ഗോഡ് ഓഫ് സ്മോൾ തിംഗ്സ്

നിഴൽ പോലെ നമ്മെ അനുഗമിക്കുന്ന ദൈവം! ഓരോ ചുവടിലും അദൃശ്യമായ ഒരു കരുതൽ. നൊമ്പരം കൊണ്ട് വിങ്ങുമ്പോൾ എവിടെ നിന്നോ സാന്ത്വനത്തിന്റെ ഒരു കരം. അടഞ്ഞുപോയ വാതിലുകൾക്ക് മുൻപിൽ ആന്തലോടെ നിൽക്കുമ്പോൾ മലർക്കെ തുറന്ന മറ്റൊരു വാതിൽ. അവിടെ നമ്മെ കരം നീട്ടി സ്വീകരിക്കുന്ന ഒരാൾ. മുടിയനായ പുത്രന്റെ മടങ്ങിവരവ് കാത്ത് പടിപ്പുരയിൽ കാത്തിരിക്കുന്ന ഒരാൾ! ഞാൻ എന്റെ ദൈവത്തെ എന്ത് വിളിക്കും?
അമ്മയെന്നോ, അതോ അപ്പനെന്നോ?
എന്റെ ജീവിതത്തിലെ കഴിഞ്ഞ 45 വർഷങ്ങളിൽ അനുനിമിഷം ഞാൻ കാണുന്നതാണ് ഈ സ്നേഹം.

*********
“തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്ന് സഫലമാക്കുന്നു” (സങ്കീർത്തനം 145:19)

അപ്രതീക്ഷിതമായി നിങ്ങൾ ഒരു ദേവാലയത്തിൽ ചെല്ലുന്നു; വിശുദ്ധ കുർബാനയുടെ സമയം അല്ല അത്. എന്നിട്ടും നിങ്ങൾക്ക് വേണ്ടി ദൈവം അവിടെ ഒരു ബലി ഒരുക്കിയാലോ? നാട്ടിൽ ചിലവഴിച്ച രണ്ടാഴ്ചക്കാലം അതായിരുന്നു അനുഭവം. ഒരുദിവസം രാവിലെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.ഭരണങ്ങാനം വഴിയാണ് കടന്നുപോകുന്നത്. വിശുദ്ധ അൽഫൊൻസാമ്മയുടെ കബറിടത്തിൽ പ്രാർഥിക്കണം. ഞങ്ങൾ ചാപ്പലിൽ കാലുകുത്തിയ ഉടനെ പിന്നിലുള്ള മറ്റൊരു ചാപ്പലിൽ കുർബാനയ്ക്ക് തുടക്കമായി! അസമയത്തൊരു ദിവ്യബലി!
ആ ആഴ്ചയിൽ തന്നെ മറ്റൊരു ദിവസം കിഴതടിയൂർ പള്ളിയിലുമുണ്ടായി സമാനമായ അനുഭവം.
ഇതിനെക്കാൾ അത്ഭുതകരമായിരുന്നു കോഴിക്കോട് വച്ച് ഉണ്ടായത്. മലാപറമ്പിലാണ് സോഫിയ ബുക്സ് ഓഫീസ്. അന്ന് പുലർച്ചെതന്നെ എറണാകുളത്തു നിന്ന് യാത്രതിരിച്ചതിനാൽ ദിവ്യബലിയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. രാത്രിവൈകിയുള്ള വണ്ടിയിൽ ബംഗ്ലൂരിനു പോകണം. സോഫിയയിൽ നിന്ന് വെറുതെ നടക്കാൻ ഇറങ്ങിയതായിരുന്നു ഞാനും ഭാര്യ മിനിയും. ഇടത്തെയ്ക്കൊ അതോ വലത്തെയ്ക്കോ? ഇടത്തേയ്ക്ക് പോകാൻ ആത്മാവിന്റെ പ്രേരണ! ഞങ്ങൾ നടന്നെത്തിയത്‌ ഒരു ദേവാലയത്തിന് മുന്നിൽ. അൾത്താരയിലേക്ക് കടന്നു വരികയാണ് ബലിവസ്ത്രങ്ങളണിഞ്ഞ വൈദീകൻ! തികച്ചും ആകസ്മികം. ഞങ്ങൾക്ക് വേണ്ടി ബലിയൊരുക്കി കാത്തിരിക്കുന്ന അനുഭവം. ഒരാഴ്ച്ചയിൽ മൂന്നുതവണ ഇങ്ങനെ സംഭാവിക്കുകയെന്നാൽ അതൊരു അത്ഭുതമല്ലേ?

