ഗാനങ്ങളുടെ ആകാശത്ത് രണ്ടു നക്ഷത്രങ്ങള്‍!

ഗാനങ്ങളുടെ ആകാശത്ത് രണ്ടു നക്ഷത്രങ്ങള്‍!

ഫാദര്‍ തദേവൂസ് അരവിന്ദത്തും ഫാദര്‍ ഷാജി തുമ്പേച്ചിറയിലും പരസ്പരം ഹൃദയം തുറന്നപ്പോള്‍…

മലയാളിക്ക് മറക്കാനാകില്ല, ഈ രണ്ടു പേരെ. ഫാദര്‍ തദേവൂസ് അരവിന്ദത്തും ഫാദര്‍ ഷാജി തുമ്പേച്ചറിയിലും. ക്രിസ്തീയ ഭക്തിഗാനശാഖയില്‍ അതുല്യമായ വ്യക്തിമുദ്ര പതിപ്പിച്ച രണ്ടു മഹദ് വ്യക്തിത്വങ്ങള്‍. എണ്‍പതുകളുടെ രണ്ടാം പകുതിയും തൊണ്ണൂറുകളുമെല്ലാം കേരളം മുഴവന്‍ ഏറ്റുപാടിയിരുന്ന അനശ്വര ഗാനങ്ങളുടെ സ്രഷ്ടാവ് ഫാ. തദേവൂസ് അരവിന്ദത്ത്.

ദൈവാരൂപിയേ സ്‌നേഹജ്വാലയായ്, അതിരുകളിലാത്ത സ്‌നേഹം, കുഞ്ഞുമനസ്സിന്‍ നൊമ്പരങ്ങള്‍, മൃദുവായ് നീ തൊടുകില്‍, യേശുവേ നീയെനിക്കായ്, ക്ഷമാശീലനാമെന്നേശുവേ…. ആര്‍ക്കു മറക്കാനാകും ഈ ഗാനങ്ങള്‍? അഭയം, അഞ്ജനം തുടങ്ങി ഒട്ടനവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെ സ്രഷ്ടാവായ അരവിന്ദത്തച്ചന്‍ മറ്റൊരു മികച്ച ഗാനരചയിതാവായ ഫാ. ഷാജി തുമ്പേച്ചറയിലിനെ കണ്ടുമുട്ടുന്നു.

അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല, എന്നമ്മയെ ഓര്‍ക്കുമ്പോള്‍, അമ്മേ അമ്മേ തായേ… തുടങ്ങിയ ഒട്ടേറെ മികച്ച് ഗാനങ്ങളുടെ സ്രഷ്ടാവാണ് ഫാ. ഷാജി. ഗാനങ്ങളുടെ ആകാശത്ത് ആ കൂടിക്കാഴ്ചയും അവര്‍ പങ്കിട്ട അനുഭവങ്ങളും ക്രിസ്തീയ ഭക്തിഗാനങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് അപൂര്‍വ അനുഭവമാണ്. ഷാജിയച്ചനാണ് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചത്. അവയ്ക്ക് തദേവൂസച്ചന്‍ നല്‍കിയ മറുപടിയിലൂടെ ഒരു കാലഘട്ടം വീണ്ടും ഓര്‍മയിലെത്തുന്നു. ഗാനാനുഭവങ്ങളുടെ ഒരു ഓര്‍മസമൃദ്ധിയായി…

ഫാദര്‍ ഷാജി തുമ്പേച്ചിറയില്‍ – എങ്ങനെയാണ് കര്‍ത്താവിന്റെ പാട്ടുകള്‍ എഴുതാന്‍ ആരംഭിച്ചത്? ഏതൊക്കയായിരുന്നു ആദ്യകാല പാട്ടുകള്‍?

ഫാദര്‍ തദ്ദേവൂസ് അരവിന്ദത്ത് – നമ്മുടെ രണ്ട് പേരുടെയും മിനിസ്ട്രി ഒന്നാണ്. കര്‍ത്താവിന്റെ പാട്ടുകള്‍ എഴുതുകയും അത് പ്രസിദ്ധീകരിയ്ക്കുകയും അത് വിശ്വാസികളില്‍ എത്തിയ്ക്കുകയും ചെയ്യുന്ന ശുശ്രൂഷ. ഈ കൂടിക്കാഴ്ച തന്നെ വലിയ ദൈവാനുഗ്രഹമാണ്.

