ഗര്‍ഭനിരോധനത്തെ കുറിച്ച് പാപ്പാ ശരിക്കും എന്താണ് പറഞ്ഞത്?

സംഭവം തുടങ്ങുന്നത് മെക്‌സിക്കന്‍ യാത്ര കഴിഞ്ഞ് ഫ്രാന്‍സിസ് പാപ്പാ മടങ്ങിയ വിമാനത്തില്‍ വച്ചാണ്. സിക്കാ വൈറസ് പകരുന്നത് തടയാന്‍ ഗര്‍ഭനിരോധമാര്‍ഗം  ഉപയോഗിക്കാമോ എന്ന ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് പാപ്പാ നല്‍കിയ മറുപടി രണ്ട് തിന്മകള്‍ക്കിടയില്‍ തെരഞ്ഞെടുപ്പു നടത്തേണ്ടി വരുമ്പോള്‍ ഗൗരവം കുറഞ്ഞത് തെരഞ്ഞെടുക്കുക എന്നാണ്.

അമ്മയില്‍ നിന്നോ അപ്പനില്‍ നിന്നോ പിറക്കാന്‍ പോകുന്ന കുഞ്ഞിലേക്ക് സിക്കാ രോഗം പകരുന്നത് തടയാന്‍ ഗര്‍ഭനിരോധമാര്‍ഗം ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നാണ് പാപ്പായുടെ വാക്കുകള്‍ ലോകം വായിച്ചെടുത്തത്. അതു മാത്രമല്ല, ആ സന്ദര്‍ഭത്തില്‍ പാപ്പാ 1961 നടന്ന പോള്‍ ആറാമന്‍ മാര്‍പാപ്പയുമായി ബന്ധപ്പെട്ട ഒരു കാര്യം പരാമര്‍ശിക്കുകയും ചെയ്തു.

കോംഗോയില്‍ ഭീകരമായ യുദ്ധം നടക്കുന്ന കാലഘട്ടം. അവിടെയുണ്ടായിരുന്ന കന്യസ്ത്രീകളുടെ സുരക്ഷ ഭീഷണിയിലാവുകയും അവര്‍ ഏതു നിമിഷവും മാനഭംഗപ്പെടാം എന്ന അവസ്ഥ വരികയും ചെയ്തു. ഈ അടിയന്തിര സാഹചര്യത്തില്‍ കന്യാസ്ത്രീകള്‍ ഗര്‍ഭധാരണം തടയാന്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാമോ എന്ന വിഷയം ദൈവശാസ്ത്രജ്ഞാന്മാര്‍ക്കിടയില്‍ ചര്‍ച്ചയ്ക്കു വന്നു.

പിയെട്രോ പലാസ്സിനി, ഫ്രാന്‍സെസ്‌കോ ഹൂര്‍ത്ത്, ഫെര്‍ഡിനാന്‍ഡോ ലാംബ്രുസിനി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. മൂവരും ചേര്‍ന്ന് 1961 ല്‍ സ്റ്റുഡി കാത്തോലിസി എന്ന ഓപ്പുസ് ദേയി മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അത്തരം അടിയന്തരാവസ്ഥകളില്‍ ഐകകണ്‌ഠ്യേന ഗര്‍ഭനിരോധനത്തെ അനുകൂലിക്കുകയാണ് ചെയ്തത്. പോള്‍ ആറാമന്‍ പാപ്പാ 1963 ല്‍ പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഹുമാനേ വീത്തേ എന്ന ചാക്രിക ലേഖനത്തില്‍ ഭ്രൂണഹത്യയെയും ഗര്‍ഭനിരോധന മാര്‍ഗങ്ങളെയും ശക്തമായി എതിര്‍ത്തുവെങ്കിലും 1961 ലെ ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ഒരാളായ പിയെത്രോ പലാസിനിയെ കര്‍ദിനാളായി ഉയര്‍ത്തി. ഈ നടപടി മൂലം പാപ്പാ പലാസിനിയുടെ നിലപാടിനെ അംഗീകരിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടു. മാത്രമല്ല, 1961 ലെ നിലപാടിനെ വത്തിക്കാന്‍ ഒരിക്കലും നിഷേധിച്ചിട്ടുമില്ല.

അടിയന്തിര സാഹചര്യങ്ങളിലെ ഗര്‍ഭനിരോധന മാര്‍ഗങ്ങളെ പോള്‍ ആറാമന്‍ പാപ്പാ അനുകൂലിച്ചിരുന്നു എന്നൊരു ശ്രുതിയും ഇറ്റലിയിലെ നഗരവാസികള്‍ക്കിടയില്‍ കാലാകാലങ്ങളായി നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ‘സിക്കാ വൈറസ് – ഗര്‍ഭ നിരോധന’ പരാമര്‍ശം വീണ്ടും ലോകശ്രദ്ധ നേടിയതും ചൂടേറിയ ധാര്‍മിക ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചതും.

എന്തൊക്കെയായാലും പ്രോലൈഫ് വാദികള്‍ക്കിടയില്‍ പാപ്പായുടെ പരാമര്‍ശം അസ്വസ്ഥത ജനിപ്പിക്കുകയും പാപ്പായുടെ വിശദീകരണം അവര്‍ ആവശ്യപ്പെടുകയും ചെയ്തു. പാപ്പായുടെ വാക്കുകള്‍ ദുരുപയോഗം ചെയ്ത് വത്തിക്കാന്‍ ഗര്‍ഭനിരോധനത്തെ അംഗീകരിക്കുന്നു എന്ന് കത്തോലിക്കാ സഭയുടെ ധാര്‍മിക നിലപാടുകളെ എതിര്‍ക്കുന്നവര്‍ പ്രചരിപ്പിച്ചു തുടങ്ങും എന്നതാണ് അവരെ അലട്ടുന്ന പ്രശ്‌നം.

 

ഫ്രേസര്‍

You must be logged in to post a comment Login