ചൂടാറും മുമ്പ് നമുക്ക് കാപ്പി കുടിക്കാം

നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കു പിന്നിലും നമുക്കായി ചില ദൈവിക സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. പക്ഷേ നാമത് പലപ്പോഴും തിരിച്ചറിയുന്നില്ല. അതിനാല്‍ നമുക്ക് തിരുത്താനും വളരാനും സാധിക്കുന്നില്ല. തലേദിവസത്തെ പണിയുടെ ക്ഷീണത്താല്‍ പിറ്റേദിവസം പണിക്കു പോകാന്‍ പറ്റാത്ത അവസ്ഥ. വിശ്രമിക്കാന്‍ തീരുമാനിച്ചു. കാപ്പി കുടിക്കാന്‍ സമയമായപ്പോള്‍ ഭാര്യ ചേമ്പു പുഴുങ്ങിയതുമായി വന്നു. ചേമ്പും ചേനയും കാണുന്നതു തന്നെ എനിക്ക് വെറുപ്പായിരുന്നു. ഞാന്‍ കോപിച്ചു വീട്ടില്‍ നിന്നിറങ്ങി പണിക്കു പോയി. ചെന്നപ്പോഴെ വീട്ടുടമസ്ഥന്‍ പറഞ്ഞു ഇത്രയും സമയമായില്ലേ നമുക്ക് കാപ്പി കഴിച്ചിട്ടിനി പണിക്കിറങ്ങാം. തന്നെയുമല്ല ചൂടാറും മുമ്പ് നമുക്ക് കാപ്പി കുടിക്കാം. ആ വാക്ക് എനിക്കിഷ്ടമായി. കാരണം വീട്ടില്‍ ചേമ്പ് പുഴുങ്ങിയതുമായി വന്ന സംഭവത്തിന്റെ ചൂട് എന്നില്‍ നിന്ന് അപ്പോഴും ആറിയിട്ടില്ലായിരുന്നു.

ഭക്ഷണം കൊണ്ടുവന്ന പാത്രത്തിലേക്ക് നോക്കിയപ്പോഴേ ഞെട്ടിപ്പോയി. ചേമ്പ്  പുഴുങ്ങിയത്. എന്ത് ചെയ്യാം. മനസ്സില്ലാ മനസ്സോടെ കഴിച്ചു. ഭക്ഷണവും കഴിഞ്ഞ് പണിയാതിരിക്കാനാവുമോ. ആ സംഭവത്തിലൂടെ ഒരു സന്ദേശം എനിക്ക് നല്‍കിയിരുന്നു. ഇത് എനിക്ക് മനസ്സിലായത് ഒരു മാസത്തിന് ശേഷമാണ്. അന്നും ഇപ്രകാരമൊരു സംഭവമുണ്ടായി. അന്ന് വീട്ടില്‍ ചേന പുഴുങ്ങയതായിരുന്നു. ഞാന്‍ അന്നും പണിക്കു പോകാന്‍ മുറ്റത്തേക്കിറങ്ങിയപ്പോള്‍ ഉള്ളില്‍ നിന്നൊരു സ്വരം. ഇന്ന് എവിടെ ചെന്നാലും ചേന പുഴുങ്ങയതായിരിക്കും. ഞാനിപ്രകാരം ചിന്തിച്ചു. വീടുകളില്‍ പണിക്കു പോകണ്ട. മഠത്തില്‍ പണിക്കു പോകാം. അവിടെ ചേന പുഴുങ്ങാന്‍ ഏതായാലും സാദ്ധ്യതയില്ല.

