ഗ്വാഡലൂപ്പെ മാതാവും വിശുദ്ധ ജുവാനും

ഗ്വാഡലൂപ്പെ മാതാവും വിശുദ്ധ ജുവാനും

വര്‍ഷം 1531 ഡിസംബര്‍ 9 മെക്‌സിക്കോ.. മഞ്ഞുള്ള പ്രഭാതമായിരുന്നു അത്. ജുവാന്‍ ഡിയാഗോ കൗട്ട്‌ലാട്ടോട്ട്‌സിന്‍ പതിവുപോലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനായി പള്ളിയിലേക്ക് പോവുകയായിരുന്നു.

അപ്പോള്‍ അദ്ദേഹം അവിസ്മരണീയമായ ഒരു കാഴ്ച കണ്ടു. ഒരു റെഡ് ഇന്ത്യന്‍ പതിനാറുകാരിയുടെ രൂപത്തില്‍ പരിശുദ്ധ കന്യാമറിയം മുമ്പില്‍.. അത്ഭുതസ്തംബധനായി നിന്ന ജുവാനോട് പരിശുദ്ധ അമ്മ പറഞ്ഞു.

ഇവിടെ എന്റെ നാമത്തില്‍ ഒരു ആശ്രമം പണിയുക. ടെപ്പിയാക് കുന്നിന്‍മുകളിലായിരുന്നു അമ്മ പ്രത്യക്ഷപ്പെട്ടത്. ജുവാന്‍ തനിക്ക് മാതാവ് പ്രത്യക്ഷപ്പെട്ട കാര്യം അധികാരികളെ അറിയിച്ചുവെങ്കിലും അവരാരും അത് വിശ്വസിച്ചില്ല. കാരണം യാതൊരു കുലമഹിമയും ഇല്ലാത്ത ആളായിരുന്നു ജുവാന്‍. റെഡ് ഇന്ത്യന്‍ വംശത്തിലെ ചിച്ചിമെക്ക ഗോത്രത്തിലായിരുന്നു അദ്ദേഹം ജനിച്ചത്.

അധികാരികള്‍ തന്നെ വിശ്വസിക്കുന്നില്ല എന്ന് മനസ്സിലായപ്പോള്‍ ജുവാന് വിഷമമായി. അപ്പോള്‍ അധികാരികള്‍ പറഞ്ഞു, മാതാവാണ് പ്രത്യക്ഷപ്പെട്ടതെങ്കില്‍ അത് വിശ്വസിക്കേണ്ടതിന് ഒരു അടയാളം തരാന്‍ പറയൂ. അടുത്തദിവസം മാതാവ് വീണ്ടും ജുവാന് പ്രത്യക്ഷപ്പെട്ടു. അപ്പോള്‍ അധികാരികള്‍ പറഞ്ഞ കാര്യം മാതാവിനെ അറിയിച്ചു.

ഡിസംബര്‍ 12 ന് മാതാവ് വീണ്ടുംം ജുവാന് പ്രത്യക്ഷപ്പെട്ടു. കുന്നിന്‍മുകളിലേക്ക് കയറിവരാന്‍ മാതാവ് ആവശ്യപ്പെട്ടു. ജുവാന്‍ നോക്കിയപ്പോള്‍ അവിടെയെങ്ങും മഞ്ഞ റോസപ്പൂക്കള്‍. പൂക്കള്‍ വിടരാത്ത കാലമായിരുന്നു അത്..

ഈ പൂക്കള്‍ പറിച്ചെടുക്കൂ. മാതാവ് പറഞ്ഞു.

ജുവാന്‍ അത്ഭുതത്തോടും സന്തോഷത്തോടും കൂടി പൂക്കള്‍ പറിച്ചെടുത്ത് മേലങ്കിക്കുള്ളില്‍ ശേഖരിച്ചു. മാതാവ് ആ പൂക്കള്‍ വാങ്ങി ഒരു ബൊക്കെയുണ്ടാക്കി തന്റെ മേല്‍വസ്ത്രത്തില്‍ പൊതിഞ്ഞ് ജുവാന് തിരികെ കൊടുത്തു.

ഈ ബൊക്കെ ബിഷപ്പിന് കൊടുക്കൂ..അദ്ദേഹം ഈ തെളിവ് കാണുമ്പോള്‍ വിശ്വസിച്ചുകൊള്ളും.

ജൂവാന്‍ മെത്രാന്റെ അടുക്കലേക്ക് ഓടി. അവിടെയെത്തി മേലങ്കി തുറന്നു. അതാ വീഴുന്നു അസാധാരണ സുഗന്ധമുള്ള അപൂര്‍വ്വമായ പൂക്കള്‍. അപ്പോള്‍ അതിനൊപ്പം മറ്റൊന്നുകൂടി സംഭവിച്ചു. ജൂവാന്റെ മേല്‍വസ്ത്രത്തില്‍ ഗര്‍ഭിണിയായ പതിനാറുകാരിയുടെ രൂപത്തില്‍ മാതാവിന്റെ ചിത്രം തെളിഞ്ഞുവന്നു.