ദൈവം എപ്പോഴാണ് എന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് അറിയില്ല. ആ ദൈവിക പ്രവര്‍ത്തനം പേനയിലൂടെ കടലാസ്സിലേയ്ക്ക് വന്നത് 1986 ലാണ്. അതിന് മുമ്പ് ഒരുപാട് പാട്ടുകള്‍ എഴുതിയിട്ടുണ്ട്. എങ്കിലും കാസറ്റിലൂടെ വിശ്വാസികള്‍ കേട്ടുതുടങ്ങിയത് ആ വര്‍ഷം മുതലാണ്. അതിലെഴുതിയ പാട്ടുകളില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു ഗാനം ‘ദെവാരൂപിയേ സ്‌നേഹജ്വാലയായ് എന്ന പാട്ടാണ്. തുടര്‍െന്നഴുതിയ പാട്ടുകളാണ് അരൂപിയാല്‍ നിറയാന്‍.. കവിയാന്‍…, ക്ഷമിക്കുന്ന സ്‌നേഹം.. അതിരുകളില്ലാത്ത സ്‌നേഹം…, കുഞ്ഞുമനസ്സിന്‍ നൊമ്പരങ്ങള്‍… ഇത്തരം പാട്ടുകളിലൂടെയായിരുന്നു എന്റെ സംഗീതയാത്ര. ഈ ഗാനങ്ങള്‍ ഇപ്പോഴും വഴിയില്‍ നോക്കി പുഞ്ചിരിക്കാറുണ്ട്. ദൈവത്തിനുവേണ്ടി നിലനില്‍ക്കുന്ന ഒരു കാര്യം ചെയ്തു എന്ന സംതൃപ്തിയും നല്‍കുന്നവയാണ് ഈ പാട്ടുകള്‍.

ഫാദര്‍ ഷാജി തുമ്പേച്ചിറയില്‍ – തദ്ദേവൂസ് അരവിന്ദത്ത് എന്ന അച്ചന്റെ പേരിലെ അരവിന്ദം എന്ന വാക്കിന് താമര എന്നാണല്ലോ അര്‍ത്ഥം. ബൈബിള്‍ രൂപകങ്ങള്‍ ക്രിസ്ത്യന്‍ ഗാനങ്ങളില്‍ കവിതകളായി മാറിപ്പോകാതെ ഗാനമായി തന്നെ നിലനിര്‍ത്തിയ ഒരപൂര്‍വ്വ ബഹുമതി അച്ചനുണ്ട്. വീട്ടുപേരില്‍ പോലും ഒരു താമര കിടപ്പുണ്ട്. ബൈബിള്‍ രൂപകങ്ങള്‍ എങ്ങനെയാണ് കണ്ടെത്തുന്നത്. ‘പുലര്‍കാല ദീപമായ് എന്നാത്മാവില്‍ വാഴാന്‍’ എങ്ങനെയാണ് ഇത്തരം രൂപകങ്ങള്‍ കണ്ടെത്തുന്നത്?

ഫാദര്‍ തദ്ദേവൂസ് അരവിന്ദത്ത് – അത്തരം രൂപകങ്ങള്‍ക്ക് പിന്നില്‍ ഒരു പഠനവും ഞാന്‍ നടത്തിയിട്ടില്ല. അത് യാദൃച്ഛികമായി സംഭവിച്ചതാണ്. നമ്മള്‍ ഒരു തീം മനസ്സില്‍ കണ്ടെഴുതുമ്പോള്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണത്. വിശുദ്ധ ഏഫ്രേം പറയുന്നതുപോലെ അവിടുത്ത വീണയായി നമ്മെ ഉപയോഗിക്കുന്ന പ്രവര്‍ത്തനം . മുന്നൊരുക്കങ്ങളൊ പഠനങ്ങളോ ഒന്നുമില്ല. എല്ലാം ഒരു തരം ടീംവര്‍ക്കാണ്. പാട്ട് എഴുതുന്നതുപോലും പരിശുദ്ധാത്മാവുമായുള്ള ടീം വര്‍ക്കാണ്. മുന്നൊരുക്കങ്ങള്‍ ഇല്ലെങ്കില്‍കൂടിയും ഒരുപാട് സമയം എടുക്കാറുണ്ട് പലപ്പോഴും പാട്ടെഴുതുമ്പോള്‍. എനിക്ക് മലയാള ഭാഷയിലുള്ള അറിവ് കുറവാണ്. ഇക്കാരണം കൊണ്ട് എഴുത്തില്‍ കൂടുതല്‍ സൂക്ഷിക്കാറുണ്ട്. എഴുത്തിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ പ്രേരിപ്പിച്ചതും ഇതുതന്നെയാണ്.