ചെന്നപ്പോഴെ സിസ്റ്റര്‍ സന്തോഷത്തോടെ ചോദിച്ചു. നാളയെ വരൂ എന്നു പറഞ്ഞിട്ട് എന്തു പറ്റി ഇന്നു വന്നത്. ഞാന്‍ പറഞ്ഞു എല്ലാം കൊണ്ടും ഇന്ന് എനിക്ക് അനുകൂലമായ ദിവസമാണ്. ഞങ്ങള്‍ക്കും ഇന്ന് അനുകൂല ദിവസമാണെന്ന് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി. ചമ്മന്തി അരക്കുന്ന താമസമേയുള്ളു. കാപ്പി കുടിച്ചിട്ട് പണിക്കിറങ്ങാമെന്ന് പറഞ്ഞപ്പോള്‍ ആശ്വാസം തോന്നി. ചേനയല്ല കാപ്പിക്കെന്ന് ഉറപ്പാക്കി. ചമ്മന്തിയും ദോശയും എനിക്കിഷ്ടപ്പെട്ട ഭക്ഷണം. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ കാപ്പിയുമായി വന്നു. ഒരു പാത്രത്തില്‍ ചേനയും മറ്റേ പാത്രത്തില്‍ കാന്താരി മുളക് ചമ്മന്തിയും. രണ്ടാം പ്രാവശ്യം കര്‍ത്താവ് എനിക്ക് തന്ന സന്ദേശമായിരുന്നു അത്.

പിറ്റേ ആഴ്ച മുതല്‍ നോമ്പ് തുടങ്ങുന്നു. നോമ്പില്‍ ഒരു തീരൂമാനമെടുത്തു. ഇഷ്ടമില്ലാത്തത് സ്വീകരിക്കുക. ഇഷ്ടമുള്ളതൊക്കെ ഉപേക്ഷിക്കുക. വികാരിയച്ചനോട് അനുവാദം വാങ്ങി എല്ലാ ദിവസവും ഒറ്റയ്ക്ക് പള്ളിയില്‍ വന്ന് കുരിശിന്റെ വഴി ധ്യാനിക്കാന്‍ തീരുമാനിച്ചു. പതിനാല് സ്ഥലത്തും ഓരോ നിയോഗങ്ങള്‍ വച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. ഒരു സ്ഥലത്ത് ഈ നിയോഗം വച്ച് പ്രാര്‍ത്ഥിച്ചു. എനിക്കിനി എവിടെ നിന്നും ഞാന്‍ വെറുക്കുന്ന ചേനയും ചേമ്പും കിട്ടിയാലും ഭക്ഷിക്കാനുള്ള കൃപ. ആ നോമ്പു കാലം കഴിഞ്ഞു. ഒരു കോണ്‍വെന്റില്‍ വചനം പ്രഘോഷിക്കാന്‍ കൃപ ലഭിച്ചു. വൈകുന്നേരം മുതല്‍ വചന പ്രഘോഷണവും ആരാധനയും. 5 മണിക്ക് സ്ഥലത്തെത്തി. സിസ്റ്റര്‍ കാപ്പിയുമായി വന്നു. ഒരു പാത്രത്തില്‍ നിറയെ ചേന പുഴുങ്ങിയതും മറ്റൊരു പാത്രത്തില്‍ രണ്ട് ഏത്തക്കാ ബോളിയും. എനിക്ക് ഇഷ്ടമുള്ള പലഹാരവും ഇഷ്ടമില്ലാത്ത ചേനയും. ഈ രണ്ടു പാത്രങ്ങളിലേക്കും നോക്കിയിട്ട് ഞാനൊരു തീരുമാനമെടുത്തു. ഒരു പാത്രത്തിലെ എനിക്കിഷ്ടമില്ലാത്ത ഭക്ഷണമായ ചേന പുഴുങ്ങിയത് തിന്ന് തീര്‍ത്തിട്ടേ ഞാന്‍ ഇഷ്ട ഭക്ഷണത്തെ തൊടുകയുള്ളു. കാരണം ഞാന്‍ ഈശോയോട് 50 ദിവസമായി ചോദിച്ച കാര്യം ഇന്നെനിക്കു മുന്‍പില്‍ ലഭിച്ചിരിക്കുന്നു.

