ഗിത്താറിന്റെ നൊമ്പര ശ്രുതികള്‍

ഗിത്താറിന്റെ നൊമ്പര ശ്രുതികള്‍

guitarപകല്‍ മഴയുടെ വന്യസംഗീതത്തില്‍ ഗിത്താറിന്റെ നേര്‍ത്ത മര്‍മരങ്ങള്‍ മുങ്ങിപ്പോയൊരു മധ്യാഹ്നത്തിലാണ് അപ്പാപ്പന്‍ ഒരു കുടയുമായി, എന്നെത്തേടി വന്നത്. തലയ്ക്കുള്ളില്‍ കാര്യമായ സംഗീതമൊന്നും ഇല്ലാതിരുന്നിട്ടും കുട്ടിക്കാല ഭ്രമം കൊണ്ട് ഗിത്താര്‍ പഠിക്കാനിറങ്ങിത്തിരിച്ചതാണ് ഒന്‍പതാം വയസ്സില്‍. വിരല്‍ നോവുകളുടെ ഉച്ചക്ലാസ്സുകള്‍. അതിനിടയില്‍ അദ്ധ്യാപകന്‍ കാണാതെ ഒളിച്ചു ചെന്നുള്ള കാരംസ് കളികള്‍. വടുതല ഡോ ബോസ്‌കോ ഓറട്ടറിയുടെ നിതാന്ത മോഹവലയങ്ങളിലൊന്നായിരുന്നു, കളികളും സംഗീതവും.

അപ്പുറത്തെ മുറിയില്‍ ആരുടെയോ ചടുലാംഗുലികളില്‍ തബലയുടെ താളം മുറുകുന്നു. നെഞ്ചില്‍ പീലിയുഴിഞ്ഞ് വയലിന്‍ കാറ്റിനെ കോരിത്തരിപ്പിക്കുു. ഗിത്താര്‍ നേര്‍ത്ത വിഷാദങ്ങളോടെ ഹൃദയഗാനം മൂളുന്നു. അരേമാണ് സംഗീതത്തിന്റെ ഇടനെഞ്ചിലേക്ക് മഴ ഇടിവെട്ടിപ്പെയ്തത്! കുട എടുത്തിരുില്ല. മഴ എപ്പോള്‍ അവസാനിക്കുമെന്നോര്‍ത്തും കാരംസുകളിക്ക് ഊഴം കാത്തും ഗിത്താര്‍ തന്ത്രികളില്‍ നൊന്ത വിരലുകള്‍ തടവിയിരിക്കുമ്പോള്‍ മഴയിലൂടെ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച്, അപ്പാപ്പന്‍! അന്നേരം തറവാട്ടില്‍ നിന്ന് എന്റെ വീട്ടില്‍ വന്നതാണദ്ദേഹം. ഞാന്‍ കുടയെടുത്തിട്ടില്ലെന്ന് കണ്ട് പൊതുവഴികളും ഇടവഴികളും കടന്ന് കൂട്ടിക്കൊണ്ടു പോകാന്‍ വന്നതാണ്.

കാരംസ് കളിഭ്രമത്തില്‍ പെട്ട് വീട്ടിലേക്കു മടങ്ങാന്‍ മടിച്ചു നിന്ന എന്നെ നിര്‍ബന്നന്ധിക്കാതെ മഴയത്ത് കുടയുമായി കാത്തു നില്‍ക്കുന്ന അപ്പാപ്പന്റെ ചിത്രമാണ് അദ്ദേഹത്തെ കുറിച്ചുള്ള എന്റെ അവസാനത്തെ സജീവമായ ഓര്‍മ. മഴയില്‍ അപ്പാപ്പന്റെ ശീലകുടക്കീഴില്‍ ഞാന്‍ വീട്ടിലെത്തുമ്പോള്‍ എന്റെ മേല്‍ മഴത്തുള്ളികള്‍ വീണിരുന്നില്ല. അപ്പാപ്പന്റെ ഇടംതോള്‍ അപ്പാടെ നനഞ്ഞിരുന്നു.