ഫാദര്‍ ഷാജി തുമ്പേച്ചിറയില്‍– നമ്മള്‍ ഒരുമിച്ചിരിക്കുന്ന ഈ വേളയില്‍ ഒരു കാര്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. എന്റെ ഓര്‍മ്മയില്‍ ഇപ്പോഴും പഴയ ക്രിസ്തീയഗാനങ്ങളുണ്ട്. മനുഷ്യജീവിതത്തെ പച്ചയായി ഒെന്നഴുതിവച്ചിട്ട് അതിലൂടെ ഒരു ശുദ്ധീകരണം. അതായത് അച്ചന്റെ പാട്ട് കേട്ട് ആളുകള്‍ കരഞ്ഞ് കരഞ്ഞ് അതിലൂടെ ഒരു ശുദ്ധീകരണം. ഒരു തരം കഥാര്‍സിസ് ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് മനുഷ്യന്റെ പച്ചയായ അനുഭവങ്ങള്‍ എഴുതിവയ്ക്കാന്‍ തോന്നിയത്? അതിനുമുമ്പുള്ള പാട്ടുകളെല്ലാം വര്‍ണ്ണനകളായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ പച്ചയായ അനുഭവങ്ങള്‍ എഴുതാന്‍ ഇടയായ സാഹചര്യം എന്തായിരുന്നു?

ഫാദര്‍ തദ്ദേവൂസ് അരവിന്ദത്ത് – വളരെ നല്ലതും പ്രസക്തവുമായ ചോദ്യമാണിത്. എല്ലാ അച്ചന്‍മാരെക്കുറിച്ച് പറയുമ്പോളും വൈദികനായ ആദ്യത്തെ പത്ത് വര്‍ഷം വളരെ പ്രധാനപ്പെട്ട കാലഘട്ടമാണ്. ലോകം മാറ്റി മറിക്കാനുള്ള ഒരു തീരുമാനം. ‘മിശിഹാ പനി’ എന്ന് അതിനെ പലരും കളിയാക്കി പറയാറുണ്ട്. അങ്ങനെ ലോകത്തെ മാറ്റി മറിക്കാനും വ്യവസ്ഥിതികളെ ചെയ്ഞ്ച് ചെയ്യാനും ഒക്കെ ശ്രമിക്കുന്ന കാലത്ത് നമ്മള്‍ ജനങ്ങളോട് ഒത്തിരി ഇടപഴുകുകയാണ്.

നമുക്കൊരു വ്യവസ്ഥിതി മാറ്റണമെന്ന് തോന്നുകയാണെങ്കില്‍ ആദ്യം ജനങ്ങളുടെ അവസ്ഥ എന്താണെന്ന് അറിയണം. മദര്‍ തെരേസ പറഞ്ഞതുപോലെ പട്ടിണി എന്താണെന്ന് അറിയണമെങ്കില്‍ പട്ടിണി കിടക്കുന്നവരുടെ കൂടെ ജീവിക്കണം. കേരളത്തിലെ വിവിധ ഇടവകകളില്‍ സേവനമനുഷ്ഠിച്ചപ്പോള്‍ ആളുകളുടെ അവസ്ഥകളുമായി കൂടുതല്‍ ഇടപഴുകി. എങ്ങനെ പാട്ടെഴുതിയാല്‍ അവര്‍ക്കത് ഉള്ളില്‍ തട്ടുമെന്ന് അവരുടെ പച്ചയായ അനുഭവങ്ങളില്‍ നിന്ന് മനസ്സിലാക്കി.

