ക്രിസ്ത്യന്‍ മഞ്ച് രൂപീകരിക്കാനൊരുങ്ങി ആര്‍എസ്എസ്

ന്യൂഡല്‍ഹി: മുസ്ലീം മഞ്ച് മാതൃകയില്‍ ക്രൈസ്തവര്‍ക്കായി ക്രിസ്ത്യന്‍ മഞ്ച് രൂപീകരിക്കാന്‍ ആര്‍എസ്എസ് ശ്രമം. കെഎസ് സുദര്‍ശന്‍ സര്‍സംഘചാലക് ആയിരുന്നപ്പോള്‍ തന്നെ ഇതിനായി ശ്രമങ്ങളാരംഭിച്ചിരുന്നു. ഈ ശ്രമങ്ങളാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. കേരളത്തിലെ ആര്‍എസ്എസ് നേതൃത്വവും ഇക്കാര്യത്തില്‍ താത്പര്യം പ്രകടിപ്പിച്ചു. ഇതിനായി രണ്ടു തവണ കേരളത്തിലെ മതമേലധ്യക്ഷന്മാരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
കേരളത്തിലെ ആര്‍എസ്എസ് മുഖപത്രമായ കേസരിയില്‍ ഇതു സംബന്ധിച്ച് ലേഖനവും പ്രത്യക്ഷപ്പെട്ടിരുന്നു.

മതപരമായ ആഘോഷങ്ങളും ദേശീയ ആഘോഷങ്ങളും സംഘടിപ്പിക്കലാണ് ഇത്തരം മഞ്ചുകളുടെ പ്രധാന പരിപാടി. സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്താറില്ല. ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് മഞ്ചുകാര്‍ പറയുന്നത്.

ക്രിസ്ത്യന്‍ മഞ്ച് രൂപീകരിക്കുന്നതിന്റെ ആദ്യശ്രമങ്ങളുടെ ഭാഗമായി വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് കെഎസ് സുദര്‍ശനനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പികെ പരമേശ്വരനും കേരളത്തിലെ ക്രൈസ്തവ മേലദ്ധ്യക്ഷന്‍മാരുമായി ചര്‍ച്ചകള്‍ നടത്താനെത്തിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ മതമേലദ്ധ്യന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചിരുന്നു.

1986 ല്‍ സിഖുകാര്‍ക്കായി രാഷ്ട്രീയ സിഖ് സംഘടനയും 2002 ല്‍ മുസ്ലീങ്ങള്‍ക്കായി മുസ്ലീം മഞ്ചും ആര്‍എസ്എസ് രൂപീകരിച്ചിരുന്നു. ക്രിസ്ത്യാനികളെക്കൂടി തങ്ങളോടു ചേര്‍ത്തു നിര്‍ത്താനുള്ള നീക്കങ്ങളുടെ ഭാഗമായി വേണം ക്രിസ്ത്യന്‍ മഞ്ച് രൂപീകരിക്കാനുള്ള ശ്രമങ്ങളെ കാണാന്‍. സ്ഥാനമേറ്റയുടന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സീറോ മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും സിബിസിഐ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ക്ലിമീസ് കാതോലിക്കാ
ബാവയെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ പാദത്തില്‍ വീണ് അനുഗ്രഹം വാങ്ങിയതും ഇതിനോടു ചേര്‍ത്തു വേണം വായിക്കാന്‍.

You must be logged in to post a comment Login