ജന്‍മനാട്ടില്‍ നിന്നുമെത്തിയ അതിഥി

ജന്‍മനാട്ടില്‍ നിന്നുമെത്തിയ അതിഥി

വത്തിക്കാന്‍: ജന്‍മനാട്ടില്‍ നിന്നും ഇന്നലെ ഫ്രാന്‍സിസ് പാപ്പക്ക് ഒരു വിശിഷ്ടാതിഥിയുണ്ടായിരുന്നു. അര്‍ജന്റീനിയന്‍ പ്രസിഡന്റ് മൗറീസിയോ മാക്രിയാണ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത.് വത്തിക്കാന്‍ സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, വത്തിക്കാന്‍ വിദേശ കാര്യ സെക്രട്ടറി ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാലഖര്‍ എന്നവരുമായും മൗറീസിയോ മാക്രി സംസാരിച്ചു.

ഇരുവരും തമ്മിലുള്ള ഊഷ്മളമായ കൂടിക്കാഴ്ചക്കാണ് വത്തിക്കാന്‍ വേദിയായതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിന് കൂടിക്കാഴ്ച സഹായകകരമായെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.

സമഗ്രവികസനം, മനുഷ്യാവകാശ സംരക്ഷണം, ദാരിദ്യം, മനുഷ്യക്കടത്ത്, നീതി, സമാധാനം, സാമൂഹിക അനുരജ്ഞനം തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ചകള്‍ നടത്തി. അര്‍ജന്റീനിയിലെ വര്‍ത്തമാന കാല സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചും സംസാരിച്ചു.

പരമ്പരാഗത അര്‍ജന്റീനിയന്‍ സംഗീതമടങ്ങുന്ന സിഡിയും ലാറ്റിനമേരിക്കയിലെ സുവിശേഷവത്കരണത്തിന്റെ അടയാളമായ കുരിശുമാണ് മൗറീസിയോ മാക്രി ഫ്രാന്‍സിസ് പാപ്പക്ക് സമ്മാനമായി നല്‍കിയത്. മാര്‍പാപ്പ തിരികെ ഒലിവ് മരത്തിന്റെ മാതൃകയിലുള്ള മെഡല്‍ സമ്മാനമായി നല്‍കി.

You must be logged in to post a comment Login