ഖുംറാൻ ഗുഹകളിൽ കേരളത്തിലെ ക്രൈസ്തവരുടെ വേരുകൾ

ഖുംറാൻ സമതലത്തിലെ പ്രാചീനമായൊരു ഗുഹയിലാണ് ഞാൻ. പുറത്തേക്കു നോക്കിയാൽ ചാവുകടലിന്റെ പരപ്പാർന്ന നിശ്ചലത മാത്രം.

ജോർദാന്റെ പടിഞ്ഞാറേകരയിൽ ഈ അതിപ്രധാന ചരിത്ര സ്മാരകത്തിൽ നിൽക്കുമ്പോൾ തലേന്ന് ഒരു യഹൂദ റബ്ബി പറഞ്ഞ സൂചനകളായിരുന്നു മനം നിറയെ; കേരളത്തിൽ നിന്നുള്ള ഒരു ‘നസ്രാണി’യാണ് എന്നു സ്വയം പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: ‘യഹൂദ െ്രെകസ്തവരുടെ പിന്തുടർച്ചക്കാരാണ് നിങ്ങൾ. എന്റേയും നിന്റേയും ഡിഎൻഎ സമാനമായിരിക്കും!’

ആദ്യം തോന്നിയത് അതൊരു അതിശയോക്തി എന്നാണ്. ജറൂസലെമിന്റെ ഉത്തുംഗമായ മതിലിന്റെ നിഴലിൽ നിന്ന് അദ്ദേഹം പിന്നീടു പറഞ്ഞതത്രയും തങ്ങളുടെ മതത്തിന്റെ തകർച്ചയെകുറിച്ചായിരുന്നു: ‘ബാബിലോൺകാർ അതിക്രൂരർ ആയതുകൊണ്ടല്ല ഞങ്ങൾ അവരുടെ അടിമകൾ ആയിത്തീർന്നത്; മറിച്ച്, ഞങ്ങളുടെ ജനത്തിന്റെ പാപങ്ങൾ മൂലമാണ്. റോമൻ സൈന്യം ജെറൂസലേം ദേവാലയം തച്ചുതകർത്തതും അവർ നികൃഷ്ടരായതുകൊണ്ടല്ല; ഞങ്ങളുടെ പാപഫലം മാത്രം’.

ഇത്തരത്തിൽ നൊന്തുകരയുന്ന ഒരാൾ തമാശ പറയാനുള്ള സാധ്യത വിരളം!
ഖുംറാൻ ഗുഹകളിൽ നിന്ന് അദൃശ്യമായൊരു വഴി തുറക്കപ്പെടുകയാണ് നമ്മുടെ പാരമ്പര്യങ്ങളിലേക്കും വേരുകളിലേക്കും.
ഈ ഗുഹകളിൽ നിന്നാണ് ആധുനിക കാലഘട്ടത്തിലെ ഏറ്റവും പ്രധാനമായ ബൈബിൾ ലിഖിതങ്ങൾ കണ്ടെടുക്കപ്പെട്ടത്; ‘ഖുംറാൻ തുകൽ ചുരുളുകൾ’ അഥവാ ‘ചാവുകടൽ ചുരുളുകൾ’. 1946 മുതൽ 1956 വരെയുള്ള പത്തുവർഷങ്ങൾക്കുള്ളിലാണ് ക്രിസ്തുവിന്റെ കാലഘട്ടത്തിലെ ഈ തുകൽ ചുരുളുകൾ ഗവേഷകർ കണ്ടെടുത്തത്.

