ചാനലിലെ കന്യാസ്ത്രീ

ചാനലിലെ കന്യാസ്ത്രീ

ചാനലില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീയോ? ക്യാമറയും തൂക്കി കാഴ്ചകള്‍ പകര്‍ത്തുന്നത് ഒരു കന്യാസ്ത്രീയോ? ആര്‍ക്കും അത്ഭുതം തോന്നാം. പ്രത്യേകിച്ച് ഇന്ത്യയില്‍. കാരണം ചാനല്‍ പ്രവര്‍ത്തനം ഒരു കന്യാസ്ത്രീക്ക് അത്ര യോജിച്ച ഇടമായി നമ്മുടെ സമൂഹം കാണുന്നില്ല.

അനാഥാലയം നടത്തുക, വൃദ്ധമന്ദിരം നടത്തുക,പ്രാര്‍ത്ഥിക്കുക..ഇത് കൂടാതെ അധ്യാപിക, നേഴ്‌സ് കൂടിപ്പോയാല്‍ ഡോക്ടര്‍.. തീര്‍ന്നു പലപ്പോഴും കന്യാസ്ത്രീകള്‍ക്കായി നാം പരിമിതപ്പെടുത്തിയിരിക്കുന്ന മണ്ഡലങ്ങള്‍.

പക്ഷേ ചാനല്‍ പ്രവര്‍ത്തനം നടത്തുന്ന ഒരു കന്യാസ്ത്രീയുമുണ്ട്, നമ്മുടെ നാട്ടില്‍. അതും ഹൈന്ദവരുടെ പുണ്യസ്ഥലങ്ങളിലൊന്നായി കരുതപ്പെടുന്ന ഉജ്ജെയ്‌നില്‍. സീറോ മലബാര്‍ മിഷന്‍ രൂപതയായ ഉജ്ജൈന്‍ നടത്തുന്ന ഇഷ് വാനി എന്ന ചാനലിലെ പ്രവര്‍ത്തകയാണ് സിസ്റ്റര്‍ ടെസി ജേക്കബ്. ഹോളി സ്പിരിറ്റ് സന്യാസസമൂഹാംഗം.

സന്യസ്ത ജീവിതം ഉപേക്ഷിച്ചാല്‍ മാത്രമേ മാധ്യമപ്രവര്‍ത്തനം സാധ്യമാകൂ എന്ന് വിശ്വസിക്കുന്നവര്‍ക്കിടയിലാണ് സിസ്റ്റര്‍ ടെസി ജേക്കബ് സഭാംഗമായി തന്നെ തുടര്‍ന്നുകൊണ്ട് മാധ്യമപ്രവര്‍ത്തകയായിരിക്കുന്നത്. സാഹചര്യത്തിനും ജോലിക്കും അനുസരിച്ച് വേഷം അണിയാന്‍ സഭാമേലധികാരികള്‍ അനുവാദം നല്കിയിരിക്കുന്നതു കൊണ്ടു സിവില്‍ ഡ്രസ് അണിഞ്ഞുപോകുന്ന സിസ്റ്ററെ കാണുമ്പോള്‍ പലരുടെയും വിചാരം സിസ്റ്റര്‍ എക്‌സ് നണ്‍ ആണോ എന്നാണ്.

അവരുടെ തോന്നലുകള്‍ അസ്ഥാനത്തല്ല എന്ന് സിസ്റ്റര്‍ പറയുന്നു. കാരണം ഒരു കത്തോലിക്കാ കന്യാസ്ത്രീ ചാനല്‍ പ്രവര്‍ത്തകയാകുന്നത് ആദ്യമായിട്ടാണല്ലോ. ഒരുപ്രയര്‍ മീറ്റിംങ് ഷൂട്ട് ചെയ്യാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ച് പറയുമ്പോഴാണ് സിസ്റ്റര്‍ ടെസി ഇക്കാര്യം വ്യക്തമാക്കിയത്.

ഓരോരുത്തരെയും കുറിച്ച് ദൈവത്തിന് കൃത്യമായ പദ്ധതികളുണ്ട്. മീഡിയായിലെ എന്റെ സാന്നിധ്യം ദൈവത്തിന്റെ പദ്ധതിയായിരുന്നു. ഞാന്‍ അങ്ങനെയാണ് വിശ്വസിക്കുന്നത്. സിസ്റ്റര്‍ ടെസി വ്യക്തമാക്കുന്നു.