*********
“വിത്ത് ചുമന്നുകൊണ്ടു വിലാപത്തോടെ വിതയ്ക്കാൻ പോകുന്നവർ കറ്റ ചുമന്നുകൊണ്ട് ആഹ്ലാദത്തോടെ വീട്ടിലേയ്ക്ക് മടങ്ങും” (സങ്കീർത്തനം 126:6)

മുഴുവൻ നേരവും പ്രാർഥനയും ധ്യാനവും ഒക്കെയായി നടക്കുന്ന എനിക്കും മിനിക്കും എന്തോ തകരാർ ഉണ്ടെന്നു വിധിപറഞ്ഞവരാണ് ഞങ്ങളുടെ പ്രിയപ്പെട്ടവർ പോലും! മക്കളുടെ കാര്യം ആര് നോക്കും എന്നായിരുന്നു പലരുടെയും നെറ്റിചുളിച്ചുള്ള ചോദ്യം.
“ദൈവം നോക്കും” എന്നുപറഞ്ഞ് നടന്നകലുമ്പോൾ ഞങ്ങൾക്കു തോന്നിയിട്ടുണ്ട് ഹൃദയവേദന. പത്തുവർഷം യൂറോപ്പിൽ ജോലി ചെയ്തിട്ടും ഒരു വീട് പോലും സ്വന്തമായി വാങ്ങാത്ത വിഡ്ഢിയും അവനു പിന്തുണ നല്കുന്ന ഭാര്യയും! ഇതായിരുന്നു വിമർശനങ്ങൾ!
രണ്ട് ആണ്‍മക്കളാണ് ഞങ്ങൾക്ക്; ദൈവം വളർത്താൻ ഏൽപ്പിച്ചവർ! മൂത്തവന്റെ എ ലെവൽ (ഹയർ സെക്കന്ററി) പരീക്ഷഫലം പുറത്തുവന്ന വേള. അകലെയുള്ള സർവകലാശാലയിൽ മകനെ അയക്കാൻ അമ്മയ്ക്ക് വിഷമം. അവൻ വീട്ടിൽ നിന്ന് പോയിവരാവുന്നിടത്ത് പഠിക്കണം എന്നായിരുന്നു അവളുടെ ആഗ്രഹം. അങ്ങനെ യൂനിവേഴ്സിടി ഓഫ് ലണ്ടനിൽ ബിഎസ്സി ഫൈനാൻസ് പഠിക്കാൻ അഡ്മിഷൻ ഉറപ്പായി. ഇക്കൊല്ലം മൂന്നിരട്ടിയാണ് ഇംഗ്ലണ്ടിൽ ഫീസ്‌ വർധന. കടബാധ്യത മാതാപിതാക്കൾക്ക് മാത്രമല്ല മകനും ഉറപ്പ്! ഒരു പാർട്ട്‌ ടൈം ജോലി ചെയ്‌താൽ അതൊരു സഹായം ആകും. എവിടെ തിരക്കും?
ഫൈനാൻസ് മേഖലയിൽ ഒരു പാർട്ട്‌ ടൈം ജോലി കണ്ടത്താൻ ആയിരുന്നു അവന്റെ ആഗ്രഹം. എവിടെ തിരയണം എന്ന് തിരക്കി അവൻ. പ്രാർഥിച്ചപ്പോൾ ദൈവം ബ്രിട്ടീഷ്‌ ടെലികോം എന്നാണ് കാട്ടിത്തന്നത് !
അവരുടെ വെബ്സൈറ്റ് നോക്കാൻ ഞാൻ മകനോട്‌ പറഞ്ഞു. അവനുവേണ്ടി ദൈവം അവിടെയൊരു അത്ഭുതം കാത്തുവച്ചിരുന്നു! എ ലെവൽ മികച്ച നിലയിൽ പാസായ ആറു കുട്ടികൾക്ക് ബ്രിട്ടീഷ്‌ ടെലികോമും ബ്രിട്ടീഷ്‌ ചാർറ്റേഡ് ഇൻസ്റ്റിറ്റിയൂറ്റ് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ടിങ്ങും ചേർന്ന് നൽകുന്ന ഒരു സ്കോളർഷിപ്പ്! പ്രതിവർഷം ഇരുപതിനായിരം പൌണ്ട്! കൂടാതെ കോഴ്സ് ഫീസ്‌ അവർ നല്കും; മറ്റു പഠനചിലവുകളും.
“സംഭവം കൊള്ളാം. പക്ഷേ, എനിക്ക് കിട്ടുമോ അച്ചാച്ചാ..?” സന്ദേഹിയായി അവൻ.
“ദൈവം നോക്കിക്കൊള്ളും” എന്റെ പതിവ് മറുപടി. അവൻ അത് വിശ്വസിച്ചുകാണണം.
തുടർന്ന് നിരവധി ടെസ്റ്റുകളും ഇന്റർവ്യൂ കളും. അവസാന ഇന്റർവ്യൂ നടന്ന അന്ന് രാത്രി മകൻ ഓടിവന്നു പറഞ്ഞു: “അച്ചാച്ചാ, അവരെന്നെ സെലക്ട്‌ ചെയ്തു!”
ദൈവമേ, അവിടുത്തെ നാമം മഹത്വപ്പെടട്ടെ!
പഠനം പൂർത്തിയാകുമ്പോൾ പ്രതിവർഷം അൻപതിനായിരത്തോളം പൌണ്ട് ശമ്പളത്തോടെ അവിടെത്തന്നെ നിയമനം.
*********
“തന്റെ പ്രിയപ്പെട്ടവർ ഉറങ്ങുമ്പോൾ കർത്താവ് അവർക്ക് വേണ്ടത് നല്കുന്നു” (സങ്കീർത്തനം 127:2)

