‘ഗാബോ’ സ്മൃതി – മറവികളുടെ കഥാകാരന്‍

‘ഗാബോ’ സ്മൃതി – മറവികളുടെ കഥാകാരന്‍

marquesഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ എഴുത്തുകാരന്‍ അഗാധമായ ഓര്‍മകള്‍ക്കും ഗാഢമായ മറവികള്‍ക്കും ഇടയില്‍ വിസ്മയകരമായ ജീവിതം ജീവിച്ച ഒരാളാണ്. ‘മാന്ത്രിക യാഥാര്‍ത്ഥ്യം’ എന്ന രചനാ സങ്കേതത്തിന്റെ ഏറ്റവും പ്രഗത്ഭരായ മര്‍മ്മജ്ഞരിലൊരാളായ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് തന്നെ ഒരിക്കല്‍ എഴുതിയതുപോലെ, ”ജീവിതം ഒരാള്‍ ജീവിച്ചുതീര്‍ത്ത ഒന്ന ല്ല, മറിച്ച് ഓര്‍മിച്ചെടുക്കുന്ന ഒന്ന ാണ്. പിന്‍തലമുറയോട് വിവരിക്കുവാന്‍ വേണ്ടി ഒരാള്‍ ഓര്‍മിക്കുന്ന വിധമാണത്.”

ഓര്‍മയ്ക്കും മറവിക്കും മാര്‍കേസിന്റെ ജീവിതത്തില്‍ ഇത്രയേറെ പ്രസക്തി കൈവരുന്ന തെങ്ങനെ? ഓര്‍മയെക്കുറിച്ച് ഇത്രയേറെ ആഴത്തിലും ഗൗരവത്തിലും ധ്യാനിച്ചൊരാള്‍, എന്തുകൊണ്ടാണ് അവസാനകാലം ഡിമെന്‍ഷ്യ എന്ന സ്മൃതിനാശ രോഗത്തിന് കീഴടങ്ങി മരണത്തിലേക്ക് നടന്നു
പോയത്?

മാര്‍കേസിന്റെ വിസ്മയകരമായ സ്മൃതി-മറവി ബന്ധത്തിന്റെ വേരുകള്‍ മാര്‍ക്കേസിന്റെ മുത്തശ്ശിയില്‍ കണ്ടെത്താം. സത്യത്തില്‍, മാജിക് റിയലിസം എന്ന മഹാസിദ്ധിയുടെ ജാലവിദ്യ മുത്തശ്ശി വഴിക്കാണ് മാര്‍കേസിന് പകര്‍ന്നുകിട്ടിയത്. യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അതീന്ദ്രിയമായ കാഴ്ചപ്പാടുകളുള്ളവരായിരുന്നു, ട്രാന്‍ക്വലീന ഇഗ്വാരന്‍ കോട്ടെസ് എന്ന തന്റെ മുത്തശ്ശിയെന്ന് മാര്‍കേസ് തന്നെ പറഞ്ഞിട്ടുണ്ട്. കെട്ടുകഥകളും കുടുംബപുരാണങ്ങളും വിസ്മയത്തിന്റെ നിറം കലര്‍ത്തി അവര്‍ മാര്‍കേസിനു മുന്നില്‍ അവതരിപ്പിച്ചു. അവരുടെ അസാമാന്യവും സജീവവുമായ ഓര്‍മശക്തിയെ പിന്തുണയ്ക്കു ഒരു സംഭവമുണ്ട്. വാര്‍ദ്ധക്യത്തില്‍ എത്തിയപ്പോള്‍ അവര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെടുന്നു. അവരെ പരിശോധിക്കാന്‍ എത്തിയ ഡോക്ടര്‍ പക്ഷേ, വല്ലാതെ കുഴങ്ങി. കാര്യമെന്താണെുവച്ചാല്‍, അവര്‍ ഇരുന്നിരുന്ന മുറിയിലെ മുഴുവന്‍ വിശദാംശങ്ങള്‍ കൃത്യമായി അവര്‍ ഡോക്ടര്‍ക്ക് വിവരിച്ചുകൊടുത്തു. തനിക്ക് കാഴ്ച തിരിച്ചുകിട്ടി എന്നും അവര്‍ പറഞ്ഞു. ഡോക്ടര്‍ക്ക് അത് വിശ്വസിക്കാതെ തരമില്ലാത്തവിധം വിവരണം അത്ര കൃത്യമായിരുന്നു. സത്യത്തില്‍, പണ്ട് കണ്ട കാര്യങ്ങള്‍ അവര്‍ ഓര്‍മയില്‍ നിന്നെ ടുത്ത് പറയുകയായിരുന്നു!

ഇത്തരം സജീവമായ ഒരു ഓര്‍മശക്തിയാണ് മാര്‍കേസ് ജനിതകവഴിയേ നേടിയെടുത്തത്. ഒരു വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അതിദീര്‍ഘമായ കാവ്യങ്ങള്‍ മുഴുവന്‍ ഹൃദിസ്ഥമാക്കി ഓര്‍മയില്‍ നിന്നെടുത്തു പ്രയോഗിക്കാന്‍ മാര്‍കേസിന് കഴിഞ്ഞിരുന്നു.

