ചരിത്രമായി മാറിയ ‘യെസ്’….

ചരിത്രമായി മാറിയ ‘യെസ്’….

വത്തിക്കാന്‍: നിങ്ങളുടെ ‘യെസ്’ ചിലപ്പോള്‍ ചരിത്രമായി മാറിയേക്കാം എന്നത് സിനിമയിലെ ഹിറ്റ് ഡയലോഗ് മാത്രമല്ല. മനുഷ്യകുലത്തിന്റെ ചരിത്രത്തെ തന്നെ മാറ്റിമറിച്ച ഒരു ‘യെസ്’ ഉണ്ട്. അതിനെക്കുറിച്ചാണ് മംഗലവാര്‍ത്താതിരുനാള്‍ ദിനമായി ഇന്നലെ സാന്റ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ ഫ്രാന്‍സിസ് പാപ്പ സംസാരിച്ചത്. ചരിത്രമായ മാറിയ ആ ‘യെസ്’ പറഞ്ഞത് പരിശുദ്ധ കന്യകാമറിയം ആണ്. ദൈവഹിതത്തിന് ആമ്മേന്‍ പറഞ്ഞുകൊണ്ടുള്ള ‘യെസ്’ ആയിരുന്നു അത്.

‘മറിയത്തിന്റെ ‘യെസ്’ ക്രിസ്തുവിലേക്കുള്ള വാതില്‍ തുറന്നു. ക്രിസ്തു ചെയ്തതും ദൈവഹിതത്തിന് ‘യെസ്’ പറയുകയാണ്. എന്റെ ഇഷ്ടം നിറവേറ്റാനല്ല, മറിച്ച് അവിടുത്തെ ഇഷ്ടം നിറവേറ്റാനാണ് ഞാന്‍ വന്നത് എന്നാണ് ഈശോ പറഞ്ഞത്’, ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

മറിയത്തിന്റെ സമ്മതം മൂളലിലൂടെ ദൈവപുത്രന്‍ മനുഷ്യനായി അവതരിച്ചു. അവിടുന്ന് നമ്മളിലൊരാളായി. ആ സമ്മതം മൂളലിന്റെ ആഘോഷമാണിന്ന്. ദൈവത്തിന്റെ ‘യെസ്’ ആണ് നമ്മെ വിശുദ്ധീകരിക്കുന്നതും ക്രിസ്തുവില്‍ ജീവിപ്പിക്കുന്നതും.

പഴയ നിയമത്തില്‍ പിതാവായ ദൈവത്തോട് ‘യെസ്’ പറഞ്ഞ പൂര്‍വ്വപിതാക്കന്‍മാരെയും ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു. അബ്രാഹവും മോശയും മറുത്തൊന്നും ചിന്തിക്കാതെ ദൈവത്തോട് ‘യെസ്’ പറഞ്ഞു. ഏശയ്യായും ജറമിയായും ആദ്യം വിമുഖത പ്രകടിപ്പിച്ചെങ്കിലും പിന്നീട് ദൈവഹിതത്തിന് തങ്ങളെത്തന്നെ സമര്‍പ്പിക്കുകയാണ് ചെയ്‌തെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login