ചരിത്രപ്രസിദ്ധമായ സെന്റ് ഹോര്‍മീസ് പള്ളിയുടെ കൂദാശ ജനുവരി 10 ന്

ചരിത്രപ്രസിദ്ധമായ സെന്റ് ഹോര്‍മീസ് പള്ളിയുടെ  കൂദാശ ജനുവരി 10 ന്

കൊച്ചി: അങ്കമാലിയിലെ ചരിത്രപ്രസിദ്ധമായ സെന്റ് ഹോര്‍മീസ് പള്ളിയുടെ നവീകരണാനന്തരമുള്ള കൂദാശ ഈ മാസം 10 നു നടക്കും. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കൂദാശാ കര്‍മ്മം നിര്‍വ്വഹിക്കും.

16-ാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ സുറിയാനി ക്രിസ്ത്യാനികളുടെ മെത്രാപ്പോലീത്തയായിരുന്ന മാര്‍ എബ്രഹാമിന്റെ കബറിടം ഉള്‍ക്കൊള്ളുന്ന പള്ളിയാണ് സെന്റ് ഹോര്‍മീസ് ദേവാലയം. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറില്‍ ദേവാലയത്തിന്റെ മദ്ബഹ പൊളിക്കുന്നതിനിടയിലാണ് മാര്‍ എബ്രഹാമിന്റെ കബറിടം കണ്ടെത്തിയത്. കബറിടത്തിന് 432 വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. മദ്ബഹയുടെ വലതുവശത്ത് എല്ലാവര്‍ക്കും കാണാനാകും വിധം കബറിടം സൂക്ഷിച്ചിട്ടുണ്ട്.

എറണാകുളം-അങ്കമാലി അതിരൂപതയുടെ സോഷ്യല്‍ വെല്‍ഫെയര്‍ സര്‍വ്വീസസിന്റെ നേതൃത്വത്തിലുള്ള കാരുണ്യ ഇന്‍ഷുറന്‍സ് ആരോഗ്യപദ്ധതിയും കൂദാശാ കര്‍മ്മത്തോടനുബന്ധിച്ച് മാര്‍ ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കരുണയുടെ വര്‍ഷത്തോടനുബന്ധിച്ച് അങ്കമാലി ബസലിക്ക നടത്തുന്ന വിവിധ കാരുണ്യപദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. മാര്‍ എബ്രഹാമിനെക്കുറിച്ചും ദേവാലയത്തെക്കുറിച്ചുമുള്ള വിവരങ്ങളുള്‍പ്പെടുത്തി ഡോ.ഇഗ്നേഷ്യസ് പയ്യപ്പിള്ളി രചന നിര്‍വ്വഹിച്ച പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യും.

You must be logged in to post a comment Login