ഒളിക്യാമറ

ഒളിക്യാമറ

Eye-in-the-sky-rചിന്താമൃതം – 4

” അതിവേഗം ബഹുദൂരം” എന്ന മുദ്രാവാക്യവുമായി കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ബഹുമാനപ്പെട്ട ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന്റെ ആദ്യദിവസങ്ങളില്‍ തന്നെ കൊണ്ടുവന്ന ഒരു പരിഷ്കാരം വളരെ ആകര്‍ഷകമായി തോന്നി. ലോകത്തെവിടെയിരുന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും www.keralacm.gov.inഎന്ന് ക്ലിക്ക് ചെയ്താല്‍ തിരുവനന്തപുരത്തുള്ള മുഖ്യമന്ത്രിയുടെ ഓഫീസും, ചേമ്പറും, 24 മണിക്കൂറും കാണാം. ഷാര്‍ജ്ജയിലോ , ലണ്ടനിലോ , മുംബയിലോ ഇരുന്നു മുഖ്യന്റെ ഓഫീസില്‍ വരുന്നവരെയും പോകുന്നവരേയും, അവര്‍ തല ചൊറിയുന്നതും , മൂക്കുചൊറിയുന്നതും, വെള്ളംകുടിക്കുന്നതും, മുണ്ടഴിച്ചുനേരെയുടുക്കുന്നതും, ഓഫീസില്‍ ആളില്ലാത്തപ്പോഴും ഫാന്‍ കറങ്ങുന്നതും, കുറെപ്പെരെങ്കിലും നന്നായിട്ട് ജോലിചെയ്യുന്നതുമൊക്കെ നമുക്ക് കാണാന്‍ സാധിക്കും. അവിടെ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ ഒപ്പിയെടുക്കുന്ന രംഗങ്ങള്‍ സാറ്റലൈറ്റ് വഴി ലോകം മുഴുവന്‍ തല്‍സമയം എത്തിക്കുന്നു .

 

ഷാര്‍ജ്ജയിലിരുന്ന്‍ എന്റെ കമ്പ്യൂട്ടര്‍ മോനിട്ടറിലൂടെ ” സുതാര്യ കേരളത്തിന്റെ” മുഖ്യമന്ത്രിയേയും, അദ്ദേഹത്തിന്റെ ഓഫീസും, ചേമ്പറുമൊക്കെ കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു , എന്റെ ദൈവമേ, സ്വര്‍ഗത്തിലെ ഒളിക്യാമറയുടെ മോനിട്ടറിന് മുന്നിലിരുന്നു പിതാവായ ദൈവവും, ഈശോമിശിഹായും , പത്രോസ് ശ്ലീഹായുമൊക്കെ എന്നെയും എന്റെ ചെയ്തികളെയും നിരിക്ഷിക്കുന്നുണ്ടാവില്ലേ ??. ഞാന്‍ മൂക്കു ചൊറിയുന്നതും, മറ്റുള്ളവരെ ചൊറിയുന്നതും, കുറ്റം പറയുന്നതും,……… തുടങ്ങി എല്ലാ സംഭവങ്ങളും ലൈവായിക്കാണാനുള്ള എല്ലാ സൗകര്യങ്ങളും അവിടെ ഉണ്ടാവില്ലേ ?
സങ്കിര്‍ത്തനം 7/9 ല്‍ മനസ്സുകളെയും ഹൃദയങ്ങളെയും പരിശോധിക്കുന്നവനാണ് ദൈവം എന്നു പറയുന്നുണ്ട്. ദൈവീക ദര്‍ശനം ലഭിച്ച മരിയ എന്ന സഹോദരിക്ക് അന്ത്യ വിധിയെക്കുറിച്ച് ദൈവം നല്‍കിയ ദര്‍ശനത്തില്‍ അന്ത്യ വിധിയുടെ നേരത്ത് ഓരോ വ്യക്തികളുടെയും എല്ലാ പ്രവര്‍ത്തികളും ചിന്തകളും ഒരു കൂറ്റന്‍ സ്ക്രീനിലൂടെ കടന്നുപോകുന്നതായി പറയുന്നുണ്ട്. ഒരു സ്ക്രീനിലൂടെ അനുനിമിഷം നമ്മുടെ ചെയ്തികള്‍ പരിശോധിക്കുന്നവനായ ദൈവത്തിന്റെ മുന്‍പില്‍ നിന്നും മറഞ്ഞിരിക്കാന്‍ നമുക്ക് സാധ്യമല്ല എന്ന ബോദ്ധ്യം നമ്മെ നയിക്കട്ടെ …
എല്ലാം കാണുന്ന ദൈവത്തെക്കുറിച്ച് സങ്കീര്‍ത്തകന്‍ ഇങ്ങനെ പാടുന്നു
(സങ്കി ;139;1–4).” കര്‍ത്താവേ അവിടുന്നെന്നെ പരിശോധിച്ചിരിക്കുന്നു. ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും അവിടുന്നറിയുന്നു. എന്റെ വിചാരങ്ങള്‍ അവിടുന്ന് അകലെനിന്നു മനസ്സിലാക്കുന്നു . എന്റെ നടപ്പും, കിടപ്പും, അങ്ങ് പരിശോധിച്ചറിയുന്നു, എന്റെ മാര്‍ഗ്ഗങ്ങള്‍ അങ്ങേക്ക് നന്നായി അറിയാം”
മറ്റുള്ളവരുടെ മുന്‍പില്‍ മാത്രം മാന്യതയുടെ മുഖംമൂടി അണിയുന്നവരായ നമ്മുക്ക് ദൈവത്തിന്റെ ഒളിക്യാമറകള്‍ക്ക് മുന്‍പില്‍ എപ്പോഴും മാന്യരായിരിക്കാന്‍ ഈ ചെറുചിന്ത പ്രേരകമാകട്ടെ.

 

-ജോ കാവാലം

You must be logged in to post a comment Login