്കുകള്‍ കടമെടുത്തു കൊണ്ടു പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകയായിരുന്ന കായ്‌ല അഗാധമായ വിശ്വാസവും സഹിക്കുന്നവരോട് ഹൃദയം നിറയെ കാരുണ്യവും ഉള്ളവളായിരുന്നുവെന്ന് അവളുടെ മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഏപ്രില്‍ 17 മുതല്‍ 20 വരെ മാഡ്രിഡില്‍ നടന്ന കോണ്‍ഫറന്‍സിന് മുള്ളര്‍ ദമ്പതികള്‍ നല്‍കി പേര് ‘ഞങ്ങള്‍ നസ്രാണികളാണ്’ എന്നാണ്. നസ്രായര്‍ എന്ന നാമം അവര്‍ സ്വീകരിച്ചത് ഐഎസുകാര്‍ ഇറാക്കിലെ മോസുളിലെ ക്രിസ്ത്യന്‍ ഭവനങ്ങളുടെ മേല്‍ പതിച്ച അടയാളവാക്യത്തില്‍ നിന്നാണ്. അറബിക്ക് അക്ഷരമാലയിലെ ‘നുന്‍’ ആണ് അവര്‍ ഉപയോഗിച്ചത്.

ഐഎസ് ഭീകരര്‍ കൊണ്ടു പോയി കൊല്ലുമ്പോള്‍ കായ്‌ല മുള്ളര്‍ക്ക് 26 വയസ്സായിരുന്നു. 2013 ആഗസ്റ്റ് മാസം സിറിയയിലെ ആലെപ്പോയില്‍ വച്ചു ബന്ധിയാക്കപ്പെടുമ്പോള്‍ അവള്‍ തുര്‍ക്കി അതിര്‍ത്തിയിലെ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ സേവനം ചെയ്യുകയായിരുന്നു. ഒരു ആശുപത്രിയില്‍ സഹായിക്കാന്‍ പോയ ദിവസമാണ് അവള്‍ പിടിക്കപ്പെട്ടത്. 2015 ഫെബ്രുവരി 6 ന് ഐഎസുകാര്‍ കായ്‌ല കൊല്ലപ്പെട്ടു എന്നറിയിച്ചു കൊണ്ട് തകര്‍ന്ന ഒരു കെട്ടിടത്തിന്റെ ഫോട്ടോ പുറത്തു വിട്ടു. ഫെബ്രുവരി 10 ന് മുള്ളര്‍ കുടുംബത്തിന് കായ്‌ലയുടെ മരണം സ്ഥിരീകരിച്ചു കൊണ്ട് ഒരു ഇമെയില്‍ ലഭിച്ചു. ഇമെയിലില്‍ അവളുടെ ചേതനയറ്റ ശരീരത്തിന്റെ മൂന്നു ചിത്രങ്ങളുണ്ടായിരുന്നു. മുഖത്ത് മുറിവുകള്‍. കറുത്ത ഹിജാബ് ധരിച്ചു കിടന്ന അവളുടെ ശിരസ്സും മാറും മൂടിയിട്ടിരുന്നു.

കായ്‌ലയുടെ മാതാപിതാക്കള്‍ ഓര്‍ക്കുന്നു, അവള്‍ മറ്റുള്ളവരുടെ സഹനങ്ങളോര്‍ത്ത് ഏറെ ദുഖിച്ചിരുന്നുവെന്ന്. അതവളുടെ ഹൃദയം തകര്‍ത്തിരുന്നു. അവരെയോര്‍ത്ത് അവള്‍ കണ്ണീര്‍ വാര്‍ക്കുമായിരുന്നു. മറ്റുള്ളവരുടെ സഹനങ്ങള്‍ സ്വന്തം ഹൃദയത്തിലും ശരീരത്തിലും വഹിച്ച ക്രിസ്തുവിനെ പോലെ!

ചെറുപ്പകാലം തൊട്ടേ കായ്‌ല ഒട്ടേറെ സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മികച്ച വാഗ്മിയായിരുന്നു, അവള്‍. നല്ല നേതൃത്വപാടവം ഉണ്ടായിരുന്ന കായ്‌ല അന്താരാഷ്ട്ര ഗ്രൂപ്പുകളുടെ ഭാഗമായി വാഷിംഗ്ടണ്‍ ഡിസിയിലേക്കു യാത്ര ചെയ്ത് നിരവധി ആളുകളുമായി മുഖാമുഖം കണ്ടുമുട്ടി. അവരുടെ പ്രശ്‌നങ്ങള്‍ ഹൃദയപൂര്‍വം കേട്ടിരുന്നു. പരിസ്ഥിപഠനം ആരംഭിച്ച ശേഷം താന്‍ സ്‌കൂളില്‍ സമയം പാഴാക്കേണ്ടവളല്ലെന്ന് കായ്‌ലയ്ക്കു തോന്നി. എന്നാല്‍ ഒരു ഡിഗ്രി കൂടിയേ കഴിയൂമായിരുന്നതിനാല്‍ പകരം രാഷ്ട്രതന്ത്രം എടുത്തു.

