ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയ കൂദാശ സെപ്തംബര്‍ 13 ന്

ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയ കൂദാശ സെപ്തംബര്‍ 13 ന്

ചെങ്ങളം: കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്ങളം ഇടവകയില്‍ സെന്റ് ആന്റണീസ് ദേവാലയത്തിന്റെ കൂദാശ സെപ്റ്റബംര്‍ 13ന് രാവിലെ ഒമ്പതിനു കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ഡൊമിനിക് കോക്കാട്ട് എന്നിവര്‍ നിര്‍വഹിക്കും.

സെപ്റ്റംബര്‍ 12നു വൈകുന്നേരം 5.15നു തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പും കാരുണ്യഭവനത്തിന്റെ താക്കോല്‍ദാനവും മാര്‍ മാത്യു വട്ടക്കുഴി നിര്‍വഹിക്കും. വിശുദ്ധ ഫൗസ്റ്റീനയുടെ തിരുശേഷിപ്പ് പ്രതിഷ്ഠയും തിരുക്കര്‍മങ്ങള്‍ക്കൊപ്പം നടത്തും.

15ന് രാവിലെ ഒമ്പതിനു വിശുദ്ധ കുര്‍ബാന സ്വീകരണത്തിനു മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യകാര്‍മികത്വം വഹിക്കും. സെപ്റ്റംബര്‍ 28ന് രാവിലെ 10ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കുന്ന വിശുദ്ധ കുര്‍ബാനമധ്യേ ചെങ്ങളം ഇടവക ദേവാലയത്തെ തീര്‍ഥാടന ദേവാലയമായി പ്രഖ്യാപിക്കും.

മാര്‍ മാത്യു അറയ്ക്കല്‍ സഹകാര്‍മികനായിരിക്കും. ഒക്‌ടോബര്‍ നാലിന് കല്ലിട്ട തിരുനാള്‍ പ്രമാണിച്ച് രാവിലെ 10ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. ഇടവകദിനമായി ആചരിക്കുന്ന 23ന് രാവിലെ 9.30ന് സീറോ മലങ്കരസഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.

ആദ്യകാലം മുതല്‍ വിശുദ്ധ അന്തോനീസിന്റെ മാധ്യസ്ഥ്യം തേടി ഒട്ടേറെ വിശ്വാസികള്‍ ചെങ്ങളത്തേക്ക് എത്തിക്കൊണ്ടിരുന്നു.2002 ഒക്‌ടോബര്‍ ഒന്നിന് മാര്‍ മാത്യു വട്ടക്കുഴി വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് ചെങ്ങളം പള്ളിയില്‍ സ്ഥാപിച്ചു. ചെങ്ങളം വിശുദ്ധ അന്തോനീസ് ദേവാലയം കേരളത്തിന്റെ പാദുവ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്.

You must be logged in to post a comment Login