‘യസീനികൾ’ എന്ന് വിളിക്കപ്പെടുന്ന തീഷ്ണമതികളായ യഹൂദരുടെ കൂട്ടായ്മ ഇവിടെ വസിച്ചിരുന്നു. അവർ പകർത്തിഎഴുതിയ പഴയനിയമ പതിപ്പുകളും വിശകലനങ്ങളുമാണ് ചാവുകടൽ ചുരുളുകൾ. ബാഹ്യസമൂഹത്തിൽ നിന്ന് അകന്നു ജീവിക്കുന്നവരുടെ കൂട്ടമായിരുന്നു അവർ. നിയമനിഷ്ഠമായ കർശനമായൊരു ജീവിതരീതി ആയിരുന്നു അത്. സ്വകാര്യസ്വത്ത് നിഷിദ്ധം. മത്സ്യമാംസാദികൾ വർജ്യം. ഏറെപ്പേരും ബ്രഹ്മചര്യം പാലിക്കുന്നവർ. യഹൂദരിൽ ഫരിസേയർ, സദുക്കായർ എന്നിവരെപ്പോലെ തന്നെ പ്രബലമായ ഒരു വിഭാഗം. പക്ഷേ, ജീവിതവിശുദ്ധിയിൽ അവർ സന്യസ്തർക്കു തുല്യർ.

മാതാപിതാക്കൾ നഷ്ടപ്പെടുന്ന യഹൂദ ആൺകുട്ടികളെ എടുത്തുവളർത്തി സംരക്ഷിക്കുമായിരുന്നു അവർ. പഠനവും പരിശീലനവും ഖുംറാൻ മലഞ്ചെരുവിലെ ഗുഹകളിൽ!
‘മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം’ ഇവിടെനിന്നാണ് മുഴങ്ങിതുടങ്ങിയതെന്ന് പറയുന്നു ആധുനിക ഗവേഷകർ. സ്‌നാപക യോഹന്നാനെ പരിശീലിപ്പിച്ചത് ‘യസീനി’കൾ ആയിരുന്നെന്നു പണ്ഡിത മതം. ക്രിസ്തു ദൈവപുത്രൻ ആണെന്ന് ആദ്യം തിരിച്ചരിഞ്ഞവവരും അവർ ആയിരുന്നിരിക്കണം.

ചാവുകടൽ ചുരുളുകളിലെ ഒരു പുസ്തകത്തിന്റെ പേരുതന്നെ ‘ദൈവപുത്രൻ ചുരുൾ'(Son of God Scroll) എന്ന്; ഖുംറാനിലെ നാലാം നമ്പർ ഗുഹയിൽ നിന്നാണ് ഇത് ലഭിച്ചത്. കാർമൽ മലയിൽ ആയിരുന്നു അവരുടെ മറ്റൊരു താവളം.

ഈശോ പെസഹഭക്ഷിക്കുകയും പന്തക്കുസ്ത നാളിൽ പരിശുദ്ധാന്മാവ് ഇറങ്ങിവരികയും ചെയ്ത സെഹിയോൻ മാളികമുറി അടങ്ങുന്ന ജെരൂസലെമിലെ കെട്ടിടസമുച്ചയവും യസീനികളുടെ സങ്കേതം ആയിരുന്നു. പ്രധാനപുരോഹിതനായിരുന്ന കയ്യാഫാസിന്റെ അരമനയിൽ നിന്ന് വിളിപ്പാട് അകലെ മാത്രമായിരുന്നു ഈ കെട്ടിടം! യഹൂദരെ ഭയന്ന് മാതാവും ശിഷ്യന്മാരും ഒളിച്ചിരുന്ന ഇടമായിരുന്നു ഇതെന്നും ഓര്ക്കണം! ആദിമെ്രെകസ്തവ സമൂഹത്തിലെ പല പ്രമുഖരും യസീനികൾ ആയിരുന്നുവെന്നു പറയുന്നു ഗവേഷകർ.

ജെറൂസലേം ദേവാലയം തകർക്കപ്പെട്ടതോടെ ഇവരും പലായനം ചെയ്തുതുടങ്ങി. ചാവുകടൽ തീരത്തെ പരിശീലനകേന്ദ്രവും തകർക്കപ്പെട്ടു. പലായനം ചെയ്യും മുമ്പ് അവർ തങ്ങൾ എഴുതിയ ചുരുളുകൾ കളിമൺ ഭരണികളിൽ അടച്ച് ഗുഹകളിൽ ഒളിപ്പിച്ചു. രണ്ടായിരത്തോളം വർഷങ്ങൾക്കുശേഷം പിൻതലമുറകൾക്ക് പഠിക്കാൻ കാലത്തിന്റെ ഒരു ശേഷിപ്പ്!
ജെറുസലേം ദേവാലയത്തിലെ മൃഗബലികളിൽ അസ്വസ്ഥരായിരുന്നു ഇവർ. ‘നസ്രീനുകൾ’ അഥവാ ‘നസ്രായർ’ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. യസീനികളുടെ ശേഷിക്കുന്ന ഒരു കൂട്ടായ്മയാണ് കാർമൽ മലയിലെ നസ്രീൻ സമൂഹം. ഇവരെപ്പറ്റി കൂടുതൽ വിവരങ്ങൾ http://www.essene.com/ എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