ഇനി മുഴുവൻ സമയവും ദൈവവേലക്കായി ചിലവഴിക്കണം എന്ന് നിർദേശിച്ചത് എന്റെ ആത്മീയഗുരുവായ വൈദീകൻ. ചെറിയൊരു സോഫ്റ്റ്‌വെയർ ബിസിനസ്‌ ആയിരുന്നു ഞങ്ങളുടെ ഉപജീവനമാർഗം. ഏന്തിയും കിതച്ചും അത് മുന്നോട്ട് നീങ്ങുമ്പോഴാണ് അതുപോലും വേണ്ടെന്നു വയ്ക്കാൻ ദൈവാത്മാവിന്റെ നിർദേശം ആ വൈദീകനിലൂടെ ലഭിച്ചത്.
“പക്ഷേ, കുറെ ബാധ്യതകളുണ്ട് ബിസിനസിൽ. അത് കൊടുത്തു തീർക്കാതെ…” മിനി സങ്കടത്തോടെ തിരക്കി.
“ദൈവം അതിനും വഴി കണ്ടുവച്ചിട്ടുണ്ടാവും” ഇതായിരുന്നു ആത്മീയഗുരുവിന്റെ മറുപടി.
സത്യമായിരുന്നു ആ പ്രവചനം. രണ്ടു മാസത്തിനുള്ളിൽ ഞങ്ങൾക്ക് ബാധ്യതയുള്ള ബിസിനസ്സ് ഗ്രൂപ്പ് പറഞ്ഞു: “ആ ബാധ്യതയോർത്തു ബ്ലഡ്‌ പ്രഷർ കൂട്ടേണ്ട. അത് ഞങ്ങൾ വേണ്ടെന്നു വയ്ക്കുകയാണ്.”
സങ്കൽപ്പത്തിന് അതീതമായ വലിയൊരു തുകയായിരുന്നു അത്. അതുകേട്ട് വിതുമ്പിപ്പോയി എന്റെ ജീവിതപങ്കാളി.
ദൈവമേ, അങ്ങയുടെ വഴികൾ എത്ര വിശാലം; എത്രയോ പ്രവചനാതീതം!
*********
“ഒടുവിലാണ് ഞാൻ ഉണർന്നത് ; കാലാ പെറുക്കുന്നവനെപ്പോലെ ഞാൻ മുന്തിരിപ്പഴം ശേഖരിക്കുന്നവരുടെ പിന്നിലായി; എന്നാൽ കർത്താവിന്റെ അനുഗ്രഹം നിമിത്തം ഞാൻ മുൻപന്തിയിൽ എത്തി.” (പ്രഭാഷകൻ 33:16-18)

