ചില്‍ഡ്രന്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ കണ്ണ് നനയിക്കുന്ന രംഗങ്ങള്‍

ചില്‍ഡ്രന്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ കണ്ണ് നനയിക്കുന്ന രംഗങ്ങള്‍

ക്രാക്കോവ്: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രോക്കോസിമിലെ ചില്‍ഡ്രന്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ രംഗങ്ങള്‍ ആരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു. കീമോതെറാപ്പിക്ക് വിധേയരായ കുട്ടികള്‍ വീല്‍ച്ചെയറിലിരുന്നുകൊണ്ടായിരുന്നു പാപ്പയെ സ്വീകരിച്ചത്.

ക്രാക്കാവിലേക്കുള്ള തന്റെ സന്ദര്‍ശനത്തില്‍ ഒരു പ്രധാന ഉദ്ദേശ്യം ഈ ആശുപത്രി സന്ദര്‍ശനവും കൂടിയായിരുന്നു എന്ന് പാപ്പ പറഞ്ഞു. അമ്പതോളം രോഗികളാണ് ഇവിടെയുള്ളത്. അവരെ ശുശ്രൂഷിക്കാനായി മാതാപിതാക്കളും.

രോഗബാധിതരുടെ അരികില്‍ ഏറെ സമയം ഇരിക്കാനും അവരെ ആലിംഗനം ചെയ്യാനും തനിക്ക് ആഗ്രഹമാണെന്ന് പാപ്പ പറഞ്ഞു. ഈശോ രോഗികളെ കണ്ടുമുട്ടിയ സന്ദര്‍ഭം പാപ്പ അനുസ്മരിച്ചു. അമ്മ രോഗിയായ കുഞ്ഞിനെ നോക്കുന്നതുപോലെ ഏറ്റവും കരുണാര്‍ദ്രമായിരുന്നു ഈശോയുടെ ഇടപെടല്‍. ക്രൈസ്തവര്‍ക്ക് രോഗികളോടുളള സമീപനവും ഇങ്ങനെ തന്നെയായിരിക്കണം. പരിഗണനയോടെ, പ്രാര്‍ത്ഥനയോടെ.

വളരെ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ സമൂഹം ഇന്ന് വലിച്ചെറിയലിന്റെ മനോഭാവമുള്ള സമൂഹമായി മാറിയിരിക്കുന്നു. ഏറ്റവും ദുര്‍ബലരെയും ബലഹീനരെയുമാണ് വലിച്ചെറിയുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ വലിയ ക്രൂരതയാണ്. എന്നാല്‍ ഇവിടെ അതല്ല ഇവിടെയെത്ര മനോഹരമായാണ് ഈ രോഗികളെ സ്വാഗതം ചെയ്തിരിക്കുന്നത്. ഇത് യഥാര്‍ത്ഥത്തിലുള്ള ക്രിസ്തീയതയുടെ അടയാളമാണ്.പാപ്പ പറഞ്ഞു.

1991 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഈ ആശുപത്രി സന്ദര്‍ശിച്ചിട്ടുണ്ട്. ഹോസ്പിറ്റല്‍ ചാപ്പലില്‍ ജോണ്‍ പോളിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചുവച്ചിട്ടുമുണ്ട്.

You must be logged in to post a comment Login