മേലധികാരികള്‍ മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ പഠിക്കാനായി അയച്ചതാണ് സുവിശേഷവല്‍ക്കരണത്തിന് ഏറ്റവും അനുയോജ്യമായ ഒരു മണ്ഡലമാണ് ചാനല്‍ എന്ന തിരിച്ചറിവ് തനിക്ക് നല്കിയതെന്നും സിസ്റ്റര്‍ പറയുന്നു. സന്യാസിനികള്‍ക്ക് ഇക്കാര്യത്തില്‍ വലിയൊരു പങ്കുവഹിക്കാനുണ്ടെന്നും സിസ്റ്റര്‍ വിശ്വസിക്കുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലായിരുന്നു മാധ്യമപഠനം.

ഗുഡ് ന്യൂസ് എന്നാണ് ഇഷ് വാനി എന്ന വാക്കിന്റെ അര്‍ത്ഥം.സുവിശേഷവല്‍ക്കരണം എന്നാല്‍ മതപ്പരിവര്‍ത്തനം എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത് എന്നാണ് സിസ്റ്റര്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് ക്രിസ്തുവാണ് ഏക രക്ഷകന്‍ എന്ന് ടെലിവിഷന്‍ ചാനലിലൂടെ ഉജ്ജെയന്‍ രൂപത പ്രഖ്യാപിക്കുന്നത്.

തുടക്കത്തില്‍ ഏതാനും പ്രോഗ്രാമുകള്‍ മാത്രമേ സംപ്രേഷണം ചെയ്തിരുന്നുള്ളൂ. ഇപ്പോള്‍ അത് ആഴ്ചയില്‍ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂര്‍ എന്ന വിധത്തിലായിട്ടുണ്ട്. ഫാ.വിനീഷ് മാത്യുവാണ് ഡയറക്ടര്‍. എല്ലാവര്‍ക്കും ക്രിസ്തുവിനെ നല്കുക എന്നു മാത്രമേ ഇതിന്റെ ലക്ഷ്യമെന്ന് അച്ചന്‍ വ്യക്തമാക്കുന്നു.

5 (1000x662)ചാനല്‍ പ്രവര്‍ത്തനം കൊണ്ട് സിസ്റ്റര്‍ ടെസി മനസ്സിലാക്കിയിരിക്കുന്ന ഒരു കാര്യമുണ്ട് ശരിയായ രീതിയില്‍ക്രിസ്തുവിനെ നല്കിയാല്‍ ഇന്ത്യ ക്രിസ്തുവിനെ സ്വീകരിക്കുമെന്ന്. മുഖ്യധാരാ മാധ്യമത്തിലൂടെ ഫ്രീലാന്‍സായി പ്രവര്‍ത്തിച്ചുകൊണ്ട് ക്രിസ്തുവിനെ കൂടുതല്‍ ഇടങ്ങളിലും കൂടുതല്‍ ആളുകള്‍ക്കിടയിലും എത്തിക്കണമെന്നാണ് സിസ്റ്ററുടെ ആഗ്രഹം.

ചാനല്‍പ്രവര്‍ത്തനം എന്നാല്‍ പ്രശസ്തിയുടെയും ഗ്ലാമറിന്റെയും ഒരു ലോകമാണെന്ന് പരക്കെ ഒരു ധാരണയുണ്ട്. ഇതുകൊണ്ടാണ് പല സന്യാസസഭകളും മാധ്യമപ്രവര്‍ത്തനങ്ങളിലേക്ക് കന്യാസ്ത്രീകളെ അയ്ക്കാത്തത്. സന്യസ്തരെ സംബന്ധിച്ചിടത്തോളം മാധ്യമപ്രവര്‍ത്തനം ഒരു പ്രധാന ദൗത്യമാണെന്ന് സിസ്റ്റര്‍ ആവര്‍ത്തിക്കുന്നു.

ഒരു കന്യാസ്ത്രീക്ക് ചാനലില്‍ എന്താണ് കാര്യമെന്ന് ഇനി ആരും ചോദിക്കരുത്. കാരണം ആ ചോദ്യത്തിന് ഉത്തരമാണ് സിസ്റ്റര്‍ ടെസി.

You must be logged in to post a comment Login