ചിറകുകളില്ലാത്ത മാലാഖമാര്‍

ചിറകുകളില്ലാത്ത മാലാഖമാര്‍

‘ഉറുമ്പു കടിക്കുന്ന വേദനേയുള്ളു. പേടിക്കാനൊന്നുമില്ലന്നേ.’ ആദ്യമായ് ഇഞ്ചക്ഷനെടുക്കുവാന്‍ ആശുപത്രിയിലെത്തുന്ന എല്ലാവരും നേഴ്‌സുമാരില്‍ നിന്ന് കേള്‍ക്കുന്ന വാക്കുകളാണിത്. വെള്ളവസ്ത്രം  ധരിച്ച് സൗഖ്യം പകരുന്ന അത്ഭുത ലേപനവുമായി ഓടി നടക്കുന്ന ഇവര്‍ ആശുപത്രികളിലെ സ്ഥിരം കാഴ്ചയാണ്. മരണകിടക്കയിലെ രോഗികള്‍ക്ക് സാന്ത്വനവുമായി എത്തുന്ന ഇവര്‍ ദൈവത്തിന്റെ മാലാഖമാര്‍ തന്നെയാണ്. 18-ാം വയസ്സില്‍ ആതുര ശുശ്രൂഷമേഖലയിലേക്ക് കാലെടുത്തു വയ്ക്കുന്ന ഇക്കൂട്ടരുടെ ജീവിതം അനുഭവങ്ങളാല്‍ സമൃദ്ധമാണ്.

ഒരു വ്യക്തിയുടെ ജീവിതം ആരംഭിക്കുന്നതു അവസാനിക്കുന്നതും ഒരു തരത്തില്‍ നേഴ്‌സുമാരുടെ കൈകളിലൂടെയാണ്. പ്രസവവാര്‍ഡിനു മുന്‍പില്‍ ആവലാതിപെട്ടുനില്‍ക്കുന്ന പിതാവിന്റെ കൈകളിലേക്ക് വെള്ള തുണിയില്‍  പൊതിഞ്ഞ് കുഞ്ഞിനെ സമ്മാനിക്കുന്നതും ജീവന്‍ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ നില്‍ക്കുന്നവരിലേക്ക് പ്രിയപ്പെട്ടവരുടെ മൃതദേഹം വെള്ള പുതപ്പിച്ച് നല്‍കുന്നതും ഇവര്‍ തന്നെയാണ്. അങ്ങനെ എത്രയെത്ര ജീവിതങ്ങളാകും ഓരോ നേഴ്‌സുമാരുടെ കൈകളിലൂടെ ജീവിതത്തിലേക്കും മരണത്തിലേക്കുമായി നീങ്ങിയിട്ടുണ്ടാവുക.

പുഞ്ചിരിച്ച് പ്രതീക്ഷ നിറഞ്ഞ വാക്കുകളാല്‍ സാന്ത്വനം പകരുന്ന ഇവര്‍ എത്ര ആത്മാര്‍ത്ഥതയോടെയാണ് തങ്ങളുടെ ആരുമല്ലാത്തവരെ ശുശ്രൂഷിക്കുന്നത്. ചെയ്യുന്നതിന് പ്രതിഫലം ലഭിക്കുമെങ്കിലും മനസ്സില്‍ തട്ടിയുള്ളതാണ് ഓരോ നേഴ്‌സ്മാരുടെ പുഞ്ചിരിയും. തങ്ങളുടെ വിഷമവും ദേഷ്യവും ഇവര്‍ തങ്ങള്‍ക്കു മുന്നിലെ രോഗകിടക്കയില്‍ കിടക്കുന്ന ആളുകളെ അറിയിക്കുന്നില്ല. കാരണം ബാംഗ്ലൂര്‍ സാക്ര വേള്‍ഡ് ഹോസ്പിറ്റലില്‍ ജോലിചെയ്യുന്ന ലെനി മാത്യുവെന്ന നേഴ്‌സിന്റെ വാക്കുകളില്‍ വ്യക്തമാണ്. ‘ശുശ്രൂഷ ചെയ്യുന്ന ഒരോ നേഴ്‌സുമാര്‍ക്കും തങ്ങളുടെ മുന്നിലെ രോഗിയെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അവര്‍ സുഖവാസത്തിന് വന്നിരിക്കുന്നതല്ല. ഞങ്ങള്‍ അവര്‍ക്കു സമ്മാനിക്കുന്ന ചെറു പുഞ്ചിരികള്‍ ചിലപ്പോള്‍ മരുന്നിനെക്കാള്‍ സൗഖ്യം പകരുന്നതാണ്.’