അത്ഭുതമെന്ന് പറയട്ടെ ചേന കഴിച്ചപ്പോള്‍ അതിന്റെ രുചി വിവരിക്കാന്‍ വാക്കികളില്ല. തന്നെയുമല്ല ഇഷ്ട ഭക്ഷണം കഴിക്കാന്‍ പറ്റാത്തവിധം ഞാന്‍ തൃപ്തനായി. അതിനു ശേഷം ഇതുവരെ ഭക്ഷണം എനിക്കിടര്‍ച്ചയായിട്ടില്ല. ഇത് വലിയ തിരിച്ചറിവിലേക്ക് എന്നെ നയിക്കുകയായിരുന്നു. ചേനയും ചേമ്പും എനിക്കിഷ്ടമില്ലാതെ മാറ്റി വയ്ക്കുന്നതുപോലെ ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യനെ നമ്മുടെ സ്‌നേഹത്തില്‍ഡ നിന്നും മാറ്റിനിര്‍ത്തുന്നില്ലേ. ഭക്ഷണം ഇഷ്ടപ്പെടാതെ മാറ്റുന്നതുപോലെ ചില മനുഷ്യരിലെ കുറവുകള്‍ കണ്ട് അവരെ മാറ്റി നിര്‍ത്തുമ്പോള്‍ നമ്മിലെ ദൈവ കൃപയ്ക്കു നാം തടസ്സം നില്‍ക്കുന്നു. ഇവിടെയൊരു സത്യം ഞാന്‍ മനസ്സിലാക്കി മാറ്റം വരുത്തേണ്ടത് എന്നിലാണ്. ചേന പുഴുങ്ങിയത് എനിക്ക് രുചികരമായത് എന്റെ മനസ്സില്‍ വന്ന മാറ്റമാണ്. മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും നല്ലതും പ്രീതകരവും പരിപൂര്‍ണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്ക് സാധിക്കും (റോമ 12.2) മറ്റുള്ളവരെ നാം മാറ്റി നിര്‍ത്തുമ്പോഴും മാറ്റം വരുത്താന്‍ എളുപ്പം നമ്മിലാണ്. മറ്റുള്ളവരെ മാറ്റാന്‍ നമുക്കാവില്ല.

എന്നാല്‍ മറ്റൊരു സത്യം നമ്മില്‍ മാറ്റം വരുമ്പോള്‍ അപരനിലും മാറ്റം വരും. അതാണല്ലോ വിശുദ്ധരുടെ സാന്നിദ്ധ്യം മൂലം കൊടും പാപികളില്‍ പോലും മാറ്റം വരുത്തിയത്. വി. ഫ്രാന്‍സിസ് അസ്സീസ്സി താന്‍ അവഗണിച്ച കുഷ്ടരോഗിയെ തിരിച്ചു ചെന്ന് കെട്ടിപ്പിടിച്ചു. മദര്‍ തെരേസ്സയുടെ കയ്യില്‍ തുപ്പിയ ആളെ മാനസാന്തരപ്പെടുത്തിയതും നാം അവഗണിക്കുന്നവരോടുള്ള നമ്മുടെ മനോഭാവത്തെ വിലയിരുത്താന്‍ സഹായിക്കുന്ന മാതൃകകളാണ്. വളരെ പ്രശ്‌നങ്ങളുണ്ടായിരുന്ന ജനീവ രൂപതയെ ക്രമപ്പെടുത്താന്‍ വി. ഫ്രാന്‍ശിസ് സെയില്‍സിന് സാധിച്ചത് ശാന്തതയിലൂടെയാണ്. അദ്ദേഹം പറയുന്നു. പിതാവായ ദൈവം കാരുണ്യവാനാണ്. പുത്രനായ ദൈവം കുഞ്ഞാടാണ്. പരിശുദ്ധാത്മാവായ ദൈവം പ്രാവാണ്. അതായത് ശാന്തത തന്നെ. എല്ലാ പ്രശ്‌നങ്ങളെയും നമുക്ക് ശാന്തതയോടെ നേരിടാം. ഒരു തുള്ളി തേന്‍ കൊണ്ട് ഒരു ചാറ ചുറുക്ക എന്നതിനേക്കാള്‍ ഈച്ചകളെ പിടിക്കാം. വി. ഫ്രാന്‍സിസ് സെയില്‍സ്.
ബ്രദര്‍ തങ്കച്ചന്‍ തുണ്ടിയില്‍

You must be logged in to post a comment Login