അതോടൊപ്പം തന്നെ ഞാന്‍ വളര്‍ന്നു വന്ന സാഹചര്യങ്ങളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നുമൊക്കെ അനുഭവങ്ങള്‍ ലഭിക്കുന്നുണ്ട്. ജെറി അമല്‍ദേവും ബേണി ഇഗ്നേഷ്യസുംമൊക്കെ പലപ്പോഴും പറഞ്ഞിട്ടുണ്ട് മനുഷ്യന്റെ ജീവിതഗന്ധിയായ എന്തെങ്കിലുമൊക്കെ വരികളില്‍ എഴുതച്ചോ എന്ന്. ‘കറിവേപ്പില’ എന്ന വാക്കൊക്കെ നാടന്‍ പ്രയോഗമാണ്. കാവ്യാത്മകമായി എഴുതാനുള്ള വാക്കുകള്‍ നമ്മുടെ മനസില്‍നിന്നു വരാത്തതുകൊണ്ടായിരിക്കണം ഒരുപക്ഷെ ഇങ്ങനൊരു രീതിയില്‍ പാട്ടെഴുതാന്‍ സാധിച്ചത്. എപ്പോഴും നമ്മുടെ കുറവുകളില്‍ നിന്നാണ് നല്ല പലതും ജനിക്കുന്നത്.

ഫാദര്‍ ഷാജി തുമ്പേച്ചിറയില്‍– അച്ചന്‍തന്നെ എഴുതി അച്ചനുതെന്ന വ്യക്തിപരമായി ഒരാശ്വാസംകിട്ടിയ അനേകരം സുഖപ്പെടുത്തിയ രചനയെക്കുറിച്ച് പങ്കുവയ്ക്കാമോ?

ഫാദര്‍ തദ്ദേവൂസ് അരവിന്ദത്ത് – അത്തരത്തിലുള്ള പല പാട്ടുകളും എഴുതിയിട്ടുണ്ട്. പാട്ടുകള്‍ എഴുതിക്കഴിയുമ്പോള്‍ നമുക്കാണല്ലോ ആദ്യം ഹിലിംഗ് കിട്ടുക. പാട്ടെഴുത്തിന്റെ ഘട്ടങ്ങളില്‍ ഞാന്‍ അതിന്റെ കവിതയെക്കുറിച്ചല്ല അതിന്റെ ആശയത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. ആളുകള പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരാശയം അതാണ് ലക്ഷ്യം. പാട്ടുകള്‍ എഴുതാനുള്ള പ്രേരണ കിട്ടുന്നത് തന്നെ ഒരനുഭവത്തില്‍ നിന്നാണ്. എല്ലാവരും അനുഭവിക്കുന്ന കാര്യങ്ങളാണ് പാട്ടില്‍ എഴുതുന്നതും. വ്യക്തിപരമായി എനിക്ക് ഒരുപാട് സന്തോഷവും അനുഭവങ്ങളും തന്ന ഒരു പാട്ടാണ്. അതിരുകളില്ലാത്ത സ്‌നേഹം… അതുപോലെതന്നെ ക്ഷമാശീലനാം എന്‍യേശുവേ….., മൃതുവായ് നീ തൊടുകില്‍…. ആ പാട്ടുകളൊക്കെ പാടി കേള്‍ക്കുമ്പോള്‍ ഇപ്പോഴും കണ്ണുനിറയാറുണ്ട്. ഇപ്പോള്‍ കേള്‍ക്കുമ്പോളും വിരസത തോന്നാറില്ല. ഒരുപാട് പ്രസക്തമായ പാട്ടുകളെക്കാള്‍ അപ്രസക്തമായ പാട്ടുകളാണ് ഇതുപോലുള്ള അനുഭവങ്ങള്‍ തന്നിട്ടുള്ളത്.

ഫാദര്‍ ഷാജി തുമ്പേച്ചിറയില്‍ – അച്ചന്‍ ചിന്തിച്ചതിനേക്കാള്‍ അപ്പുറത്തേയ്ക്ക് എത്തിയ ഏതെങ്കിലും ഒരു പാട്ടിനെക്കുറിച്ച് പറയാമോ?

ഫാദര്‍ തദ്ദേവൂസ് അരവിന്ദത്ത്–  ഈശോ എന്നെ സ്പര്‍ശിച്ചു എന്നൊരു പാട്ടുണ്ടായിട്ടുണ്ട്. അതുപോലെ ക്ഷമാശീലനാം എന്‍യേശുവേ… , യേശുവേ നീയെനിയ്ക്കായ്…. വലിയ രചനവിസ്മയങ്ങള്‍ ഒന്നുമുള്ള പാട്ടുകള്‍ അല്ല ഇത്. സാധാരണ വാക്കുകളില്‍ എഴുതിയവ. വയലാറും ആബേലച്ചനും ആണ് സാധാരണ വാക്കുകളില്‍ പാട്ടെഴുതാന്‍ എന്നെ ഏറെ സ്വാധീനിച്ചത്.

