ക്രൈസ്തവരോടുള്ള പ്രതിനന്ദിയായി ഒരു ജീവിതം

ക്രൈസ്തവരോടുള്ള പ്രതിനന്ദിയായി ഒരു ജീവിതം

Weidenfeld-2-v2പ്രതിസന്ധികളില്‍ സഹായിച്ചവരെ മറക്കരുത് എന്ന ധാര്‍മ്മികതത്വം സ്വജീവിതത്തിലൂടെ തെളിയിക്കുകയാണ് ജോര്‍ജ്ജ് വെയ്‌ഡെന്‍ഫെല്‍ഡ് എന്ന 77 കാരന്‍. ഇറാഖിലും സിറിയയിലും ഐഎസിന്റെ ആക്രമണങ്ങളില്‍പ്പെട്ടുഴലുന്ന ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് അദ്ദേഹം കരുണയുടെയും ആശ്വാസത്തിന്റെയും പര്യായമാണ്. അഭയാര്‍ത്ഥികളായി കഴിയുന്നവര്‍ക്കു വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം ദീര്‍ഘകാലത്തേക്കുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് അദ്ദേഹം. ഓപ്പറേഷന്‍ സെയ്ഫ് ഹെവന്‍ എന്നാണ് ജോര്‍ജ്ജ് വെയ്‌ഡെന്‍ഫെല്‍ഡ് നേതൃത്വം നല്‍കുന്ന പദ്ധതിയുടെ പേര്. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഈ മേഖലയിലെ ക്രിസ്ത്യാനികളെ സുരക്ഷിതരാക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഇനി ഫ്‌ളാഷ് ബാക്കിലേക്ക്… വര്‍ഷം 1938. നാസികളുടെ അധീനതയിലായിരുന്ന ഓസ്ട്രിയയിലായിരുന്നു ജോര്‍ജ്ജ് വെയ്‌ഡെന്‍ഫെല്‍ഡ് താമസിച്ചിരുന്നത്. ജൂതനായതിനാല്‍ ഏതു നിമിഷവും നാസികളാല്‍ കൊല്ലപ്പെടാം എന്ന ഭയം വേട്ടയാടിക്കൊണ്ടിരുന്നപ്പോളാണ് രക്ഷകരായി ഒരു ക്രൈസ്തവ സന്നദ്ധ സംഘടന എത്തുന്നത്. അവര്‍ രക്ഷപെടുത്തിയ ജൂതന്‍മാരില്‍ വെയ്‌ഡെന്‍ഫെല്‍ഡും ഉണ്ടായിരുന്നു. ‘ഒരിക്കലും വീട്ടാനാകാത്ത കടമാണ് എനിക്ക് ക്രൈസ്തവരോടുള്ളത്. ഞാന്‍ എന്തൊക്കെ തന്നെ ചെയ്താലും ആ കടം തീരില്ല. ഇറാഖിലെയും സിറിയയിലെയും ക്രൈസ്തവരെ സുരക്ഷിതരാക്കുക. അതാണ് എന്റെ ലക്ഷ്യം. നാസികളെക്കള്‍ കിരാതമായ ക്രൂരകൃത്യങ്ങളാണ് ഐഎസ് ചെയ്തു കൊണ്ടിരിക്കുന്നത്’, ജോര്‍ജ്ജ് വെയ്‌ഡെന്‍ഫെല്‍ഡ് പറയുന്നു. ക്രിസ്ത്യാനികളെയും ജൂതരെയും മാത്രം പരിഗണിക്കുകയും ഐഎസിന്റെ ആക്രമണത്തിനിരകളാകുന്ന മുസ്ലീങ്ങളെ സഹായിക്കാതിരിക്കുകയും ചെയ്യുന്നു എന്ന വിമര്‍ശനം നേരിടുന്നുണ്ടെങ്കിലും ആ വിമര്‍ശനത്തെ അദ്ദേഹം കാര്യമായെടുക്കുന്നില്ല. ‘ലോകത്തെ മുഴുവന്‍ രക്ഷിക്കാന്‍ എനിക്കാവില്ല. എന്റെ മനസാക്ഷി പറയുന്നതു പോലെ ഞാന്‍ ചെയ്യുന്നു’, വെയ്‌ഡെന്‍ഫെല്‍ഡ് കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login