ഞങ്ങളുടെ ഇല്ലായ്മകളുടെ നിറവറുതിയിലും ദശാംശവും അതിൽകൂടുതലും ദൈവത്തിന്റെ മക്കൾക്ക്‌ സഹായമായി നൽകിയിരുന്നു ഞങ്ങൾ. നാട്ടിൽ മെഡിസിന് പഠിക്കുന്ന ഒരു കുട്ടി. അവൾക്ക് ഒരു കമ്പ്യൂട്ടർ ഉടനെ വേണം. തീർത്തും പാവപ്പെട്ട കുടുംബം. കടം വാങ്ങിയും കമ്പ്യൂട്ടറിനുള്ള പണം അയച്ചുകൊടുത്തു ഞങ്ങൾ. അപ്പോൾ ഞങ്ങളുടെ മകൻ സങ്കടത്തോടെ പറഞ്ഞു: “ആറു വര്ഷം പഴകിയ ഒരു ലാപ്ടോപ് ആണ് ഞാൻ ഉപയോഗിക്കുന്നത്; എന്നിട്ടും…”
“നിനക്കുള്ളതു ദൈവം തരും”- ഇതായിരുന്നു ഭാര്യയുടെ മറുപടി.
അവനു ദൈവം സമൃദ്ധമായി നല്കി; അവന്റെ പഠനത്തിന്റെ ഭാഗമായി മികച്ച ഒരു കമ്പ്യൂട്ടർ! ഞങ്ങൾ ആ പെണ്‍കുട്ടിക്ക് നല്കിയതിന്റെ കൃത്യം മൂന്നിരട്ടി വിലയുള്ള ഒന്ന്!
ദരിദ്രനോട് ദയകാട്ടുന്നവൻ കർത്താവിനു കടം കൊടുക്കുകയാണ്!

*********
“ഞാൻ നിനക്ക് മുൻപേപോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ഇരുമ്പ് ഓടാമ്പലുകൾ ഒടിക്കുകയും ചെയ്യും” (ഏശയ്യ 45:2)

