‘ചാര്‍ലി’ ക്രിസ്തുവോ….?

ജീവിതത്തിന്റെ ഇത്തിരിത്തുരുത്തുകളിലേക്ക് ഒതുങ്ങിപ്പോകുന്നവരുടേയും ദൈവം എന്നോടെന്തേയിങ്ങനെ എന്ന് ആത്മഗതം ചെയ്യുന്നവരുടേയും മുന്നില്‍ കാറ്റായും മനസ്സിന്റെ ഊഷരതയിലേക്ക് മഴയായും പെയ്തിറങ്ങുകയാണ് ചാര്‍ലി. ഉള്ളം തുറന്നു ചിരിച്ച്, കരുതലിന്റെ സുവിശേഷവുമായി ചുറ്റുമുള്ളവരിലേക്ക് അപ്രതീക്ഷിതമായി കടന്നു ചെല്ലുന്ന അയാള്‍ എവിടെയൊക്കെയോ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ആ ദൈവപുത്രനെ ഓര്‍മ്മപ്പെടുത്തിയെങ്കില്‍ അത് യാദൃച്ഛികം മാത്രം. അങ്ങനെ നന്‍മയുടെ തണല്‍മരം കൂടിയാകുകയാണ് ഉണ്ണി ആറിന്റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം ചാര്‍ലി.

പ്രേക്ഷകനുണ്ടാകുന്ന അതേ സംശയം ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ഘട്ടത്തില്‍ ചാര്‍ലിയോട് ചോദിക്കുന്നുമുണ്ട്: ‘നീ ക്രിസ്തുവാണോ?’. ഹൃദയം തുറന്നുള്ള ഒരു ചിരി മാത്രമായിരുന്നു മറുപടി. മരണത്തെ പുല്‍കും മുന്‍പ് മത്സ്യകന്യകയെ കാണണമെന്നുള്ള മേരിയുടെ (കല്‍പന അവതരിപ്പിക്കുന്ന കഥാപാത്രം) ആഗ്രഹപൂര്‍ത്തീകരണത്തിനായി അയാള്‍ ഇറങ്ങിപ്പുറപ്പെടുന്ന ആ രംഗത്തിലും ഒരു ദൈവീകാംശം പ്രേക്ഷകന് അനുഭവവേദ്യമാകും. മഗ്ദലനമറിയമെന്ന് ചാര്‍ലി വിശേഷിപ്പിക്കുന്ന മേരി ആ സ്‌നേഹത്തിന്റെ മുന്നില്‍ നിസ്സഹായ ആകുകയാണ്..

മേരിയില്‍ മാത്രമല്ല, കടന്നുപോകുന്ന ഓരോ വഴികളിലും ഈ നന്‍മയുടെ സൗരഭ്യം ചാര്‍ലി വിതറുന്നുണ്ട്. ഇനിയെന്തിനു ജീവിക്കണമെന്ന ഒരു നിമിഷത്തിന്റെ തോന്നലില്‍ ജീവിതമവസാനിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ ചാര്‍ലി കൂട്ടിക്കൊണ്ടു പോകുന്നത് പുതു വര്‍ഷത്തിന്റെ ആഘോഷങ്ങളിലേക്കാണ്. ഡോക്ടറുടെ ജീവിതത്തിന്റെയും പുത്തന്‍ തുടക്കം തന്നെയായിരുന്നു അത്. മലമുകളിലെ വൃദ്ധസദനത്തിലുള്ള അന്തേവാസികളും മോഷ്ടിക്കാനായി വീട്ടിലെത്തുന്ന കള്ളനും സ്വന്തം പിതാവ് വില്‍പനച്ചരക്കാക്കുന്ന പെണ്‍കുട്ടിയുമെല്ലാം ഈ സ്‌നേഹം ആവോളം അനുഭവിച്ചവരാണ്. എന്നാല്‍ തിരികെയൊന്നും പ്രതീക്ഷിക്കാതെ ഇവരുടെയൊക്കെ ജീവിതങ്ങളില്‍ സ്‌നേഹം നിറച്ച് അപ്രതീക്ഷിതമായി കടന്നുവരികയും അതുപോലെ തന്നെ അപ്രത്യക്ഷനാകുകയും ചെയ്യുന്ന ഒരു മനുഷ്യന്‍, അതാണ് ചാര്‍ലി.

ആള്‍ക്കൂട്ടത്തില്‍ അപൂര്‍വ്വമായെങ്കിലും ഇത്തരത്തിലുള്ള ചാര്‍ലിമാര്‍ നമ്മുടെ ചുറ്റിലുമുണ്ടാകും. ജീവിതത്തിന്റെ വിങ്ങലുകളില്‍, നൊമ്പരങ്ങളില്‍, ഉള്ളുലച്ചിലുകളില്‍ തണല്‍മരമാകുന്നവര്‍. അവര്‍ ചിലപ്പോള്‍ ഒപ്പമുണ്ടാകുമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നവരാകണമെന്നില്ല, നന്മ പ്രസംഗിച്ചു നടക്കുന്നവരുമാകണമെന്നില്ല. അലസമായ താടിയുമായി അയഞ്ഞ കുപ്പായവുമിട്ട് അവരെത്തിയേക്കാം, ചാര്‍ലിയെപ്പോലെ….

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login