അതേ ആശുപത്രിയില്‍ ഐ സി യു വിഭാഗത്തില്‍ ജോലിചെയ്യുന്ന രമ്യ സെബാസ്റ്റ്യന്റെ വാക്കുകള്‍ പ്രകാരം തങ്ങള്‍ ചെയ്യുന്നത് വലിയ ശുശ്രൂഷ തന്നെയാണ്. ‘മരണകിടക്കയില്‍ ആയിരിക്കുന്ന വ്യക്തിക്ക് ആശ്വാസം പകരുകയെന്നത് മഹത്തായ കാര്യമാണ്. അന്ന് വൈകിട്ട് തിരികെ വീട്ടിലെത്തുമ്പോള്‍ മനസ്സില്‍ നിറയുന്ന രോഗികളുടെ ആശ്വാസത്തിന്റെ പുഞ്ചിരികള്‍ നേഴ്‌സായ എന്നെ സംബന്ധിച്ച് പ്രചോദനാത്മകമാണ്.’ ശുശ്രൂഷയെന്നതിലുപരി വലിയൊരു ഉത്തരവാദിത്വം കൂടിയാണ്, തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന ജീവനെ സുരക്ഷിതമായി തിരിച്ചേല്‍പ്പിക്കുകയെന്നത്.

രോഗികള്‍ക്ക് സൗഖ്യം ലഭിക്കുന്നു പുതിയ മരുന്നുകള്‍ കണ്ടെത്തുന്നു, ആതുരസേവനരംഗത്ത് വളര്‍ച്ചയുണ്ടാകുന്നു. എന്നാല്‍ പഴയ മരുന്നുകളുടെ ഗന്ധം ഇപ്പോഴും ഇവരുടെ വസ്ത്രങ്ങളില്‍ നിന്ന് എത്ര അലക്കിയിട്ടും വിട്ടു പോകുന്നില്ല. കാരണം, വീണ്ടുമൊരു നേഴ്‌സസ് ദിനം ആചരിക്കുമ്പോഴും ഇവരുടെ ജീവിതത്തിന് പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും തന്നെയില്ല. മറ്റുള്ളവരുടെ ആരോഗ്യത്തില്‍ ശ്രദ്ധവയ്ക്കുന്ന ഇവര്‍ക്ക് സ്വന്തം ആരോഗ്യം നോക്കുവാനുള്ള സമയം ലഭിക്കാറില്ല. കൂടെക്കൂടെയുള്ള നൈറ്റ് ഷിഫ്റ്റും ജോലിഭാരവും ഇവരുടെ ജീവിതത്തിന്റെ നിത്യസംഭവങ്ങളാണ്. രോഗികളുടെ വേദനയ്ക്ക് കുറവുണ്ടെങ്കിലും ഇവരുടെ വേതനത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും തന്നെയില്ല. എന്തൊക്കെയായാലും ഒരു രോഗിക്ക് തങ്ങളിലൂടെ ആശ്വാസം ലഭിക്കുന്നു എന്നറിയമ്പോള്‍ രോഗിയുടെ പ്രിയപ്പെവരുടെ ഹൃദയങ്ങള്‍ക്കൊപ്പം തങ്ങളുടെ ആരുമല്ലെങ്കിലും ഇവരുടെ ഹൃദയവും സന്തോഷത്താല്‍ അറിയാതെ തുടിച്ചു പോകും.

 

നീതു മെറിന്‍

You must be logged in to post a comment Login