ക്രൈസ്തവരുടെ ശത്രുക്കളെ ഓടിച്ച മിഖായേല്‍ മാലാഖയും ചൈനയിലെ മാതാവും

മുഖ്യദൂതനായ മിഖായേലിനൊപ്പം പരിശുദ്ധമറിയം ചൈനയിലെ ഡോങ് ലൂ വില്‍ പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മയും നന്ദിയും ചൈനയിലെ കത്തോലിക്കാവിശ്വാസത്തിന്റെ അടിസ്ഥാനശിലകളിലൊന്നായി ഇന്നും പ്രശോഭിക്കുന്നു. ചൈനയുടെ ചരിത്രത്തിലെ ഏററവും സംഘര്‍ഷപൂരിതമായ ഒരു സാഹചര്യത്തിലായിരുന്നു മാതാവിന്റെ പ്രത്യക്ഷീകരണം ബോക്‌സര്‍ വിപ്ലവം നടന്ന 1900ലും 1995 ലും.

പതിനായിരം പട്ടാളക്കാര്‍ ഡോങ് ലൂ ഗ്രാമം ആക്രമിച്ച് ആയിരത്തോളം ക്രൈസ്തവരെ കൊന്നൊടുക്കിയ ദിനങ്ങളിലാണ് ശുഭ്രവസ്ത്രധാരിണിയായി പരിശുദ്ധ മറിയം ആകാശവിതാനങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ആ അത്ഭുതദൃശ്യത്തിന് മുമ്പില്‍ ഭയചകിതരായ പട്ടാളക്കാര്‍ മാതാവിന് നേരെ വെടിയുതിര്‍ത്തു.

പക്ഷേ ഒരു വെടിയുണ്ടയ്ക്കും തകര്‍ക്കാനാവാത്ത വിധത്തില്‍ മാതാവിന്റെ രൂപത്തിന് പ്രകാശം വര്‍ദ്ധിച്ചതേയുള്ളൂ. അവര്‍ വെടിവയ്പ് തുടര്‍ന്നുകൊണ്ടിരിക്കവെ തന്നെ മിഖായേല്‍ മാലാഖയും പ്രത്യക്ഷപ്പെട്ടു. ആകാശത്ത് നിന്ന് അഗ്നിയിറക്കി മാലാഖ പട്ടാളക്കാരെ ചിതറിച്ചുകളഞ്ഞു. പതിനായിരക്കണക്കിന് പട്ടാളക്കാര്‍ ജീവനില്‍ ഭയന്ന് ഗ്രാമത്തില്‍ നിന്ന് ഇറങ്ങിയോടി. പരിശുദ്ധ മറിയമാണ് തങ്ങളെ രക്ഷിച്ചതെന്ന് ഇടവകവികാരി ഫാ. വൂ ജനങ്ങളോട് പറഞ്ഞു. തങ്ങളുടെ രക്ഷിച്ച മാതാവിനോടുള്ള കൃതജഞതാസൂചകമായി ഡോങ് വൂവിലെ തദ്ദേശവാസികള്‍ മാതാവിന്റെ പേരില്‍ ഒരു ദൈവാലയം നിര്‍മ്മിച്ചു.

എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്‍കാരുടെ ബോംബ് വര്‍ഷത്തില്‍ ഈ ദൈവാലയം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. പിന്നീട് 1992 ല്‍ ആണ് ഈ പ്രത്യക്ഷീകരണത്തിന്റെ ഓര്‍മ്മയ്ക്കായി ഒരു ദൈവാലയം നിര്‍മ്മിക്കാന്‍ സാധിച്ചത്. 1995 മെയ് 23 ന് ആയിരുന്നു കൂദാശ ചടങ്ങുകള്‍.

മുപ്പതിനായിത്തോളം വിശ്വാസികളാണ് അതില്‍ പങ്കെടുക്കാനെത്തിയത്. പ്രാരംഭപ്രാര്‍ത്ഥനകള്‍ നടന്നുകൊണ്ടിരിക്കവെയാണ് എല്ലാവരെയും ആശ്ചര്യഭരിതരാക്കിക്കൊണ്ട് ആ അത്ഭുതപ്രതിഭാസം അരങ്ങേറിയത്.

സൂര്യന്‍ വലതുവശത്തുനിന്ന് ഇടതുവശത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വിവിധ വണ്ണങ്ങളിലുള്ള പ്രകാശരശ്മികള്‍ പ്രസരിച്ചുകൊണ്ടിരിക്കുന്നു. ആ വെളിച്ചത്തില്‍ അതാ പരിശുദ്ധ കന്യാമറിയം ഉണ്ണിയേശുവിനെയും കൈയില്‍ പിടിച്ച് ആകാശത്ത് …

ഒരു വാക്ക് പോലും മാതാവ് ഉരിയാടിയില്ല. പക്ഷേ ക്രൈസ്തവവിശ്വാസത്തിന് വിലക്കുകളും പ്രതിസന്ധികളും നേരിട്ടുകൊണ്ടിരുന്ന ചൈനയിലെ കത്തോലിക്കാസമൂഹത്തിന് മാതാവിന്റെ ആ സാന്നിധ്യം വലിയൊരു ആശ്വാസമായിരുന്നു. ഏകദേശം ഇരുപത് മിനിറ്റോളം ആ കാഴ്ച തെളിഞ്ഞുനിന്നു.

മാതാവിന്റെ ഈ പ്രത്യക്ഷപ്പെടലിനെക്കുറിച്ച് അറിഞ്ഞ ചൈനയിലെ ഭരണാധികാരികള്‍ ഭയവിഹ്വലരായി അനേകം വിശ്വാസികള്‍ ആ ദൈവാലയത്തിലേക്ക് തീര്‍ത്ഥാടനവും ആരംഭിച്ചു. അതോടെ അധികാരികള്‍ കൂടുതല്‍ അസ്വസ്ഥരായി. വിലക്കുകള്‍ക്ക് തീര്‍ത്ഥാടനം കുറയ്ക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ അവര്‍ വലിയൊരു ക്രൂരതയാണ് പിന്നെ ചെയ്തത്. ചൈനീസ് പട്ടാളത്തെക്കൊണ്ട് ആ ദൈവാലയം നശിപ്പിച്ചു.

ഔര്‍ ലേഡി ഓഫ് ചൈന എന്നാണ് പരിശുദ്ധ കന്യാമറിയത്തെ ചൈനാക്കാര്‍ വിളിക്കുന്നത്.

You must be logged in to post a comment Login