അതോടെ ജുവാനെ സംശയിച്ചിരുന്നവരുടെയെല്ലാം സംശയങ്ങള്‍ മാറിക്കിട്ടി. അമേരിക്കന്‍ വന്‍കരയില്‍ പരിശുദ്ധ മറിയത്തിന്റെ പ്രത്യക്ഷീകരണത്തിന് അങ്ങനെ സാക്ഷ്യം വഹിക്കാന്‍ റെഡ് ഇന്ത്യന്‍ വംശജനായ ജൂവാന് ഭാഗ്യം സിദ്ധിച്ചു.

പുതുതായി തീര്‍ത്ത പള്ളിയോട് ചേര്‍ന്ന് ഒരു കുടില്‍ കെട്ടി താപസതുല്യമായ ജീവിതമാണ് പില്ക്കാലത്ത് ജുവാന്‍ നയിച്ചത്. മാതാവിന്റെ സന്ദേശവാഹനകായി ജനങ്ങള്‍ അദ്ദേഹത്തെ അംഗീകരിച്ചു. 1548 ല്‍ അദ്ദേഹം അന്തരിച്ചു. പരിശുദ്ധ മറിയത്തിന്റെ നാമത്തിലുള്ള ഗ്വാഡലൂപ്പെയിലെ ആദ്യ ചാപ്പലിലാണ് ജുവാന്റെ ഭൗതികശരീരം അടക്കം ചെയ്തത്. 1990 മെയ് ആറിന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ജുവാനെ വാഴ്ത്തപ്പെട്ടവനായും 2002 ജൂലൈ 31 ന് വിശുദ്ധനായും ഉയര്‍ത്തി.

ഏറ്റവും കൂടുതല്‍ കത്തോലിക്കര്‍ തീര്‍ത്ഥാടനത്തിന് അണയുന്നതില്‍ മൂന്നാം സ്ഥാനത്താണ് ഇന്ന് ഗ്വാഡലൂപ്പെ. 2009 ഡിസംബര്‍ 11, 12 തീയതികളില്‍ 6.1 മില്യന്‍ തീര്‍ത്ഥാടകരാണ് ഇവിടെയെത്തിയത്. പ്രത്യക്ഷീകരണത്തിന്റെ ജൂബിലിയോട് അനുബന്ധിച്ചായിരുന്നു അത്.

ഔദ്യോഗികമായ കത്തോലിക്കാവിശ്വാസമനുസരിച്ച് നാലുതവണ ജുവാന് മാതാവ് പ്രത്യക്ഷപ്പെട്ടി്ടുണ്ട്. ജുവാന്റെ അമ്മാവന്റെ രോഗസൗഖ്യവും ഗാഡ്വലൂപ്പെ മാതാവിന്റെ ചരിത്രവുമായി ബന്ധപ്പെ്ട്ടു കിടക്കുന്നു. മെക്‌സിക്കോയുടെ രാജ്ഞിയായി പോപ്പ് ലിയോ പതിമൂന്നാമനാണ് ഗ്വാഡലൂപ്പെ മാതാവിനെ പ്രഖ്യാപിച്ചത്. അമേരിക്കയുടെ മധ്യസഥ, ലാറ്റിന്‍ അമേരിക്കയുടെ ചക്രവര്‍ത്തിനി, അജാതശിശുക്കളുടെ സംരക്ഷക തുടങ്ങിയ ശീര്‍ഷകങ്ങളും ഗ്വാഡലൂപ്പെ മാതാവിനുണ്ട്..അവസാനത്തെ രണ്ട് വിശേഷണങ്ങള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ നല്കിയതാണ്.

1966 ല്‍ പോപ്പ് പോള്‍ ആറാമന്‍ മാതാവിന്റെ ഈ ചിത്രത്തിന് ഒരു സ്വര്‍ണ്ണറോസപ്പൂവ് സമ്മാനിക്കുകയുണ്ടായി. ഫ്രാന്‍സി്‌സ് മാര്‍പാപ്പ 2013 നവംബര്‍ 18 ന് കര്‍ദിനാള്‍ ഔലറ്റ് വഴി രണ്ടാമതും ഒരു സ്വര്‍ണ്ണറോസപ്പൂവ് മാതാവിന് സമ്മാനിക്കുകയുണ്ടായി.

മെക്‌സിക്കോ പര്യടന വേളയില്‍ അദ്ദേഹം ഒരു സ്വര്‍ണ്ണം പൂശിയ വെള്ളികിരീടം മാതാവിന് ചാര്‍ത്തുകയുണ്ടായി. എന്റെ അമ്മ എന്റെ പ്രത്യാശ എന്നാണ് അതിലെഴുതിയിരിക്കുന്നത്.

 

ബിജു

 

 

You must be logged in to post a comment Login