ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ ആഘോഷത്തിന് തുടക്കമായി

ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ ആഘോഷത്തിന് തുടക്കമായി

കൊടുങ്ങല്ലൂര്‍:  ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ ആഘോഷത്തിന് തുടക്കമായി. സമുദായത്തിന്റെ പ്രേഷിതചൈതന്യവും സാമൂഹ്യ പ്രതിബദ്ധതയും തുടരണമെന്ന് ആഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു.

എഡി 345-ല്‍ പ്രേഷിത ദൗത്യവുമായി കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ ക്‌നാനായ സമുദായാംഗങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെല്ലാം പ്രേഷിതദൗത്യവും സാമൂഹിക പ്രവര്‍ത്തനവും തുടരുകയാണ്. കാരുണ്യവര്‍ഷത്തോടനുബന്ധിച്ച് കോട്ടയം അതിരൂപത നടപ്പിലാക്കുന്ന വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ക്‌നാനായ സമുദായത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ നേര്‍ക്കാഴ്ചകളാണ്. അദ്ദേഹം പറഞ്ഞു.

ക്‌നാനായ കുടിയേറ്റം കൊടുങ്ങല്ലൂരിന്റെ വളര്‍ച്ചയിലും സുറിയാനി സഭയുടെ ആരാധനക്രമ വളര്‍ച്ചയിലും നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ.ജോസഫ് കാരിക്കശേരില്‍ പറഞ്ഞു.

കെസിസി പ്രസിഡന്റ് പ്രഫ.ജോയി മുപ്രാപ്പള്ളി അധ്യക്ഷത വഹിച്ചു.

കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വികാരി ഫാ.ജോര്‍ജ് പാടശേരി, കെസിസി ഭാരവാഹികളായ സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എംഎല്‍എ, തോമസ് പീടികയില്‍, ബിനോയി ഇടയാടിയില്‍, ജോണ്‍ തോട്ടുങ്കല്‍, സൈമണ്‍ കല്ലൂര്‍, കെസിവൈഎല്‍ ഭാരവാഹികളായ മെല്‍ബിന്‍ പുളിയംതൊട്ടിയില്‍, ബിബീഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കോട്ടപ്പുറം കപ്പേളയില്‍ കൃതജ്ഞതാബലിയര്‍പ്പിച്ച് അനുസ്മരണ പ്രാര്‍ഥനകള്‍ നടത്തി. ക്‌നായി തോമായുടെ പ്രതിമ കൊടുങ്ങല്ലൂരിലെ ഇ.ജെ. ലൂക്കോസ് നഗറില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത അനാച്ഛാദനം ചെയ്തു.

You must be logged in to post a comment Login