ചരിത്രമാകാന്‍ ഒരു ചരിത്രയാത്ര

ചരിത്രമാകാന്‍ ഒരു ചരിത്രയാത്ര

ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് ആരംഭിക്കുന്ന മെക്‌സിക്കോ പര്യടനം ഒരു ചരിത്രത്തിലേക്കാണ് പ്രവേശിക്കുന്നത്. മെക്‌സിക്കോയുടെ മണ്ണിലേക്ക് ഒരു പാപ്പയുടെ ഏഴാമത് സന്ദര്‍ശനമാണിത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അഞ്ചു തവണയും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഒരു തവണയും മെക്‌സിക്കോ സന്ദര്‍ശിച്ചിട്ടുണ്ട്. 1979 ല്‍ ആയിരുന്നു ജോണ്‍ പോള്‍രണ്ടാമന്‍ പാപ്പ മെക്‌സിക്കോ സന്ദര്‍ശിച്ചത്.

എല്ലാ പാപ്പമാര്‍ക്കും സന്തോഷം നല്കുന്ന അനുഭവങ്ങളാണ് മെക്‌സിക്കോ സമ്മാനിച്ചിരിക്കുന്നതെന്ന് വത്തിക്കാന്‍ ഔദ്യോഗികവക്താവ് ഫെഡറിക്കോ ലൊംബാര്‍ഡി.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പന്ത്രണ്ടാമത് അന്താരാഷ്ട്ര പര്യടനമാണിത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ജനക്കൂട്ടത്തെ കടന്നുപോയപ്പോള്‍ അവര്‍ ഉറക്കെ വിലപിക്കുകയും ചിരിക്കുകയും സന്തോഷിക്കുകയും ചെയ്തു. അതേ അനുഭവം ഫ്രാന്‍സിസ് മാര്‍പാപ്പ കടന്നുപോകുമ്പോഴും സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ലൊംബാര്‍ദി അച്ചന്‍ പറഞ്ഞു.

ആദ്യ ലാറ്റിന്‍ അമേരിക്കന്‍ പാപ്പയെ കാണാന്‍ മെക്‌സിക്കോയിലെ ജനങ്ങള്‍ കാത്തിരിക്കുകയാണ്..അവരെല്ലാവരും പാപ്പയെ സ്‌നേഹിക്കുന്നു. അദ്ദേഹത്തെ അവിടെ ഭീഷണിപ്പെടുത്തുന്നില്ല. ഫെഡറിക്കോ ലൊംബാര്‍ദി പറഞ്ഞു.

കിലോമീറ്ററുകളോളമുള്ള തുറന്ന പോപ്പ് മൊബൈലിലുള്ള യാത്ര, യുവജനങ്ങള്‍, കുടുംബം, വൈദികര്‍, അധികാരികള്‍, തദ്ദേശീയര്‍, കുടിയേറ്റക്കാര്‍ എന്നിവരുമായുള്ള കണ്ടുമുട്ടല്‍, കാന്‍സര്‍ രോഗബാധിതരായ കുട്ടികളുടെ ആശുപത്രി സന്ദര്‍ശനം എന്നിവയെല്ലാം മെക്‌സിക്കോ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതില്‍ ഏറ്റവും പ്രധാനം റഷ്യന്‍ പാത്രിയാര്‍ക്ക കിറിലുമായുള്ള കണ്ടുമുട്ടലാണ്.

വെള്ളിയാഴ്ച രാത്രി 7.30 നാണ് മെക്‌സിക്കോയിലെ അന്താരാഷ്ട്ര വിമാനത്താവളമായ ബെനിറ്റോ ജൂവാരെസില്‍ പാപ്പ വന്നിറങ്ങുന്നത്. ലളിതമായ ചടങ്ങുകള്‍ മാത്രമേ സ്വീകരണവുമായി ഒരുക്കിയിട്ടുള്ളൂ. പ്രസിഡന്റും പ്രഥമ വനിതയും കൂടിയാണ് പാപ്പയെ സ്വീകരിക്കുന്നത്. അന്നേ ദിവസം പ്രത്യേക പരിപാടികളൊന്നുമില്ല.

ശനിയാഴ്ച മുതലാണ് ഔദ്യോഗികമായ ചടങ്ങുകള്‍ ആരംഭിക്കുന്നത്.1,200 പേര്‍ പങ്കെടുക്കുന്ന സ്വാഗതച്ചടങ്ങുകള്‍ അന്നാണ് നടക്കുന്നത്..

You must be logged in to post a comment Login