മാര്‍കേസിന്റെ മാസ്റ്റര്‍പീസായ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങളില്‍’ ഓര്‍മയും മറവിയും സുപ്രധാനമായ പ്രമേയങ്ങളാകുന്നുണ്ട്. ജനങ്ങള്‍ എങ്ങനെയാണ് തങ്ങളുടെ ഭൂതകാലവും ഉത്ഭവവും ഉറവിടവും മറുപോകുന്നതെന്ന് ഒരന്വേഷണം ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങളില്‍’ ഉണ്ട്. ബോധപൂര്‍വവും അബോധപൂര്‍വവുമായ മറവികളാണവിടെ സംഭവിക്കുന്നത്. ആ മറവിയുടെ ചരിത്രം മാര്‍കേസ് ആവിഷ്‌കരിക്കുന്നതിങ്ങനെ: മക്കോണ്‍ഡോയിലെ ജനങ്ങള്‍ അവരുടെ നിത്യജീവിതത്തിലെ വസ്തുക്കളുടെ പേരുകള്‍ പോലും മറന്നുപോകുന്നു. മേശ, കസേര, ഘടികാരം, വാതില്‍, ഭിത്തി തുടങ്ങിയ അചേതന വസ്തുക്കള്‍ മാത്രമല്ല, പശു, ആട്, കോഴി തുടങ്ങിയ മൃഗങ്ങളുടെ പേരുകളും. അവയുടെ ഉപയോഗം പോലും ജനങ്ങള്‍ മറന്നുപോകുന്നു. ഈ വിഷാദകരമായ പ്രതിഭാസത്തെ പ്രതിരോധിക്കാന്‍ ജോസ് അര്‍ക്കാഡിയ ബുവെന്‍ഡിയ കണ്ടെത്തുന്ന മാര്‍ഗം ഓരോിന്റെയും പേരുകള്‍ അവയുടെ മേല്‍ പതിച്ചുവയ്ക്കുക എതാണ്. ‘പശു’ എഴെുതി പശുവിന്റെ മേല്‍ തൂക്കിയിടുമ്പോള്‍, ഭാവിയില്‍ അവയുടെ ഉപയോഗം പോലും മറന്നുപോകാനുള്ള സാധ്യത മുന്‍പില്‍ കണ്ട് ”പശു പാല്‍ തരുന്നു, പാല്‍ തിളപ്പിച്ച് കാപ്പിയോട് ചേര്‍ത്ത് കുടിക്കാം…” തുടങ്ങിയ വിവരങ്ങള്‍ അപ്പാടെ അയാള്‍ എഴുതിച്ചേര്‍ത്ത് പശുവിന്റെ മേല്‍ തൂക്കിയിടുന്നു. മറവിക്കെതിരെയുള്ള മക്കോണ്‍ഡോവാസികളുടെ പ്രതിരോധമാണിത്.

അഗാധമായ ഓര്‍മശക്തിയുണ്ടായിരുന്ന, രചനയിലൂടെ നിരന്തരം മറവിക്കെതിരെ പ്രതിരോധം സൃഷ്ടിച്ചുകൊണ്ടിരുന്ന മാര്‍കേസ് മറവിരോഗത്തിന് ഇരയാകുന്നു എന്ന ് അദ്ദേഹത്തിന്റെ മരണത്തിന് ഏതാനും വര്‍ഷം മുന്‍പ് വെളിപ്പെടുത്തിയത് സഹോദരന്‍ ജെയ്മി ഗാര്‍ഷ്യ മാര്‍കേസാണ്. അവസാന വര്‍ഷങ്ങളില്‍ സ്മൃതിവിനാശം അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു എന്നും അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും ‘ഗാബോ’ തന്നെ ഫോണില്‍ വിളിച്ച് ചോദിക്കുമായിരുന്നെന്നും ജെയ്മി വെളിപ്പെടുത്തി.

സ്മൃതിയുടെയും മറവിയുടെയും മഹാധ്രുവങ്ങള്‍ക്കിടയില്‍ സര്‍ഗാത്മകതയുടെ ഒരു മഹാഭൂഖണ്ഡം തീര്‍ത്ത് അവിടെ സിംഹാസനം തീര്‍ത്ത മഹാനായ കഥാകാരന്റെ മാന്ത്രിക രചനകള്‍ പക്ഷേ, മനുഷ്യരാശിയുടെ ഓര്‍മകളില്‍ ആഴത്തില്‍ പതിഞ്ഞുപോയിരിക്കുന്നു. വരാനിരിക്കുന്ന കാലത്തിന്റെയും തലമുറകളുടെയും ഓര്‍മകളില്‍ ആ നാമം മായാത്തവിധം മുദ്രിതമായിരിക്കുന്നു.

അഭിലാഷ് ഫ്രേസര്‍.

You must be logged in to post a comment Login