‘ക്രിസ്ത്യാനികളെ ഐക്യപ്പെടുത്തുന്നത് മാമോദീസ’

വത്തിക്കാന്‍: എല്ലാ ക്രൈസ്തവരും ക്രിസ്തുവില്‍ ഐക്യപ്പെട്ടിരിക്കുന്നത് മാമോദീസായിലൂടെയാണെന്ന് ഫ്രാന്‍സിസ് പാപ്പ. എങ്കിലും പാപം ചെയ്യുമ്പോള്‍ പലപ്പോഴും ഈ ഐക്യം ഇല്ലാതാകുന്നു. വത്തിക്കാനില്‍ പോള്‍ ആറാമന്‍ ഹാളില്‍ നടത്തിയ പൊതു സമ്മേളനത്തിലായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ പരാമര്‍ശം. ക്രിസ്തീയ സഭകളുടെ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്ന പൊന്തിഫിക്കല്‍ കൗണ്‍സിലാണ് പൊതു സമ്മേളനം സംഘടിപ്പിച്ചത്.

ദൈവത്തിന്റെ കരുണാര്‍ദ്രമായ സ്‌നേഹമാണ് നമ്മെ മാമോദീസായിലൂടെ ഒരുമിപ്പിച്ചത്. ഈ കരുണ പ്രസരിപ്പിക്കാന്‍ ഓരോ ക്രിസ്ത്യാനിക്കും കടമയുണ്ട്. ക്രിസ്തീയ വിശ്വാസം ആരംഭിക്കുന്നതു തന്നെ മാമോദീസാത്തൊട്ടിയില്‍ നിന്നാണ്. മാമോദീസാ ഓരോ ക്രിസ്ത്യാനികളെയും ഐക്യപ്പെടുത്തുന്നുവെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നുണ്ടെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

ദൈവത്തിന്റെ കരുണയില്‍ നിന്ന് ആരും ഒഴിവാക്കപ്പെട്ടിട്ടില്ല. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഓര്‍ത്തഡോക്‌സുകാരുമെല്ലാം മാമോദീസായിലൂടെ സവിശേഷമാം വിധം ഐക്യപ്പെട്ടിരിക്കുന്നു. ഈ ഐക്യം നമ്മുടെ ഭിന്നതകളേക്കാള്‍ ശക്തമാണ്. എല്ലാ ക്രൈസ്തവരും തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന കരുണയുടെ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കണം.

യുവജനങ്ങള്‍, രോഗികള്‍, നവദമ്പതികള്‍ എന്നിവരെ ഫ്രാന്‍സിസ് പാപ്പ പ്രത്യേകം അഭിസംബോധന ചെയ്തു. എല്ലാവരും ഏകോദര സഹോദരങ്ങളെപ്പോലെ കഴിയണമെന്നും ഏകകുടുംബത്തിലെ അംഗങ്ങളായിരിക്കണമെന്നും യുജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

You must be logged in to post a comment Login