ഫാദര്‍ ഷാജി തുമ്പേച്ചിറയില്‍ – പാട്ടെഴുതാന്‍ പരന്നവായനയില്ലന്നും മുന്നൊരുക്കങ്ങള്‍ ഇല്ലന്നുമൊക്കെ അച്ചന്‍ പറഞ്ഞു. എങ്കിലും കുടുംബമോ സുഹൃത്തുക്കളോ ആരെങ്കിലും ആര്‍ദ്രത പാട്ടില്‍ സന്നിവേശിപ്പിക്കാന്‍ സ്വാധീനിച്ചിട്ടുണ്ടോ?

ഫാദര്‍ തദ്ദേവൂസ് അരവിന്ദത്ത് – എന്റെ അപ്പന്‍ എന്നെ ഒരുപാട് ശിക്ഷിയ്ക്കുകയും അതുപോലെത സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു ക്യാരക്ടര്‍ ആയിരുന്നു. ഞങ്ങള്‍ ആറ് മക്കളായിരുന്നു. വൈകുന്നേരം അപ്പന്‍ എന്തെങ്കിലും കാരണത്തിന് അടിച്ചാല്‍ അതിനര്‍ത്ഥം അടികിട്ടിയ ആള്‍ക്ക് പിറ്റേദിവസം കൂടുതല്‍ പരിഗണന കിട്ടുമെന്നാണ്. ശിക്ഷണവും അതുപോലെ സ്‌നേഹപരിഗണനയും ഒരേപോലെ അനുഭവിച്ചാണ് ഞാന്‍ വളര്‍ന്നത്. അതൊക്കെ തെന്നയാണ് എഴുത്തിലും പിതാവിന്റെ സ്‌നേഹത്തെക്കുറിച്ചൊക്കെ എഴുതാനിടയായ അനുഭവങ്ങള്‍ സമ്മാനിച്ചതും. ജീവിതാനുഭവങ്ങളില്‍ നിന്നാണ് പലപ്പോഴും ഞാന്‍ എഴുതിയിട്ടുള്ളത്. അത് എന്റെ മാത്രമായ അനുഭവങ്ങളല്ല. പലരുടേതുമാണ്. കാരണം ചില പാട്ടുകള്‍ കേട്ടു കഴിയുമ്പോള്‍ ചിലര്‍ എനിക്ക് കത്തുകള്‍ എഴുതിയിട്ടുണ്ട്. ഞാന്‍ എഴുതിയ പാട്ട് അവരുടെ ജീവിതാനുഭവമാണ് എന്നാണ് ആ കത്തുകളിലൊക്കെ പറഞ്ഞിരിക്കുന്നത്.

ഷാജി അച്ചന്റെ അനുഭവങ്ങള്‍ എത്രത്തോളം എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. ഷാജിയച്ചനോട് തദ്ദേവൂസ് അരവിന്ദത്തച്ചന്റെ ചോദ്യം.

ഫാദര്‍ ഷാജി തുമ്പേച്ചിറയില്‍ – എന്റെ ജീവിതത്തിലെ സകല ദുരനുഭവങ്ങളും ഞാന്‍ അന്നും ഇന്നും പാട്ടായി എഴുതിക്കൊണ്ടിരിയ്ക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു ഇന്ധനമാണ് സകലവിധ മുറിവുകളും. അനുഭവിച്ച ചില തിരസ്‌കാരങ്ങള്‍ ആ മുറിവുകള്‍ ഇല്ലായിരുന്നുവെങ്കില്‍ പുതിയ പാട്ട് എന്നില്‍ ജനിക്കുന്നില്ല. അതുകൊണ്ട് മുറിവുകള്‍ നല്‍കപ്പെട്ടുകൊണ്ടേയിരുന്നു. ദൈവം ഇത് ഇന്ധനമാക്കിയതുകൊണ്ടാണ് എനിക്ക് റോക്കറ്റായി കുതിക്കാന്‍ സാധിച്ചതും. ഹൃദയത്തില്‍ ഈ മുറിവുകളോടൊക്കെ എനിക്ക് നന്ദിയാണ്.

