ജയിലിലെ അമ്മയ്ക്ക് പാപ്പായുടെ കത്ത്!

ജയിലിലെ അമ്മയ്ക്ക് പാപ്പായുടെ കത്ത്!

ചിലിയിലെ തടവറയില്‍ കഴിയുന്ന നിക്കോളിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല! തന്റെ പേരില്‍ ഫ്രാന്‍സിസ് പാപ്പാ എഴുതി അയച്ച മറുപടിക്കത്തുമായി സ്ഥലത്തെ മെത്രാന്‍ തന്നെ തേടി തടവറയില്‍ എത്തിയിരിക്കുന്നു.

ഒരു വര്‍ഷം മുമ്പാണ്, കൊയ്‌ഹേക്ക് തടവറയില്‍ കഴിയുന്ന നിക്കോള്‍ പ്രാര്‍ത്ഥന യാചിച്ചു കൊണ്ട് പാപ്പായ്ക്ക് കത്തയച്ചത്. അതിന് പ്രചോദനമായത് ആയിടയ്ക്ക് ജയില്‍ സന്ദര്‍ശിച്ച അപ്പസ്‌തോലിക ന്യൂന്‍ഷ്യോ ഇവോ സ്‌കാപോളോയുടെ ഉപദേശവും.

‘പരിശുദ്ധ പിതാവേ, അങ്ങെനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. ഇവിടെയുള്ള മറ്റ് തടവുകാര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണം’ നിക്കോള്‍ പാപ്പായ്ക്ക് എഴുതി.

രൂപത വാര്‍ത്താവിനിമയ കാര്യാലയം വഴി കത്ത്  വത്തിക്കാനിലേക്ക് അയക്കപ്പെട്ടു. വൈകാതെ പാപ്പായുടെ മറുപടിയും എത്തി. എന്നാല്‍, കത്ത് നിക്കോളിന്റെ കൈയിലെത്താന്‍ പിന്നെയും ഏറെ വൈകി. ഒരു വര്‍ഷത്തോളം. അവസാനം ജൂലൈ 27 ന് പാപ്പായുടെ മറുപടി നിക്കോളിന്റെ കൈകകളില്‍ എത്തി.

തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞു കൊണ്ട് ആരംഭിക്കുന്ന കത്തില്‍, തടവുമുറിയുടെ ഏകാന്തതയിലിരുന്ന് നിക്കോള്‍ ഉയര്‍ത്തുന്ന പ്രാര്‍ത്ഥനകളെ പാപ്പാ പ്രശംസിക്കുന്നുണ്ട്. നിക്കോളിനെ പോലുള്ളവരുടെ പ്രാര്‍ത്ഥന തനിക്ക് അത്യാവശ്യമാണെന്നും പാപ്പാ പറയുന്നുണ്ട്.

‘നിനക്കും നിന്റെ മകനും എന്റെ പ്രാര്‍ത്ഥന ഞാന്‍ ഉറപ്പു തരുന്നു. ദൈവം നിനക്ക് വിശ്വാസത്തിന്റെ വെളിച്ചവും പ്രത്യാശയില്‍ നിന്നുമുയരുന്ന കരുത്തും പകര്‍ന്നു തരട്ടെ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. കരുണാമയനായ ദൈവം നിന്നെ സമാശ്വസിപ്പിക്കട്ടെ. നിന്റെ പ്രിയപ്പെട്ടവരോട് അടുത്തിരിക്കാന്‍ തമ്പുരാന്‍ നിന്നെ അനുഗ്രഹിക്കട്ടെ,’ പാപ്പാ എഴുതി. പരിശുദ്ധ അമ്മയുടെ സംരക്ഷണത്തില്‍ നിക്കോളിനെയും മകനെയും ഭരമേല്‍പിച്ചു കൊണ്ടാണ് പാപ്പായുടെ കത്ത് അവസാനിക്കുന്നത്.

പാപ്പായില്‍ നിന്നൊരു മറുപടി താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് നിക്കോള്‍ പറയുന്നു. എങ്കിലും ലോകത്തിലെ ഏതോ അജ്ഞാതമായ തടവറയില്‍ കഴിയുന്ന തന്റെ കത്തിനെ പരിഗണിക്കാനും അതിന് മറുപടി അയക്കാനും പാപ്പാ കാണിച്ച മനസ്സ് ചെറിയവര്‍ക്കു വേണ്ടിയുള്ള ദൈവത്തിന്റെ കരുതലിനെ ഓര്‍മിപ്പിക്കുന്നുവെന്നും ജീവിതത്തില്‍ അത് വലിയ പ്രതീക്ഷ പകര്‍ന്നു തരുന്നുവെന്നും ആ തടവുകാരി പറയുന്നു.

 

ഫ്രേസര്‍

You must be logged in to post a comment Login