ചേര്‍ത്തു പിടിച്ചു കൊണ്ടു പോകുന്ന അപ്പാപ്പന്റെ കുടയുടെ തണലില്‍ യാത്ര തുടങ്ങിയത് മൂന്നാം വയസ്സിലായിരുന്നു. റെയില്‍പാളങ്ങളിലൂടെയായിരുന്നു, യാത്രകള്‍. നഴ്‌സറി സ്‌കൂളിലേക്കും തിരിച്ചും. പാളങ്ങള്‍ക്കിടയിലെ മരസ്ലീപ്പറുകളിലാണ് ഞാന്‍ അക്കാലത്ത് എണ്ണിപ്പഠിച്ചിരുന്നത്. ഒരോ ചുവടും ഓരോ അക്കം. പാളങ്ങള്‍ക്കിടയിലൂടെയുള്ള എണ്ണമറ്റ യാത്രകള്‍! ഇന്ദിരാഗാന്ധിയെ ആരാധിച്ചിരുന്ന ബലിഷ്ഠകായനായ ആ കുറിയ മനുഷ്യന്‍ സംസാരിക്കുമ്പോള്‍ ഇഎംഎസിനെ പോലെ വിക്കുമായിരുന്നു, ചില സന്ദര്‍ഭങ്ങളില്‍. പഴയ ടാറ്റാ ഓയില്‍ മില്‍സിലെ ഒരു ഫാക്ടറി തൊഴിലാളിയായിരുന്ന ആ മനുഷ്യന്‍ ഒന്‍പതു മക്കളെ എങ്ങനെ പഠിപ്പിച്ചു എന്ന് ചിന്തിക്കുമ്പോള്‍ അമ്പരന്നു പോവുകയാണ്! ഒരു തവണ എന്റെ പിതാവിന് കോളേജില്‍ അടയ്ക്കാന്‍ പണം തികയാതിരുപ്പോള്‍ ആരുമറിയാതെ രക്തം വിറ്റ് കാശുണ്ടാക്കിയ കഥ പറഞ്ഞു തന്നത് എന്റെ പിതാവു തന്നെയാണ്.

അപ്പാപ്പന്റെ മരണമായിരുന്നു, ജീവിതത്തിലെ ആദ്യ മരണാനുഭവം. ഒരു സ്വാതന്ത്ര്യദിനത്തിലാണ് അപ്പാപ്പന്‍ മരിച്ചത്. എന്താണ് മരണകാരണം എന്നു മനസ്സിലാക്കാനുള്ള പ്രായം അന്ന് ആയിരുന്നില്ല. എന്താണ് മരണം എന്ന് ആദ്യം മനസ്സിലായതും അന്നാണ്. ലൂര്‍ദ് ആശുപത്രിയുടെ ഐസിയുവില്‍ ഏതാനും ദിവസങ്ങള്‍ കിടന്നു, ഓര്‍മയില്ലാതെ. കതകിലെ ഗ്ലാസ് പാളിയിലൂടെ ഒരു വട്ടം ആ മുഖം ആരോ കാണിച്ചു തന്നതു മാത്രം ഓര്‍ക്കുന്നു. ആഗസ്റ്റ് പതിനഞ്ചിന് അറിയിപ്പു വന്നു – അപ്പാപ്പന്‍ മരിച്ചു. കരയാനറിയില്ലെന്നു ഞാന്‍ ധരിച്ചു വച്ചിരുന്ന എന്റെ പിതാവ് വാവിട്ടു കരയുന്നത് അന്നാദ്യമായി കണ്ടു. പിതൃ-പുത്ര ബന്ധത്തിന്റെ ആഴങ്ങള്‍ എന്റെ മനസ്സില്‍ പതിഞ്ഞത് അന്നാണ്. കുഴിയിലേക്കു വച്ച അപ്പാപ്പന്റെ ദേഹത്തിനൊപ്പം അടക്കം ചെയ്യപ്പെടാന്‍ എന്റെ പിതാവ് ആഗ്രഹിച്ചു. മൂന്നു നാലു പേര്‍ ചേര്‍ന്നു ശക്തമായി പിടിച്ചു മാറ്റിയ ശേഷമാണ് പെട്ടിയിലടയ്ക്കപ്പെട്ട അപ്പാപ്പനെ പൂഴി വന്നു മൂടിയത്.

തറവാടിന്റെ ഉമ്മറത്തെ ഒരു ശൂന്യത വന്നു മൂടി. വാക്കുകള്‍ ഹൃദയത്തില്‍ നിന്നു തെറിച്ചു വീഴുന്ന ആ ശബ്ദം ഓര്‍മകളിലേക്കു പിന്‍വാങ്ങി. വീണ്ടും മഴക്കാലങ്ങള്‍ വന്നു പോയി. ഓര്‍മകളില്‍, ഗിത്താറിന്റെ നേര്‍ത്ത മര്‍മരം മഴശ്രുതിയോടു ചേര്‍ലിയുന്നതു കാതോര്‍ത്ത് ഞാന്‍ കുടയില്ലാതെ നിന്നു മഴകള്‍ നനഞ്ഞു.

 

അഭിലാഷ് ഫ്രേസര്‍.

You must be logged in to post a comment Login