ചിതറിക്കപ്പെട്ട യഹൂദർക്ക് സുരക്ഷിതമായൊരു താവളം ആയിരുന്നു സമുദ്രമാർഗം വെറും നാൽപ്പതു ദിവസങ്ങളുടെ യാത്രാദൂരമുള്ള കൊടുങ്ങല്ലൂർ. വില്യം ലോഗന്റെ ‘മലബാർ മാനുവൽ’ ഇക്കാര്യം ഉറപ്പുപറയുന്നു. പടിഞ്ഞാറൻ കാറ്റിന് അനുകൂലമായി പായ്ക്കപ്പൽ സഞ്ചരിച്ചുകൊള്ളും; യാത്ര സുഗമം.

കേരളെ്രെകസ്തവർ യസീനികളുടെ പിന്തുടർച്ചക്കാർ ആണെന്ന് തെളിയിക്കാൻ ഇനിയുമുണ്ട് അടയാളങ്ങൾ. ‘ഈശോ’ എന്ന പേര് അതേപടി ഉപയോഗിക്കുന്ന മറ്റൊരു െ്രെകസ്തവ സമൂഹം നമ്മളല്ലാതെ മറ്റാരുമില്ല! യസീനികൾ ഉപയോഗിച്ചിരുന്ന ഗ്രീക്ക് മൂലത്തിൽ ‘ഈശോ’ എന്നത് സാധാരണം.

യസീനി പാരമ്പര്യം അനുസരിച്ച് പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കി പെസഹ ആചരിക്കുന്ന ഏക െ്രെകസ്തവ കൂട്ടായ്മയും കേരളത്തിലേതു മാത്രം. INRI എന്നാണല്ലോ ഈ പെസഹാ അപ്പത്തിന്റെ പേര്! Ie-sus Nazarenus, Rex Iudaeorum എന്നതിന്റെ ചുരുക്കരൂപം ആണിത്. ലത്തീൻ ആണ് ഇത്.

ഡോ: മിനി കരിയപ്പ സുറിയാനി െ്രെകസ്തവരുടെ ഡിഎൻഎയും യഹൂദരുടെ ഡിഎൻഎയും തമ്മിലുള്ള അസാധാരണമായ സാമ്യം കണ്ടെത്തിയിട്ട് ഏറെനാൾ ആയിട്ടില്ല.
യസീനികളെകുറിച്ചുള്ള വിക്കിപീഡിയ ലേഖനം ഇങ്ങനെ പറയുന്നു: “The Saint Thomas Christians (“Nsarani”) of southwestern India may have connections with the Essenes, according to the Manimekalai, one of the great Tamil epic poems, which refers to a people called “I-ssan-i”. The high presence of Cohen DNA amongst today’s Nazareans make further support to the full or part Essene origin of the Malabar Nazareans. The Essenes were often of Levite or Cohen heritage and this may further explain the frequent ‘priestly heritage’ claims of several Nazerean families of India.”

ജെരൂസലെമിലെ ആ രാത്രി വീണ്ടും ഓർമ്മിക്കുന്നു ഞാൻ. എന്റെ ജനിതകമൂലം തന്നെ നിന്റേതും എന്നുപറഞ്ഞ ജ്ഞാനവൃദ്ധനായ സുഹൃത്തേ അങ്ങേയ്ക്ക് നമോവാകം.

Written by ശാന്തിമോൻ ജേക്കബ്.

You must be logged in to post a comment Login