ചരിത്രം കുറിച്ച സ്ഥാനാരോഹണത്തിന് 3 വയസ്സ്….

ചരിത്രം കുറിച്ച സ്ഥാനാരോഹണത്തിന് 3 വയസ്സ്….

മൂന്നു വര്‍ഷം മുന്‍പുള്ള വത്തിക്കാനിലെ ഒരു സന്ധ്യാസമയം.. ചിന്നിയും ചിതറിയും ഇടയ്ക്കിടെ ഭീഷണി മുഴക്കിക്കൊണ്ടിരുന്ന മഴ നിലച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തിയ, വിവിധ ഭാഷകള്‍ സംസാരിക്കുന്ന, പല നിറവും രൂപവുമുള്ള ആളുകളെക്കൊണ്ട് സെന്റ് പീറ്റേഴ്‌സ് ചത്വരം നിറഞ്ഞിരുന്നു. സിസ്റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിക്കുഴലില്‍ കൂടി വെളുത്ത പുകയുയര്‍ന്നു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ആഹ്ലാദത്തിന്റെ പള്ളിമണികള്‍ മുഴങ്ങി. കത്തോലിക്കാ സഭക്ക് പുതിയ മാര്‍പാപ്പയെ ലഭിച്ചതിന്റെ സന്തോഷത്തില്‍ വിശ്വാസികളുടെ ചുണ്ടില്‍ നിന്നും വീവാ ഇല്‍ വിളികള്‍ മുഴങ്ങി.

അതെ.. ഫ്രാന്‍സിസ് പാപ്പ പത്രോസിന്റെ സിംഹാസനത്തിലെ 266-ാമത്തെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം. പ്രത്യേകതകള്‍ പലതുമുണ്ടായിരുന്നു ആ തിരഞ്ഞെടുക്കപ്പെടലിന്.. യൂറോപ്പിന് പുറത്തുനിന്നുള്ള ആദ്യത്തെ മാര്‍പാപ്പ, ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍ാപാപ്പാ, ദക്ഷിണാര്‍ത്ഥഗോളത്തില്‍ നിന്നുമുള്ള ആദ്യത്തെ പാപ്പാ, ഈശോസഭാംഗമായ ആദ്യത്തെ പാപ്പാ, ഫ്രാന്‍സിസ് എന്ന പേരു സ്വീകരിക്കുന്ന ആദ്യത്തെ പാപ്പാ… അങ്ങനെ പലതും…

അസ്സീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ പേരു സ്വീകരിച്ചതു തന്നെ ദൈവേച്ഛികമാകാം. പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും സ്വന്തമായിക്കണ്ട ആ പുണ്യാത്മാവിനെപ്പോലെ തന്നെ പ്രകൃതിക്കു വേണ്ടി, വരുംതലമുറക്കു വേണ്ടി ഭൂമിയെ സംരക്ഷിക്കുന്നതിനു വേണ്ടി അദ്ദേഹം സദാ വാദിച്ചു. അതിനായി ‘ലൗദാത്തോ സി’ എന്ന ചാക്രിക ലേഖനം തന്നെ എഴുതി. പേരുകാരനായ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ തന്നെ ലാളിത്യം ജീവിതശൈലിയായി സ്വീകരിച്ചു. സ്ഥാനമേറ്റപ്പോള്‍ പോലും മാര്‍പാപ്പമാര്‍ സ്ഥിരമായി അണിയാറുള്ള സ്വര്‍ണ്ണ പേപ്പല്‍ മോതിരത്തിനു പകരം വെള്ളിയില്‍ തീര്‍ത്ത സാധാരണ മോതിരമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. വത്തിക്കാനിലെ പേപ്പല്‍ അപ്പാര്‍ട്ട്‌മെന്റിനു പകരം സാന്റ മാര്‍ത്തയിലെ പ്രത്യേക വസതി അദ്ദേഹം താമസിക്കാനായി തിരഞ്ഞെടുത്തു.

1939 ഡിസംബര്‍ 30 ന് അര്‍ജന്റീനയിലാണ് ജനനം. ഇറ്റലിയില്‍ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു മാതാപിതാക്കള്‍. ശാരീരിക അവശതകള്‍ മൂലം ബനഡിക്ട് പതിനാറാമന്‍ പാപ്പ രാജിവെച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസ് രൂപതയുടെ തലവനായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹമപ്പോള്‍. അങ്ങനെ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മരിയോ ബര്‍ഗോളിയോ ഫ്രാന്‍സിസ് പാപ്പയായി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഏറെ ജനകീയനായ പാപ്പയുമായി. ജാതിമതഭേദമന്യേ അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറെ ശ്രദ്ധയോടെയാണ് ജനങ്ങള്‍ ശ്രവിക്കുന്നത്. പുരോഗമനപരമായ അദ്ദേഹത്തിന്റെ പല നിലപാടുകളും ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുമുണ്ട്…

പരിശുദ്ധ സിംഹാസനത്തില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഫ്രാന്‍സിസ് പാപ്പക്ക് ഹൃദയവയലിന്റെ ആശംസകള്‍…..

You must be logged in to post a comment Login