ചൈനയിലെ ഭൂഗര്‍ഭ ജീവിതത്തില്‍ നിന്നൊരു ഏട്‌

ചൈനയിലെ ഭൂഗര്‍ഭ ജീവിതത്തില്‍ നിന്നൊരു ഏട്‌

bob-fuബോബ് ഫൂവിന് ചൈനയിലെ തടവറയില്‍ കിടക്കേണ്ടി വന്നത് ഒരേയൊരു കുറ്റത്തിനാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍. ജയില്‍മോചിതനായ ഉടനെ ബോബിന് ഭാര്യയെയും കൂട്ടി പാതിരാത്രി തന്നെ ബെയ്ജിംഗ് വി്ട്ടു പലായനം ചെയ്യേണ്ടി വന്നു.

ഇനി ഫ്‌ളാഷ് ബാക്ക്: രണ്ടു പതിറ്റാണ്ടു മുമ്പ് ലോകത്തെ നടുക്കിയ ടിയാനെന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയില്‍ ജനകീയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പ്രധാന കണ്ണികളൊരാളായിരുന്നു, ബോബ്. അതിനെ തുടര്‍ന്ന് ക്രിസ്തുമത വിശ്വാസം സ്വീകരിച്ച ബോബ് ക്രിസ്തുമതാചാരങ്ങള്‍ക്കു വിലക്കേര്‍ത്തപ്പെട്ടിരുന്ന ബെയ്ജിംഗില്‍ ഒരു ഭൂഗര്‍ഭ പള്ളിയും ബൈബിള്‍ സ്‌കൂളും ആരംഭിച്ചു.

പകല്‍ മുഴുവനും അദ്ദേഹം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇംഗ്ലീഷ് പഠിപ്പിച്ചു. രാത്രി, മണ്ണിനടിയിലെ പള്ളിയിലും ബൈബിള്‍ ക്ലാസിലും സുവിശേഷം പങ്കുവച്ചു. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ രഹസ്യപ്പോലീസിനാല്‍ പിടിക്കപ്പെട്ടാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്ത് നല്ലവണ്ണം അറിഞ്ഞു കൊണ്ടു തന്നെയാണ് ബോബ് ഈ സാഹസത്തിനു മുതിര്‍ന്നത്. ‘എന്നെങ്കിലും ജയിലിന്റെ ദൈവശാസ്ത്രം ഞങ്ങള്‍ക്കു പഠിക്കേണ്ടി വരുമെന്ന് എനിക്കും എന്റെ ഭാര്യയ്ക്കും അറിയാമായിരുന്നു’ ബോബ് നര്‍മം കലര്‍ത്തി പറയുന്നു.

‘ഇതാണ് എല്ലാ ചൈനീസ് ക്രിസ്ത്യാനികളുടെയും അനുഭവം. ക്രിസ്തുവിന്റെ വിശ്വസ്തരായ അനുയായികളാകണമെങ്കില്‍ ഈ കുരിശിന്റെ വഴിയേ നടന്നേ തീരൂ എന്ന് ഞങ്ങളെ എന്നും
പഠിപ്പിക്കുമായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ പിടിക്കപ്പെട്ടു. 1996 ലായിരുന്നു, അത്. ഒരു വിധത്തില് അത് ദൈവത്തിന്റെ അനുഗ്രഹമായാണ് എനിക്കു തോന്നിയത്. തടവുകാരോട് വിശ്വാസം പങ്കുവയ്ക്കുവാനും അവര്‍ക്കു പ്രത്യാശ പകര്‍ന്നു കൊടുക്കാനും ദൈവം തുറന്ന വഴിയായിരുന്നു, അത്.”

കഠിനമര്‍ദനങ്ങളുടെ അകമ്പടിയോടെയുള്ള ചോദ്യം ചെയ്യലും പിന്നെ രണ്ടു മാസത്തെ തടവു ശിക്ഷയും. ‘സുവിശേഷത്തിനായി ദാഹിക്കുന്ന അനേകം ആത്മാക്കള്‍ അവിടെയുണ്ടായിരുന്നു!’ അങ്ങനെയാണ് ബോബ് ഫൂ അതിനെ കാണുന്നത്. അവിടെ നിന്നും മോചിതരായ ബോബൂം ഭാര്യയും വീട്ടുതടങ്കലിലായി. അക്കാലത്താണ് ഹെയ്ഡി ഗര്‍ഭിണിയായത്. സര്‍ക്കാരില്‍ നിന്നും അനുവാദ പത്രം വാങ്ങാതെയാണത് സംഭവിച്ചത്. കുട്ടികളുണ്ടാകുന്നതിനു പോലും സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിക്കേണ്ട രാജ്യം!