2013 മെയ്‌ മൂന്നാം വാരം നാട്ടിലേയ്ക്കൊരു യാത്ര; നിനച്ചിരിക്കാത്ത വേളയിൽ.
പാൻക്രിയാസിൽ കാൻസർ ആണോ എന്ന് ഡോക്ടർമാർക്ക് ഒരു സന്ദേഹം. ചില രോഗലക്ഷണങ്ങൾ അത്തരമൊരു സാധ്യതയിലേയ്ക്ക് ചൂണ്ടുവിരൽ നീട്ടിയതോടെ മിനി നിർബന്ധിച്ചു തുടങ്ങി; ഉടനടി ചികിത്സ തുടങ്ങണം. രോഗം കുഴപ്പമില്ല; പ്രിയപ്പെട്ടവരുടെ നൊമ്പരം കാണാനാണ് പ്രയാസം.
“രോഗം കണ്ടെത്താൻ നാട്ടിലെ ഡോക്ടർമാരാണ് നല്ലത്!” ആരോ പറഞ്ഞു.
എന്നാൽ ആ വഴിക്ക് തന്നെയാവാം യാത്ര. അങ്ങനെയാണ് ഇത്തവണ നാട്ടിലേയ്ക്ക് വിമാനം കയറിയത്.
ലണ്ടനിൽ നിന്ന് പുറപ്പെടും മുൻപ് തന്നെ ലോകപ്രശസ്ത രോഗശാന്തി ശുശ്രൂഷകനായ ഡേമിയൻ സ്റ്റെയിൻ പ്രാർത്ഥനയ്ക്ക് ശേഷം പറഞ്ഞു: “Today’s’ tests are tomorrow’s testimonies; you are going to witness a miracle…
അത്ഭുതങ്ങൾ അവിടെ തുടങ്ങുകയായിരുന്നു. വിമാന ടിക്കറ്റ്‌ അത്ഭുതകരമായ വിലക്കുറവിൽ; ലണ്ടനിൽ നിന്ന് കൊച്ചി വരെ നാനൂറു പൌണ്ടിൽ താഴെമാത്രം. അതിശക്തമായ പുറംവേദനയായിരുന്നു അപ്പോൾ. ലണ്ടൻ മുതൽ ദുബായ് വരെ വേദന കടിച്ചുപിടിച്ചു യാത്ര. ഇനി ഒരു ചുവടു മുന്നോട്ടു വയ്ക്കാൻ പ്രയാസം.
ദുബായ് എയർപോർട്ടിൽ എത്തുമ്പോഴും കടുത്ത വേദനയായിരുന്നു. പിന്നിൽ നടന്നു വരുന്ന മിനിയെ കാണാൻ കഴുത്ത് തിരിക്കാൻ പ്രയാസം. ശരീരം പൂർണമായി തിരിഞ്ഞു നോക്കേണ്ട അവസ്ഥ. വീണ്ടും ഏതാനും മണിക്കൂർ ഇങ്ങനെ യാത്ര ചെയ്യുക പ്രയാസം.
കണക്ഷൻ ഫ്ലൈറ്റിനു ചെക്ക്‌ ഇൻ ചെയ്യാൻ ആനൌൻസ്മെന്റ്. അവിടെ ദൈവം ഇടപെട്ടു; രണ്ടുപേരുടെയും ടിക്കറ്റ്‌ ബിസിനസ് ക്ലാസിലെയ്ക്ക്‌ അപ്ഗ്രേഡ് ചെയ്തിരിക്കുന്നു! ഒരു കിടക്കയിൽ എന്നവണ്ണം കിടന്നു യാത്രചെയ്യാവുന്നവയാണ് എമിരേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകൾ.
ആശുപത്രികളിലും കണ്ടു ദൈവത്തിന്റെ ഇടപെടൽ. ഡേമിയൻ സ്റ്റെയിൻ പ്രവചിച്ചത് പോലെ തന്നെ, കാൻസർ ഇല്ലേയില്ല; മരുന്നുകൊണ്ട് മാറാവുന്ന ചില തകരാറുകൾ; അത്രമാത്രം.
പിന്നെയെന്തുകൊണ്ടാണ് ശരീരം അങ്ങനെയൊക്കെ പ്രതികരിച്ചതെന്നതിന് ഡോക്ടർമാർക്ക് ഉത്തരമില്ല. ആന്തരിക രക്തസ്രാവം എങ്ങനെയുണ്ടായി എന്നതിനും അവർക്കു മറുപടി ഇല്ല.

*****************
ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച പലതിനും ഇനിയും ഉത്തരങ്ങളില്ല. ആകസ്മികം എന്നു വിളിക്കാൻ എനിക്കാവില്ല.
അതേ, എനിക്കുപകരം അവൾ യാത്രയായിരിക്കുന്നു…
എന്റെ യാത്ര ഇനി തനിച്ചാണ്; ഏറിയാൽ അരനാഴിക നേരംകൂടി. എന്റെ ദൈവമേ, എന്തുകൊണ്ട് നീയെന്നെ ബാക്കിയാക്കി? സ്വപുത്രന്റെ ഇതുപോലൊരു ചോദ്യത്തിനും മൌനമായിരുന്നല്ലോ നിന്റെ മറുപടി!
എല്ലാം, അങ്ങയുടെ ഹിതം പോലെ….

You must be logged in to post a comment Login