ജപമാലയിലേക്ക് മിഴി തുറക്കുന്ന ഒക്ടോബര്‍

ജപമാലയിലേക്ക് മിഴി തുറക്കുന്ന ഒക്ടോബര്‍

Mary_Rosary-2 ജപമാല മാസമാണ് ഒക്ടോബര്‍. ആഗോള കത്തോലിക്കാസഭ മുഴുവനും പൂര്‍ണ്ണമനസ്സോടെ ജപമാല രഹസ്യങ്ങളില്‍ പ്രത്യേകമായി മുഴുകുന്ന മാസം. കത്തോലിക്കാ ആധ്യാത്മികതയുടെ പ്രധാനമുഖമാണ്  ജപമാല.

ക്രിസ്തീയ ആത്മീയതയുടെ കേന്ദ്രസ്ഥാനത്ത് കൊന്തയെ പ്രതിഷ്ഠിച്ച വ്യക്തിയായിരുന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍. ക്രിസ്തീയ ധ്യാനത്തിലെ ഏറ്റവും വിലപിടിപ്പുള്ള  ഒന്നായി ഈ പ്രാര്‍ത്ഥനയെ അദ്ദേഹം നിര്‍വചിച്ചു.

വിവിധ കാലങ്ങളിലെ മാര്‍പാപ്പമാരും വിശുദ്ധരും എങ്ങനെയാണ് ജപമാല ചൊല്ലേണ്ടതെന്നും എന്താണ് അതിനുള്ള പ്രത്യേകതയെന്നും  പഠിപ്പിച്ചിട്ടുള്ളത് ഇന്നും പ്രസക്തമാണ്. 1214 ല്‍ കന്യാമേരി വിശുദ്ധ ഡൊമിനിക്കിന് പ്രത്യക്ഷപ്പെട്ടതുമുതലാണ് ജപമാല പ്രാര്‍ത്ഥനയെക്കുറിച്ചുള്ള വിശ്വാസപാരമ്പര്യത്തിന് തുടക്കം കുറിച്ചത് .  ആ മരിയന്‍ പ്രത്യക്ഷീകരണം ഔര്‍ ലേഡി ഓഫ് ദ റോസറി എന്ന ശീര്‍ഷകമായി പില്ക്കാലത്ത് പരിണമിക്കപ്പെട്ടു.

പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡൊമിനിക്കിന്‍ വൈദികനും തിയോളജിയനുമായിരുന്ന അലനസ് ദ റൂപെയാണ് പതിനഞ്ച് ജപമാല വാഗ്ദാനങ്ങള്‍ക്ക് ആരംഭം കുറിച്ചത്. പിയൂസ് അഞ്ചാമന്‍ മാര്‍പാപ്പയാണ് ജപമാല പ്രാര്‍ത്ഥനയെ ദു:ഖത്തിന്റെയും സന്തോഷത്തിന്റെയും മഹിമയുടെയും രഹസ്യങ്ങളായി ചിട്ടപ്പെടുത്തിയത്. 16 മുതല്‍ 20 വരെ നൂറ്റാണ്ടുകളില്‍ ജപമാല പ്രാര്‍ത്ഥനകള്‍ മാറ്റമില്ലാതെ നിലകൊണ്ടു.

ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും ഒരോ ദശകത്തിന്റെയും അന്ത്യത്തില്‍ ഫാത്തിമാ പ്രാര്‍ത്ഥന കൂട്ടിചേര്‍ക്കുന്ന പതിവ് സാധാരണമായിത്തീര്‍ന്നു. പിന്നീട് 2002 വരെ ജപമാല പ്രാര്‍ത്ഥന മാറ്റങ്ങള്‍ കൂടാതെ  ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍ 2002 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ജപമാലയുടെ മൂന്നു രഹസ്യങ്ങളുടെ കൂടെ പ്രകാശത്തിന്റെ രഹസ്യങ്ങള്‍ കൂടി ചേര്‍ത്തു.

പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് വൈദികന്‍  വിശുദ്ധ ലൂയിസ് ഡി മോണ്ട്‌ഫോര്‍ട്ട് തന്റെ ജപമാല രഹസ്യങ്ങള്‍ എന്ന പുസ്തകത്തിലൂടെ ജപമാലയുടെ പ്രാര്‍ത്ഥനയുടെ പ്രാധാന്യവും ശക്തിയും ലോകത്തോട്  വിളിച്ചുപറഞ്ഞു. വ്യക്തമായ നിര്‍ദ്ദേശങ്ങളോടെ എങ്ങനെയാണ് ജപമാല ചൊല്ലേണ്ടതെന്ന് അദ്ദേഹം ആ കൃതിയില്‍ വിശദമായി അവതരിപ്പിച്ചു. ശ്രദ്ധ, ഭക്തി, ആദരവ് എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്. മലവെള്ളപ്പാച്ചില്‍ പോലെ ഒറ്റശ്വാസത്തില്‍ ചൊല്ലി തീര്‍ക്കേണ്ടത് അല്ല ജപമാലയെന്നുതന്നെയാണ് അദ്ദേഹം പറഞ്ഞത്.

റോസറി പോപ്പ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ കത്തോലിക്കരുടെ ജപമാല ഭക്തിയെ ശതഗുണീഭവിപ്പിച്ച വ്യക്തിയാണ്. 20 ചാക്രികലേഖനങ്ങളാണ് ജപമാലയെക്കുറിച്ച് അദ്ദേഹം പുറപ്പെടുവിച്ചത്. പിതാവായ ദൈവത്തില്‍ എത്താനുള്ള എളുപ്പവഴിയാണ് ജപമാലയെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.

ജപമാലയെ കുടുംബപ്രാര്‍ത്ഥനയായി മാറ്റിയെടുത്തത് പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയാണ്.

ജപമാല ആത്മാര്‍ത്ഥതയോടെയും ഭക്തിയോടെയും ചൊല്ലൂ.. നമ്മുടെ ജീവിതങ്ങളില്‍ മറിയം വഴി ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും…

You must be logged in to post a comment Login