ഫാദര്‍ ഷാജി തുമ്പേച്ചിറയില്‍– മനുഷ്യമനസ്സിന്റെ സ്പന്ദനം അറിഞ്ഞ ഒരെഴുത്തുകാരന്‍ എന്ന നിലയ്ക്ക് അച്ചന്റെ പാട്ടിന്റെ മധുരവീഞ്ഞ് ഭരണിയില്‍ നിന്ന് ഒഴുക്ക് നിലച്ചുപോയതുപോലെ കാണപ്പെടുന്നുണ്ട്. ഈ ഇടവേള പടപൊരുതി തോറ്റുപോയതാണോ അതോ ഒരു ഒരുക്കമാണോ. വീണ്ടും എഴുത്തിലേക്ക് വരുമെന്ന് വിശ്വാസികള്‍ക്ക് പ്രതീക്ഷിക്കാമോ?

ഫാദര്‍ തദ്ദേവൂസ് അരവിന്ദത്ത് – പല രീതിയില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ട്. ആദ്യം ഞാന്‍ റിയലിസ്റ്റിക്കായി ഒരുത്തരം പറയാം. ഞാന്‍ അമേരിക്കയിലേയ്ക്ക് വരുന്നത് 1998 ലാണ്. അന്നത്തേക്കാലത്ത് സെല്‍ഫോണ്‍ പോലെയുള്ള സാങ്കേതികവിദ്യകള്‍ കുറവായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ അധികം പേരെ വിളിച്ചില്ല. അതുകൊണ്ടു ഞാന്‍ അവലൈബിള്‍ അല്ല എന്നൊരു തോന്നല്‍ പലര്‍ക്കുമുണ്ടായി. മാത്രമല്ല ഞാന്‍ എന്റെ പൗരോഹിത്യജീവിതത്തില്‍ നിന്ന് വഴിമാറി മറ്റൊരു ജീവിതശൈലിയിലേയ്ക്ക് പോയിയെന്ന് ഒരു വര്‍ത്തമാനം പോലും പരന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ചിരിവരുന്ന സത്യങ്ങളാണ് ഇവയെല്ലാം തന്നെ.

അമേരിക്കയില്‍ തിരക്കുള്ള ഒരു മിനിസ്ട്രിയുടെ ഭാഗമായതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളൊന്നും എന്നെ നിരാശപ്പെടുത്തിയില്ല. സത്യത്തില്‍ ഞാന്‍ പാട്ടെഴുതാതിരുന്നത് എന്നെ പാെഴുതാന്‍ ആരും വിളിക്കാതിരുന്നതുകൊണ്ടാണ്. അതുപോലെ നമുക്ക് തന്നെ പാട്ടെഴുതി പ്രൊഡൂയൂസ് ചെയ്ത് റിലീസ് ചെയ്യാനുള്ള സാഹചര്യം അമേരിയ്ക്കയിലില്ല. പതിനൊന്ന് വര്‍ഷത്തോളം ഇവിടെ ഇംഗ്ലീഷ് ദേവാലയത്തിലായിരുന്നു ഞാന്‍. പിന്നീട് ന്യൂയോര്‍ക്കില്‍ എത്തിയതിന് ശേഷമാണ് മലയാളികളുമായി കൂടുതല്‍ ഇടപെഴുകാന്‍ തുടങ്ങിയത്. ഇപ്പോള്‍ വീണ്ടും പാട്ട് എഴുതിത്തുടങ്ങിയിട്ടുണ്ട്.

ഫാദര്‍ ഷാജി തുമ്പേച്ചിറയില്‍- കൃപയുടെ നീരുറവകളുമായി തദ്ദേവൂസ് അച്ചന്‍ ഇനിയും നമ്മുടെ പക്കലേയ്ക്ക് വരും അത് സഭയ്ക്ക് ഒരു മകുടമായി ഭവിയ്ക്കും ആധ്യാത്മികതയ്ക്ക് പുതിയ ചിറക് മുളയ്ക്കും. ഇനിയും പൊേന്നശുനാഥന്റെ പാദത്തിങ്കല്‍ തത്തെന്നെ സമര്‍പ്പിയ്ക്കാന്‍ പുതുതലമുറയെ ഒരുക്കുവാനും കുരിശടിയില്‍ ജീവിതം അര്‍പ്പിയ്ക്കുന്ന പാട്ടുകളും പുതിയ ഗീതങ്ങളും നമ്മെ തേടിവരുമെന്ന ശുഭവാര്‍ത്ത സമ്മാനിച്ചതിന് അച്ചന് നന്ദി ആശംസകള്‍….
തയ്യാറാക്കിയത് ഡെന്നി ജോര്‍ജ്ജ്

You must be logged in to post a comment Login