ക്രിസ്തു എന്റെ നെറ്റിയില്‍ തൊട്ടു- കെ. ബി ഗണേഷ് കുമാര്‍

ക്രിസ്തു എന്റെ നെറ്റിയില്‍ തൊട്ടു-  കെ. ബി ഗണേഷ് കുമാര്‍

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ വച്ചാണ് താന്‍ ക്രിസ്തുവിനെ അറിഞ്ഞതെന്ന് നടനും എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ. ബി ഗണേഷ് കുമാര്‍. അമ്മ ചെറുപ്പത്തില്‍ ക്രിസ്തുവിനെ പരിചയപ്പെടുത്തിതന്നിരുന്നുവെങ്കിലും മുതിര്‍ന്നതിന് ശേഷം വലിയ വലിയ പ്രതിസന്ധികളിലൂടെയും തെറ്റിദ്ധാരണകളിലൂടെയും കടന്നുപോയ വേളയിലാണ് ക്രിസ്തു മാത്രമാണ് ഏക ആശ്വാസദായകന്‍ എന്ന തിരിച്ചറിവു തനിക്ക് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധികളെ തരണം ചെയ്യാന്‍ ക്രിസ്തുവാണ് സഹായിച്ചത്. ഒരു അകത്തോലിക്കാ കണ്‍വന്‍ഷനില്‍ ജീവിതസാക്ഷ്യം നല്കാന്‍ എത്തിയ അദ്ദേഹം ആയിരിക്കണക്കിനോട് ശ്രോതാക്കളോടായിരുന്നു തന്റെ ക്രിസ്തീയ വിശ്വാസം ഏറ്റുപറഞ്ഞത്.

ക്രിസ്തു ദൈവമാണ്. നമ്മോടൊപ്പം ക്രിസ്തു ജീവിക്കുന്നുണ്ട്. ജീവിതത്തെ സംബന്ധിക്കുന്ന എല്ലാ സംശയങ്ങള്‍ക്കും ബൈബിളില്‍ ഉത്തരമുണ്ട്. ദൈവത്തിന്റെ സ്പര്‍ശം ഏല്ക്കാനുള്ള ഭാഗ്യമാണ് സുവിശേഷവായനയിലൂടെ ലഭിക്കുന്നത്.

ക്രിസ്തു എന്റെ നെറ്റിയില്‍ തൊട്ടു. അവിടുന്ന് എന്നെ കൈകളിലെടുത്തു. കാര്യസാധ്യത്തിനായി നേര്‍ച്ചകളോ വഴിപാടുകളോ നടത്തുകയല്ല ദൈവത്തെ അറിയാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അദ്ദേഹം ശ്രോതാക്കളെ ഓര്‍മ്മിപ്പിച്ചു.

പാപം ചെയ്യാത്തവര്‍ ആരുമില്ല. ദൈവത്തിന് മുമ്പില്‍ തെളിയാത്ത പാപങ്ങളൊന്നുമില്ല. ദൈവം എന്റെ തെറ്റുകള്‍ എനിക്ക് ബോധ്യപ്പെടുത്തിത്തന്നു. ദൈവത്തെ ഞാന്‍ സ്തുതിക്കുന്നു. ഇന്നും എന്നുമുള്ള എല്ലാവരുടെയും പാപങ്ങള്‍ക്കുവേണ്ടിയാണ് ക്രിസ്തു ക്രൂശിലേറി മരിച്ചത്. പക്ഷേ അവിടുന്ന് കല്ലറയ്ക്കുള്ളില്‍ അടയ്ക്കപ്പെട്ട ദൈവമല്ല. മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ് ഇന്നും നമുക്കിടയില്‍ ജീവിക്കുന്ന ദൈവമാണ്. ഗണേഷ് കുമാര്‍ പറഞ്ഞു.

തന്റെ ഈ ജീവിതസാക്ഷ്യം ചാനലുകാര്‍ക്ക് കോമഡിയായി മാറ്റാനുള്ള അവസരമായിരിക്കുമെന്ന് തനിക്കറിയാമെന്നും എന്നാല്‍ താന്‍ അത് ഗൗനിക്കുന്നില്ല എന്നും ഗണേഷ് അറിയിച്ചു.

യേശുക്രിസ്തുവിലുള്ള വിശ്വാസത്തെക്കുറിച്ച് ഗണേഷ് കുമാറിന്റെ അമ്മ വത്സല പീപ്പിള്‍സ് ടിവിയ്ക്ക് നല്കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. പരിശുദ്ധ മറിയത്തിന്റെ രൂപത്തിന് മുമ്പില്‍ എല്ലാ ദിവസവും വിളക്കുകൊളുത്തി താന്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നും ഏതു പ്രശ്‌നത്തിനും കുരിശില്‍ പരിഹാരമുണ്ടെന്ന് താന്‍ മനസ്സിലാക്കിയെന്നും ആ അഭിമുഖത്തില്‍ വത്സല പറഞ്ഞിട്ടുണ്ട്.

You must be logged in to post a comment Login