ഡിഗ്രി പൂര്‍ത്തിയാക്കിയതിനു ശേഷം അനാഥായങ്ങളില്‍ സേവനം ചെയ്യുക എന്ന ലക്ഷ്യത്തോടെ 2009 ഡിസംബറില്‍ അവള്‍ ഇന്ത്യയിലേക്ക് തിരിച്ചു. എന്നാല്‍ ചൂടു കാലാവസ്ഥയോട് അനുരൂപപ്പെടാന്‍ കഴിയാതിരുന്നതിനാല്‍ കായ്‌ല വടക്കോട്ട് യാത്ര ചെയ്ത് തിബറ്റന്‍ അഭയാര്‍ത്ഥികളെ ഇംഗ്ലീഷ് പഠിപ്പിച്ചു.

പി്ന്നീട് അവള്‍ ഇസ്രായേല്‍, പാലസ്തീന്‍, ഫ്രാന്‍സ് എന്നവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ആഫ്രിക്കയില്‍ പ്രേഷിതപ്രവര്‍ത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെ അവള്‍ ഫ്രഞ്ചുഭാഷ അഭ്യസിച്ചു.

തന്റെ കൂടെ ജോലി ചെയ്യുന്നവരുടെ സഹനങ്ങള്‍ അവള്‍ പങ്കിട്ടെടുത്തു എന്ന് കായ്‌ലയുടെ പിതാവ് കാള്‍ മുള്ളര്‍ പറയുന്നു. ബര്‍ട്രാന്റ് റസ്സല്‍ പറയുന്നതു പോലെ, ‘സഹിക്കുന്ന മനുഷ്യവംശത്തിനു വേണ്ടി സഹിക്കാനാകാത്ത സഹാനുഭൂതി’ അവള്‍ അനുഭവിച്ചു. ഇന്ത്യയില്‍ വച്ചുണ്ടായ ഒരനുഭവം അവളെ ഉലച്ചു കളഞ്ഞു. ‘എന്നില്‍ പ്രതിബിംബിക്കുന്ന കഷ്ടതയനുഭവിക്കുന്ന മിഴികളില്‍ ഞാന്‍ ദൈവത്തെ കാണുന്നു. ഇപ്രകാരമാണ് ദൈവമേ, നീ നിന്നെത്തന്നെ എനിക്ക് വെളിപ്പെടുത്തുന്നതെങ്കില്‍ ഞാന്‍ എപ്പോഴും നിന്നെ തേടും!’ അവള്‍ പിതാവിനെഴുതി.

‘യാതൊരു വിവേചനവുമില്ലാത്ത മിഴികളോടെ അവള്‍ എല്ലാ മനുഷ്യരുടെയും നേരെ നോക്കിയിരുന്നു. സങ്കുചതത്വം അവള്‍ക്കന്യമായിരുന്നു. എല്ലാവരില്‍ നിന്നും പഠിക്കാനുള്ള കഴിവ് അവള്‍ക്കുണ്ടായിരുന്നു.’ മാര്‍ഷ മുള്ളര്‍ ഓര്‍ക്കുന്നു.

സിറിയയിലേക്ക് യാത്ര ചെയ്യാനുള്ള കായ്‌ലയുടെ തീരുമാനത്തിനു കാരണം അവള്‍ പാലസ്തീനില്‍ നിന്നും വീട്ടിലേക്കു പോകും വഴി കണ്ടു മുട്ടിയ ഒരു സിറിയക്കാരനായിരുന്നു. പക്ഷേ, അയാള്‍ സിറിയയില്‍ സ്ഥിരതാമസക്കാരനല്ലായിരുന്നു. ഒഴിവു ദിവസങ്ങളില്‍ വന്നു പോകുന്നവനായിരുന്നു. ജനങ്ങളോടുള്ള കായ്‌ലയുടെ സ്‌നേഹവും സഹാനുഭൂതിയും ആ മനുഷ്യനെ സ്പര്‍ശിച്ചു. പിന്നീട് സിറിയന്‍ പ്രതിസന്ധി ഉയര്‍ന്ന ഘട്ടത്തില്‍ കായ്‌ലയുടെ പ്രേരണ മൂലം അയാള്‍ തന്റെ ജനത്തിന്റെ പക്കേലേക്കു തിരികെ പോയി, അവരുടെ ഭാഗമായി മാറി. അയാള്‍ സ്ഥിതിഗതികള്‍ അപ്പപ്പോള്‍ കായ്‌ലയെ അറിയിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് കായ്‌ല തുര്‍ക്കി അതിര്‍ത്തിയിലുള്ള സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കിടിയില്‍ പ്രവര്‍ത്തിക്കാനിട വന്നത്. അതിര്‍ത്തിയില്‍ അവള്‍ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെടുകയോ ബന്ധികളാക്കപ്പെടുകയോ ചെയ്ത സ്ത്രീകള്‍ക്കിടയില്‍ സേവനം ചെയ്തു. അവര്‍ക്ക് ധൈര്യവും ജീവിതത്തെ കുറിച്ചുള്ള പ്രത്യാശയും പകര്‍ന്നു.

