ചരിത്രത്തെ വിഭജിച്ച കുരിശിന്റെ ചരിത്രം

ചരിത്രത്തെ വിഭജിച്ച കുരിശിന്റെ ചരിത്രം

jesus-on-the-cross-for-us‘കുരിശ്’- ചരിത്രത്തെത്തന്നെ ക്രിസ്തുവിനും മുമ്പെന്നും ക്രിസ്തുവിനു ശേഷമെന്നും രണ്ടായി വിഭജിച്ച, മനുഷ്യകുലത്തെ പാപമുക്തമാക്കിയ രക്ഷയുടെ അടയാളം. സഹനത്തീയില്‍ വെന്തുരുകുമ്പോള്‍ നമ്മില്‍ പലരും അഭയം കണ്ടെത്തുക കുരിശിലാണ്, കുരിശിലൂടെ നമുക്കു ലഭിച്ച രക്ഷയിലാണ്. ക്രിസ്തു മരണം വരിച്ച കുരിശിന്റെ ഉത്ഭവം എവിടെനിന്നാണ്? അവിടുത്തെ മരണശേഷം ഈ കുരിശിനെന്തു സംഭവിച്ചു? ഇത്തരം ചോദ്യങ്ങളുടെ ഉത്തരം അറിയാന്‍ ആഗ്രഹമുണ്ടോ? കുരിശിന്റെ പുകഴ്ചയുടെ ഈ ദിനത്തില്‍ കൗതുകമുണര്‍ത്തുന്ന അത്തരം ചില കഥകള്‍ തേടി പോകാം.

കുരിശിന്റെ ഉത്ഭവം എവിടെനിന്ന്?
കുരിശിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി കഥകളുണ്ട്. ‘ദ ലൈഫ് ഓഫ് ആദം’ എന്ന പുസ്തകത്തില്‍ വൊരേജിന്‍ രേഖപ്പെടുത്തിയ കഥയാണ് അക്കൂട്ടത്തില്‍ ഏറ്റവും പ്രചാരം നേടിയവയിലൊന്ന്. ‘കരുണയുടെ മര’ച്ചുവട്ടില്‍ നിന്നും ആദത്തിന്റെ മൂന്നാമത്തെ മകനായ സേത്ത് മൂന്നു വിത്തുകള്‍ പെറുക്കിയെടുത്തു. ഈ വിത്തുകള്‍ സേത്ത് തന്റെ പിതാവിന്റെ കല്ലറയിങ്കല്‍ നട്ടു. ഇതില്‍ നിന്നും വളര്‍ന്ന മൂന്നു വൃക്ഷങ്ങളുടെ ശാഖയില്‍ നിന്നാണ് ക്രിസ്തുവിന്റെ കുരിശ് ഉണ്ടാക്കിയതത്രേ. ഏദന്‍തോട്ടത്തിലെ അറിവിന്റെ വൃക്ഷത്തിന്റെ ശാഖയില്‍ നിന്നാണ് കുരിശിന്റെ ഉത്ഭവമെന്നു വിശ്വസിക്കുന്നവരുമുണ്ട്.

ഷേബാ രാജ്ഞിയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു കഥ. സേത്ത് നട്ട വൃക്ഷങ്ങളുടെ തടി കൊണ്ട് പില്‍ക്കാലത്ത് പാലം പണിയപ്പെട്ടു. ഈ പാലം കടന്നാണ് സോളമന്‍ രാജാവിനെക്കാണാന്‍ രാജ്ഞി എത്തിയത്. എന്നാല്‍ പാലത്തിലെ ഒരു തടിയില്‍ തട്ടി രാജ്ഞി വീഴുകയും പാലം ഒരു ദു:ശ്ശകുനമാണെന്ന് കരുതുകയും ചെയ്തു. ഈ പ്രത്യേക തടി ജൂതരുടെ നാശത്തിനിടയാകുമെന്ന് അവര്‍ സോളമന്‍ രാജാവിനെ അറിയിച്ചതിനെത്തുടര്‍ന്ന് തടി കത്തിച്ചു കളയാന്‍ രാജാവ് ഉത്തരവിട്ടു. പില്‍ക്കാലത്ത് പാലം നിര്‍മ്മിക്കാനുപയോഗിച്ച തടികളില്‍ നിന്നുമാണ് കുരിശ് ഉണ്ടാക്കിയതെന്നും പറയപ്പെടുന്നു.

ക്രിസ്തുവിന്റെ മരണശേഷം കുരിശിനെന്തു സംഭവിച്ചു?
ക്രിസ്തു കുരിശില്‍ മരിച്ചു എന്നതിനെക്കുറിച്ച് വിശ്വാസികള്‍ക്കിടയില്‍ തര്‍ക്കങ്ങളി
ല്ല. എന്നാല്‍ അതിനുശേഷം കുരിശിനെന്തു സംഭവിച്ചു? യേശുവിന്റെ ശിഷ്യന്‍മാര്‍ക്ക് കുരിശ് കണ്ടെടുക്കാന്‍ സാധിച്ചില്ല എന്ന് ചരിത്രം പറയുന്നു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ വിശുദ്ധ ഹെലേനയാണ് കുരിശ് കണ്ടെടുത്തത് എന്നതിനെക്കുറിച്ചും കഥകളുണ്ട്.

