‘ഗാഗുല്‍ത്തായില്‍’ പാടി വന്ന ഗാഗുല്‍ ഗായകന്‍

 

വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളം ജില്ലയിലെ മരട് എന്ന ഗ്രാമപ്രദേശത്തുള്ള തന്റെ കൊച്ചുവീട്ടില്‍ കുരിശുവരയ്ക്കാനിരിയ്ക്കുമ്പോള്‍ ഗാഗുല്‍ ആശ്ചര്യഭാവത്തില്‍ തന്റെ അമ്മച്ചിയെയും ചേച്ചിമാരെയും നോക്കിയിരിക്കും. മനോഹരമായ ഈണത്തിലുള്ള അവരുടെ പാട്ടുകള്‍ ഗാഗുല്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അവരുടെ ചുണ്ടനക്കങ്ങളില്‍ നിന്നാണ് പാട്ടിന്റെ താളം ആ ബാലന്‍ ആദ്യം തിരിച്ചറിഞ്ഞ് തുടങ്ങിയത്. പുലര്‍ച്ചേ ചേച്ചിമാര്‍ക്കൊപ്പം ഇടവകദേവാലയത്തിലേക്ക്. ഓടിച്ചെന്ന് ഗാഗുല്‍ സ്ഥാനം പിടിക്കും ഗാഗയകസംഘത്തിന്റെ തൊട്ടുപിന്നില്‍. പാട്ടിന്റെ ഈണവും താളവും വരികളുമെല്ലാം ശ്രദ്ധിച്ചങ്ങനെ ഒരു നില്‍പ്പ്. ഉള്ളില്‍ ഒരുപാട്ടെങ്കിലും അവര്‍ക്കൊപ്പം നിന്നു പാടാനുള്ള കൊതി….

ഗാഗുല്‍ പാടി ഒന്നല്ല ആയിരത്തിലധികം പാട്ടുകള്‍. ഒരുകൊച്ച് ഇടവകയില്‍ പാടണമെന്നാഗ്രഹിച്ച ഗാഗുലിന്റെ പാട്ടുകള്‍ കേള്‍ക്കുന്നത് ആ ഇടവക മാത്രമല്ല ലക്ഷക്കണക്കിന് മലയാളികളും. ഇന്ന് മലയാളികള്‍ നെഞ്ചിലേറ്റിയ ആയിരക്കണക്കിന് ഭക്തിഗാനങ്ങള്‍ കേരളം കേട്ടത് ഗാഗുലിന്റെ സ്വരത്തില്‍.

മരട് എന്ന ഗ്രാമത്തിലെ ഒരു സാധരണകര്‍ഷക കുടുംബത്തിലായിരുന്നു ഗാഗുല്‍ ജോസഫ് എന്ന ഗായകന്റെ ജനനം. ചെറുപ്പം മുതല്‍ക്കെ സംഗീതത്തോട് പ്രത്യേക താല്‍പര്യം. വീടിനടുത്തുതന്നെയുള്ള സെന്റ് മേരീസ് യുപി സ്‌കൂളിലായിരുന്നു പ്രാരംഭവിദ്യാഭ്യാസം. പാട്ടുകള്‍ പാടിതുടങ്ങിയതും സ്‌കൂളില്‍വച്ച് തന്നെ. പിന്നീട് മാങ്കയിലുള്ള ഗവണ്‍മെന്റ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വീട്ടുകാരും അധ്യാപകരും ഉപദേശിച്ചിരുന്ന കാലഘട്ടം.

പത്ത് പാസായപ്പോള്‍ ഗാഗുലിന് തുടര്‍പഠനം ഉപേക്ഷിക്കേണ്ടിവന്നു. കടുത്തസാമ്പത്തിക പ്രതിസന്ധിയിലൂടെ കുടുംബം കടന്നുപോയ അക്കാലഘട്ടത്തില്‍ ജോലിയിലേക്ക് പ്രവേശിക്കേണ്ടതായുംവന്നു. ആശാരിപ്പണിയിലൂടെ തനിക്ക് കിട്ടുന്ന ചെറിയ വരുമാനം ആ യുവാവ് കടുംബത്തിന് നല്‍കിത്തുടങ്ങി. ഉള്ളിലുണ്ടായിരുന്ന സംഗീതത്തെ മൂന്നുവര്‍ഷത്തേക്ക് ഉറക്കികിടത്തേണ്ടിവന്നു ഗാഗുലിന്. പിന്നീട് തനിക്ക് സര്‍വ്വശക്തന്‍ കനിഞ്ഞുനല്‍കിയ കഴിവ് പാകപ്പെടുത്തിയെടുക്കാന്‍ സിഎസിയില്‍സംഗീതപഠനം. ആഴചയിലെ ആറുദിവസങ്ങളില്‍ കഠിനമായ ജോലി. ഒരുദിവസം അല്‍പം സങ്കീതപഠനവും. ഇടയ്‌ക്കൊക്കെ ചില ഗാനമേളകളിലും പോയിത്തുടങ്ങി അക്കാലത്ത്.

അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പരസ്യം കണ്ടു. അക്കാലത്തിറങ്ങിയ ‘അഞ്ജനം’ എന്ന ഒരു ആല്‍ബം കാസറ്റിലെ ഏതെങ്കിലും ഒരു പാട്ട് പാടി അയയ്ക്കുക. ഏറ്റവും നന്നായി പാടുന്ന ആള്‍ക്ക് സമ്മാനം ഒപ്പം അടുത്ത കാസറ്റില്‍ പാടാനുള്ള അവസരവും. ഒരുതരത്തില്‍ പറഞ്ഞാല്‍ അക്കാലഘട്ടത്തിലെ ഒരുതരം റിയാലിറ്റി ഷോ. മത്സരത്തില്‍ വിജയിച്ച ഗാഗുല്‍ ജോസഫ് അങ്ങനെ ആദ്യമായി ഒരു കാസറ്റില്‍ പാടി. ‘ഗാഗുല്‍ത്തായില്‍ നിന്റെയുള്ളില്‍’ എന്നു തുടങ്ങുന്ന അതിമനോഹരഗാനം….

ഗാഗുലിന്റെ ആദ്യറെക്കോഡിംഗിലുമുണ്ട് ഏറെ കൗതുകം. തൃശ്ശൂരില്‍വച്ചായിരുന്നു റെക്കോഡിംഗ്. സിഎസിയിലെ ഒരു ചെറിയ റെക്കോഡിംഗ് സ്റ്റുഡിയോ മാത്രമായിരുന്നു ഗാഗുലിനുണ്ടായിരുന്ന മുന്‍പരിചയം. തൃശ്ശൂര്‍ സ്റ്റുഡിയോയില്‍ തനിച്ച് കയറിചെന്ന ഗാഗുല്‍ ഒന്നമ്പരുന്നു. പരിചിതമായ ഒരു മുഖം പോലും അവിടില്ല. ആകെപ്പാടെ ടെന്‍ഷന്‍. പാട്ടിന്റെ ഒരു വരി പോലും ഓര്‍മ്മയില്ല. കണ്ണിനുമുന്നില്‍ ഇരുട്ട് നിറയുന്നതുപോലെ തോന്നി. അവസാനം റെക്കോഡിംഗിനുള്ള സമയമടുത്തു. ഗാഗുല്‍ പാടിത്തുടങ്ങി..വിറയാര്‍ന്ന ശബ്ദം. പതറുന്ന അക്ഷരങ്ങള്‍…ഒന്നും ശരിയാവാത്ത അവസ്ഥ വീണ്ടും വീണ്ടും പാടിപ്പിച്ചു. ഒന്നും രണ്ടും തവണയല്ല നാലുതവണ. എന്നിട്ടും ഗാഗുലിന്റെ ഭയം മാറിയില്ല. ചുറ്റുംകൂടി നിന്നവര്‍ സ്‌നേഹപൂര്‍വ്വം പറഞ്ഞു, ‘ടെന്‍ഷന്‍ ഒന്നും വേണ്ട.. തനിക്കു പാടാന്‍ പറ്റും..’. അവരുടെ സപ്പോര്‍ട്ടോടുകൂടി ഗാഗുല്‍ അഞ്ചാംതവണ പാടി, അതിമനോഹരമായി.

അതുവരെ അധികമാരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു ഗാഗുലിന്റേത്. അന്ന് റെക്കോഡിംഗിന് എത്തിയവര്‍ നല്‍കിയ പ്രചോദനവും പ്രോത്സാഹനവും ഇന്നും ഗാഗുലിന്റെ വാക്കുകളില്‍ പ്രകടം.

പിന്നീട് ഗാഗുലിന്റെ ജീവിതത്തില്‍ റെക്കോഡിംഗുകളുടെ വേലിയേറ്റമായിരുന്നു ആയിരത്തിലധികം കാസറ്റുകളില്‍ പാടി. ‘മരിയന്‍’ എന്ന സംഗീതാല്‍ബത്തിലെ ‘എളിമ എന്ന പരമപുണ്യം തരണമെന്നമ്മേ’, ‘സ്‌നേഹസൂനം’ ആല്‍ബത്തിലെ ‘ആത്മാവിലൊരു പള്ളിയുണ്ട്’, ‘ദീപങ്ങള്‍ അനുയാത്രികരായി’… തുടങ്ങി നിരവധി ഗാനങ്ങള്‍ ഗാഗുലിനെ ക്രിസ്തീയ ഭക്തിഗാനരംഗത്ത് പ്രിയങ്കരനാക്കി. മദര്‍ ഏലീശ്വായ്ക്കുള്ള പ്രകീര്‍ത്തനമായി അടുത്തമാസം പ്രകാശനം ചെയ്യാന്‍ പോകുന്ന ഭക്തിഗാന ആല്‍ബത്തിലുമുണ്ട് ഗാഗുലിന്റെ മൂന്നുപാട്ടുകള്‍.

ഓരോ പാട്ടും ഗാഗുലിന് പ്രാര്‍ത്ഥനയാണ്. അതുകൊണ്ട് തന്നെയാണ് ക്രിസ്തീയഭക്തിഗാനരംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും.

‘മാറാത്ത നാട്’ എന്ന മലയാളസിനിമയിലും ഗാഗുല്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ഒട്ടനവധി ചിത്രങ്ങളില്‍ കോറസും. പാട്ടിനെ ഏറെ സ്‌നേഹിക്കുന്ന ഒരു പെണ്‍കുട്ടിയുമായി നടക്കാനിരിക്കുന്ന തന്റെ വിവാഹത്തിന്റെ സന്തോഷത്തിലാണ് എളിമയും പ്രാര്‍ഥനയും നിറഞ്ഞ ആ ജീവിതമിപ്പോള്‍.

ലെമി തോമസ്‌

You must be logged in to post a comment Login