ജയിലറകളിലേക്ക് സാന്ത്വനസ്പര്‍ശവുമായ്…

എണ്‍പതുകളുടെ  തുടക്കം… ഇരുമ്പഴിക്കുള്ളിലെ ഇരുണ്ട നിശബ്ദതയിലും ഭയപ്പെടുത്തുന്ന ഏകാന്തതയിലും ഒരായിരം വേദനകളും പേറിക്കഴിയുന്ന തടവുകാരുടെ ഇടയിലേക്ക് പ്രിയപ്പെട്ടവരുടെ സ്‌നേഹവും സാന്ത്വനവും കരുതലുമൊക്കെ തുളുമ്പുന്ന കത്തുകളുമായി സിസ്റ്റര്‍ റോസിറ്റ ഗോമസ് എത്താറുണ്ടായിരുന്നു. അങ്ങനെയുള്ള ദിവസങ്ങളിലൊന്നാണ് സിസ്റ്റര്‍ റോസിറ്റയുടെ ജീവിതവും ചിന്തകളും  പ്രവര്‍ത്തനരീതികളുമെല്ലാം മാറ്റിമറിച്ച ആ സംഭവമുണ്ടായത്‌.

പതിവുപോലെ കത്തുകളുമായി എത്തിയതായിരുന്നു സിസ്റ്റര്‍. ഇത്തവണ  ജുവനൈല്‍ ഹോമായിരുന്നു സന്ദര്‍ശസ്ഥലം.   സാരിത്തുമ്പില്‍ ആരോ പിടിച്ചു വലിക്കുന്നതായി തോന്നിയ സിസ്റ്റര്‍ തിരിഞ്ഞുനോക്കി.  എട്ടു വയസ്സു പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയെ ആണ് കണ്ടത്. ആ കുഞ്ഞിക്കണ്ണുകള്‍ നിറഞ്ഞിരുന്നു. തിങ്ങിനിറഞ്ഞ നൊമ്പരത്തോടെ അവള്‍ അപേക്ഷിച്ചു: ‘എന്നെയും ചേട്ടനേയും എങ്ങനെയെങ്കിലും ഇവിടെനിന്നും രക്ഷിക്കണം’. മാതാപിതാക്കളെ നഷ്ടപ്പെട്ട അവരെ ബന്ധുക്കളാണ് ജുവനൈല്‍ ഹോമിലെത്തിച്ചത്.

പ്രിസണ്‍ മിനിസ്ട്രി അഥവാ ജയിലുകള്‍ കേന്ദ്രീകരിച്ചുള്ള പ്രേഷിത പ്രവര്‍ത്തനത്തിന് സിസ്റ്റര്‍ റോസിറ്റ ഗോമസ് ആരംഭം കുറിച്ത് അങ്ങനെയായിരുന്നു. ഇന്ന് അപരാധികളും നിരപരാധികളുമായ തടവുകാര്‍ക്ക് സിസ്റ്റര്‍ റോസിറ്റ കരുണയുടേയും സ്‌നേഹത്തിന്റെയും പര്യായമാണ്.

രുക്മിണിയുടെ കഥ അനേകം ഉദാഹരണങ്ങളില്‍ ഒന്നു മാത്രം. മദ്യപാനിയായ ഭര്‍ത്താവ് കുടുംബം പോറ്റാന്‍ യാതൊന്നും നല്‍കിയിരുന്നില്ല. രോഗികളായ മക്കളുടെ ചികിത്സാര്‍ത്ഥം  സ്വയം തൊഴില്‍ കണ്ടെത്താനുള്ള അന്വേഷണത്തിനൊടുവിലാണ് പരിചയക്കാരിലൊരാള്‍ ഒരു ജോലി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ പതിയിരുന്ന ചതിക്കുഴി മനസ്സിലാക്കിയപ്പോഴേക്കും രുക്മിണി അഴികള്‍ക്കുള്ളിലായി. മയക്കുമരുന്നു കടത്തിയ കുറ്റത്തിന് അവള്‍ ജയിലിലായി.  ഭര്‍ത്താവ് മരിച്ചു. കുട്ടികളെ നോക്കാന്‍ ആരുമില്ല. കുഴക്കുന്ന ജീവിതസമസ്യകള്‍ക്കു മുന്‍പില്‍ ഇപ്പോഴും ഇടറാതെ നില്‍ക്കുന്നത് സിസ്റ്റര്‍ റോസിറ്റയുടേയും സംഘത്തിന്റെയും സേവനം കൊണ്ടാണ്.ഇതുപോലെ എത്രയോ കഥകളാണ് സിസ്റ്ററിന് ചുറ്റുമുള്ളത്.

ജയിലുകള്‍ തോറും സഞ്ചരിക്കുന്ന സിസ്റ്റര്‍ തടവുകാരുടെ  വേദനകള്‍ ശ്രവിക്കുന്നു. അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ഇതു കൂടാതെ കുട്ടികള്‍ക്ക് ട്യൂഷനെടുക്കുകയും ചെയ്യുന്നു. തടവുകാരുടെ കുടുംബാംഗങ്ങളെയും ഇവര്‍ വീടുകളിലെത്തി സന്ദര്‍ശിക്കാറുണ്ട്. മാതാപിതാക്കളില്ലാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഉപരിപഠനത്തിനായുള്ള സഹായവും ചെയ്തു കൊടുക്കുന്നു!

 

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login