ജറുസലേം നഗരത്തില്‍ ഒരു തീര്‍ത്ഥയാത്രക്കെത്തിയ വിശുദ്ധ ഹെലേന ക്രിസ്തു കുരിശില്‍ മരിച്ച സ്ഥലത്തെത്തി. അവിടെ വിഗ്രഹാരാധകരുടെ ഒരു അമ്പലം പണിയപ്പെട്ടിരുന്നു. അമ്പലം നിലംപതിക്കാന്‍ ഹെലേന പ്രാര്‍ത്ഥിച്ചു. ഉടനെ അതു നിലം പൊത്തുകയും മണ്ണുകൊണ്ടു മൂടപ്പെട്ട് ഭൂമിക്കടിയിലായിരുന്ന മൂന്നു കുരിശുകള്‍ കണ്ടെത്തുകയും ചെയ്തു. യേശുവിനോടൊപ്പം കുരിശില്‍ മരിച്ച രണ്ടു കള്ളന്‍മാരുടേതായിരുന്നു മറ്റു രണ്ടു കുരിശുകള്‍. ഇതിലേതാണ് ക്രിസ്തുവിന്റെ കുരിശ് എന്നു കണ്ടെത്തുക പ്രയാസമായിരുന്നു. അന്ന് ജറുസലേം നഗരത്തിന്റെ പ്രസിഡന്റായിരുന്ന മക്കേരിയസാണ് ഈ ആശയക്കുഴപ്പം പരിഹരിച്ചത്. ദീര്‍ഘനാളായി രോഗാവസ്ഥയിലായിരുന്ന ഒരു സ്ത്രീയെ അദ്ദേഹം കുരിശിന്റെ അടുക്കല്‍ കൊണ്ടുവന്നു. കുരിശില്‍ സ്പര്‍ശിച്ചയുടന്‍ ഈ സ്ത്രീ സുഖം പ്രാപിച്ചു. അങ്ങനെ ഈ കുരിശ് ക്രിസ്തുവിന്റേതാണെന്ന് ഉറപ്പിക്കുകയായിരുന്നു.
കുരിശിന്റെ കുറച്ചു ഭാഗങ്ങള്‍ ഹെലേന കൊട്ടാരത്തിലേക്കു കൊണ്ടുവരികയും ബാക്കി മുഴുവനും ഒരു വെള്ളിക്കടലാസില്‍ പൊതിഞ്ഞ് ജറുസലേമിലെ ബിഷപ്പിനെ സംരക്ഷിക്കാനായി ഏല്‍പ്പിക്കുകയും ചെയ്തു.

സെപ്റ്റംബര്‍ 14ഉം കുരിശിന്റെ പുകഴ്ചയുടെ ദിനവും
AD 614 ല്‍ കോസ്‌റോസ് രണ്ടാമന്‍ എന്ന പേര്‍ഷ്യന്‍ രാജാവ് പലസ്തീന്‍ ആക്രമിക്കുകയും രാജ്യത്തെ മറ്റു സ്വത്തുക്കള്‍ക്കൊപ്പം ക്രിസ്തുവിന്റെ കുരിശും കൈവശപ്പെടുത്തുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിലെ ഹെറാക്ലിറ്റസ് ചക്രവര്‍ത്തി കോസ്‌റോസ് രണ്ടാമനോടു യുദ്ധം ചെയ്ത് കുരിശു വീണ്ടെടുത്തു. കുരിശ് ജറുസലേമിലേക്കു കൊണ്ടുവരികയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. എന്നാല്‍ രാജാധികാരത്തിന്റെ ചിഹ്നങ്ങളായ സ്വര്‍ണ്ണത്തിലും കല്ലുകളിലും തീര്‍ത്ത ആഭരണങ്ങളുടെ ഭാരം മൂലം അദ്ദേഹത്തിന് ഒരടി പോലും മുന്നോട്ടു നീങ്ങാനായില്ല. ഉടന്‍ രാജാവ് അവയെല്ലാം അഴിച്ചുമാറ്റുകയും നഗ്നപാദനായി കാല്‍വരിമലയിലെത്തി കുരിശ് അവിടെ സ്ഥാപിക്കുകയും ചെയ്തു. ഇതിന്റെ സ്മരണക്കായാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14ന് കുരിശിന്റെ പുകഴ്ചയുടെ ദിനമായി ആചരിക്കുന്നത്.

You must be logged in to post a comment Login