ഗോവയില്‍ വീണ്ടും ക്രിസ്തുമസ്…

ഗോവയില്‍ വീണ്ടും ക്രിസ്തുമസ്…

പനാജി: ക്രിസ്തുമസ് കഴിഞ്ഞു, ന്യൂ ഇയറും കഴിഞ്ഞു… പക്ഷേ, ഗോവയില്‍ വീണ്ടും ക്രിസ്തുമസ് എത്തി. ഗോവയിലെ തെരുവുകള്‍ വീണ്ടും സജീവമായി. അവിടെ കരോള്‍ ഗാനങ്ങളുയര്‍ന്നു. സാന്താക്ലോസുമാര്‍ സമ്മാനങ്ങളുമായെത്തി..കുട്ടികള്‍ ആവേശഭരിതരായി ജിങ്കിള്‍ ബെല്‍സ് പാടി. ഇതെന്താ ഗോവയില്‍ രണ്ടു ക്രിസ്തുമസ് ഉണ്ടോ എന്ന് അതിശയിക്കേണ്ട, ഗോവയിലെത്തിയ റഷ്യന്‍ സഞ്ചാരികളാണ് വൈകിയെത്തിയ ഈ ക്രിസ്തുമസ് ആഘോഷത്തിന് ചുക്കാന്‍ പിടിച്ചത്.

ജൂലിയന്‍ കലണ്ടര്‍ പ്രകാരമാണ് റഷ്യ, ഈസ്റ്റേണ്‍ യൂറോപ്പ്, ഗ്രീസ്, തുടങ്ങിയ സ്ഥലങ്ങളിലെ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത്. ഡിസംബര്‍ 25 നു ശേഷം 13 ദിവസങ്ങള്‍ കൂടി ഇവര്‍ക്ക് ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി കാത്തിരിക്കണം.

‘സാധാരണയായി ഞാന്‍ വീട്ടിലാണ് ക്രിസ്തുമസ് ആഘോഷിക്കാറുള്ളത്. പക്ഷേ ഇത്തവണ ഞങ്ങള്‍ അവധിക്കാലം ആഘോഷിക്കാനാണ് ഇവിടെയെത്തിയത്. ഇവിടെയുള്ളവര്‍ക്കും റഷ്യന്‍ ക്രിസ്തുമസിനെക്കുറിച്ച് അറിയാമെന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തി’, റഷ്യന്‍ സഞ്ചാരിയായ ലെവ്‌ചെങ്കോ പറഞ്ഞു.

You must be logged in to post a comment Login