‘നിര്‍ബന്ധപൂര്‍വമുള്ള അബോര്‍ഷന്‍ ഭയന്ന് ഞങ്ങള്‍ ബെയ്ജിംഗ് വീട്ടോടി പോന്നു. ഞങ്ങളെ വീണ്ടും അറസ്റ്റു ചെയ്യാന്‍ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് ഞങ്ങളറിഞ്ഞു. ബെയ്ജിംഗില്‍ നിന്നും രക്ഷപ്പെട്ട ദമ്പതികള്‍ മാസങ്ങളോളം ഗ്രാമങ്ങളില്‍ മാറി മാറി ഒളിവില്‍ പാര്‍ത്തു. അപ്പോഴേക്കും അത്ഭുതകരമായി ദൈവം അവര്‍ക്കായി വഴി തുറന്നു. അവര്‍ക്ക്‌ ബ്രിട്ടീഷ് ആധിപത്യത്തിലുള്ള ഹോംഗ്‌കോങിലേക്ക് യാത്ര തരപ്പെട്ടു.

chinese-flag-graphicഎട്ടു മാസത്തിനു ശേഷം, ഹോംഗ്‌കോംഗ് എന്ന ദ്വീപുരാഷ്ട്രം വീണ്ടും ചൈനയ്ക്കു കൈമാറ്റം ചെയ്യപ്പെടുന്നതിന് മൂന്നു ദിവസം മാത്രം മുമ്പ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ നേരിട്ടുള്ള ഇടപെടല്‍ മൂലം ബോബ് കുടുംബത്തിന് യുഎസിലേക്ക് ഓവര്‍സീസ് റെഫ്യൂജികളായി പ്രവേശിക്കാന്‍ അനുമതി ലഭിച്ചു.

‘അതിനു ശേഷം ഞാന്‍ തിരികെ പോയിട്ടില്ല. ചൈനീസ് സര്‍ക്കാര്‍ എന്നെ തിരികെ കോണ്ടു പോകാന്‍ പല വിദ്യകളും നോക്കിയെങ്കിലും. എന്നെ നിശബ്ദനാക്കുകയായിരുന്നു, അവരുടെ ലക്ഷ്യം.’

ആദ്യമൊക്കെ ബോബിന്റെ പിതാവിനെ മര്‍ദിക്കുകയും സഹോദരിയെ കഠിനമായി ചോദ്യം ചെയ്യുകയും ചെയ്തു. ഇപ്പോള്‍ സര്‍ക്കാര്‍ അനുനയ ശ്രമമാണ് നടത്തുന്നത്. സഹോദരിക്ക് ഇപ്പോള്‍ എല്ലാ അവധി ദിവസവും ഓരോ സമ്മാനപ്പൊതി ലഭിക്കുന്നുണ്ട്!’ ഇനി ചൈനയിലേക്കൊരു മടക്കം എന്നതിന്‌ ആയുഷ്‌കാല തടവ് എന്നാണര്‍ത്ഥം എന്ന് ബോബിന് ഉറപ്പുണ്ട്.

‘സാംസ്‌കാരിക വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും വലിയ മതപീഡനാണ് ചൈനയില്‍ ഇപ്പോള്‍ അരങ്ങേറുന്നത്.’ ഉദാഹരണമായി അവിടെ അരങ്ങേറുന്ന പള്ളി തകര്‍ക്കലുകളും അറസ്റ്റുകളും ചൂണ്ടിക്കാണിച്ചു ബോബ് പറയുന്നു. ‘സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്ന പള്ളികള്‍ പോലും തകര്‍ക്കപ്പെടുകയാണ്. 300 പളളികള്‍ ആക്രമിക്കപ്പെട്ടു. കുരിശുകള്‍ തകര്‍ക്കപ്പെട്ടു. അനേകം വിശ്വാസികള്‍ താഡനമേറ്റു ആശുപത്രികളിലായി. പോലീസു പോലും പള്ളികളെ ആക്രമിക്കാന്‍ നിയോഗിക്കപ്പെടുന്നു. ഭീകരമായ അവസ്ഥയാണിത്.’

എന്നാല്‍ ബോബ് പ്രത്യാശ വയ്ക്കുന്നു: ‘കിരാതമായിരുന്നു ആക്രമണങ്ങള്‍. എന്നിട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാഠം പഠിച്ചിട്ടില്ല. 1949 ല്‍ അവര്‍ അധികാരത്തില്‍ വരുമ്പോള്‍ പത്തു ലക്ഷത്തില്‍ താഴെ ക്രിസ്ത്യാനികളേ ചൈനയില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 60 വര്‍ഷങ്ങള്‍ക്കു ശേഷം, ഇത്രയും പീഡനം നടന്നിട്ടും നോക്കൂ, എത്രയധികമായി നമ്മുടെ സംഖ്യ വളര്‍ന്നിരിക്കുന്നു!’

‘ദൈവത്തെ ആര്‍ക്കാണ് തടഞ്ഞു നിര്‍ത്താനാവുക?’ ബോബ് ചോദിക്കുന്നു. ‘ലോകത്തുള്ള എല്ലാ വിശ്വാസികളുടെയും പിന്തുണയും പ്രാര്‍ത്ഥനയും ഞങ്ങള്‍ക്കു വേണം. ക്രിസ്തുവാകുന്ന ഒരേ ശരീരത്തിലെ അയവയവങ്ങളല്ലേ നാമെല്ലാം.?’ ബോബ് ഫൂ നെഞ്ചില്‍ കൈ വച്ചു ചോദിക്കുന്നു..

You must be logged in to post a comment Login