അന്തസ്സ് എന്ന പേരില്‍ സിറിയന്‍ സ്ത്രീകള്‍ക്കിടയില്‍ കായ്‌ല ഒരു സംഘടന സ്ഥാപിച്ചു. അവിടെ വീടുകളില്‍ നെയ്‌തെടുത്ത കുട്ടിയുടുപ്പുകള്‍ വിറ്റ്‌ അവര്‍ കുടുംബം പുലര്‍ത്തി.

ബന്ധിയാക്കപ്പെടുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ്, 2013 ജൂണില്‍ അവളുടെ അവസാനത്തെ സന്ദര്‍ശന വേളയില്‍, മടങ്ങുന്നതിന്റെ തലേന്ന്‌ മാര്‍ഷ അവളോട് പറഞ്ഞു: ‘നീ ഇത്തവണ പോകണ്ടെന്നാണ് എന്റെ അഭിപ്രായം. ഞങ്ങളുടെ കൂടെ നില്‍ക്കണം.’ സംഭാഷണവിഷയം എങ്ങനെയോ മാറിപ്പോയി. പിറ്റേ ദിവസം കായ്‌ല സ്വന്തം കൈ കൊണ്ടുണ്ടാക്കിയ ഒരു കളിമണ്‍രൂപം അമ്മയ്ക്കു കൈമാറിയിട്ടു പറഞ്ഞു: ‘അമ്മേ, അങ്ങയുടെ കൂടെ എപ്പോഴും എന്റെ കൈകള്‍ ഉണ്ടാകും!”

”കായ്‌ലയുടെ കരങ്ങള്‍’ എന്ന പേരില്‍ മുള്ളര്‍ കുടുംബം ഒരു പ്രസ്ഥാനത്തിനു തുടക്കമിട്ടു. ജനങ്ങളുടെ സേവനത്തിനായി. അതായിരുന്നു, കായ്‌ലയുടെ സ്വപ്നം. അതായിരുന്നു, അവളുടെ ചൈതന്യം. സഹിക്കുന്നവരുടെ കൂടെ കണ്ണീര്‍ വാര്‍ക്കാന്‍, തണലാകാന്‍. അവസാനം രക്തശോഭയാര്‍ന്നൊരു ഓര്‍മയാകാന്‍….

അഭിലാഷ് ഫ്രേസര്‍.

5 Responses to "ക്രിസ്തുവിന്റെ ഹൃദയമുണ്ടായിരുന്ന ഒരുവള്‍!"

 1. മില്‍ട്ടന്‍ അച്ചന്‍   May 2, 2015 at 3:23 am

  മനസ്സും കണ്ണും നിറഞ്ഞു….

 2. prince xavior   May 2, 2015 at 10:53 am

  since 2007 i have been taking JESUS CHRIST to my life very seriously,and as my life,and as his word;without him i can’t do anything(john chap.15:5).but sometime asking myself like others where is GOD.I KNOW(GOD=JESUS=LOVE=DEVOTION=SUFFERING).O MY GOD give us your HOLY SPIRIT to overcome everything in our worldly life. CAYLA MULLER definitely your soul is in heaven.PRAY FOR US

 3. sophy   May 2, 2015 at 11:05 am

  Cayla please pray for this world

 4. Anu Mylapra   May 3, 2015 at 7:43 am

  ദൈവ സന്നിധിയിൽ ഇവരെ പോലെ ഉള്ളവര നിൽക്കുമ്പോൾ എന്റെ അവസ്ഥ ആ ഭാഗത്ത് പോലും നില്ക്കാൻ യോഗ്യത ഉണ്ടാവുകയില്ല

 5. Vimal Vincent   May 4, 2015 at 5:51 am

  Amen! she is living with us.. prayers for his family…

  Just i am thinking about the opportunities we got to help others in the name of God and how much we did for HIM?

You must be logged in to post a comment Login