ജാപ്പനീസ് പോരാളിയുടെ രക്തസാക്ഷിത്വം ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചു

ജപ്പാന്‍ : 16-ാം നൂറ്റാണ്ടില്‍ വിശ്വാസത്തിനു വേണ്ടി മരണം വരിച്ച ജാപ്പനീസ് പോരാളി തകായാമ ഉക്കോന്റെ രക്തസാക്ഷിത്വം ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചു. ഇതോടെ തകായാമയെ വിശുദ്ധപദവിയിലേക്കുയര്‍ത്തുന്നതിനാവശ്യമായ കാരണങ്ങള്‍ക്ക് വത്തിക്കാന്‍ അംഗീകാരം നല്‍കി.

1552 ലാണ് തകായാമയുടെ ജനനം. ജസ്യൂട്ട് മിഷനറിമാര്‍ ജപ്പാനിലേക്കു പ്രേഷിത വേലക്കായി കടന്നുവന്നുകൊണ്ടിരുന്ന സമയമായിരുന്നു അത്. തകായാമക്ക് 12 വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. വലിയ സുഖസൗകര്യങ്ങള്‍ അനുഭവിക്കാമായിരുന്നിട്ടും തകായാമ അതെല്ലാം ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി വേണ്ടെന്നു വെച്ചു.

1587 ല്‍ ജാപ്പനീസ് ചാന്‍സലര്‍ ടൊയോട്ടോമി ഹിദെയോഷിയുടെ ഭരണകാലത്ത് ജപ്പാനിലെ ക്രിസ്ത്യാനികള്‍ അതിക്രൂരമായ പീഡനങ്ങള്‍ നേരിട്ടു. പല ക്രിസ്ത്യാനികളും പീഡനങ്ങളെ ഭയന്ന് വിശ്വാസം ഉപേക്ഷിച്ചു. തകായാമക്കും കുടുംബത്തിനും സര്‍ക്കാരില്‍ നിന്ന് പല ഉന്നത പദവികളും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെങ്കിലും അവയൊക്കെയും വിശ്വാസത്തെ പ്രതി അവര്‍ നിരസിച്ചു. ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തുടര്‍ന്നു വന്നതേയുള്ളൂ. മറ്റ് മുന്നൂറ് ക്രിസ്ത്യാനികള്‍ക്കൊപ്പം തകായാമ നാടുകടത്തപ്പെട്ടു. 1615 ഫെബ്രുവരി 3 നാണ് അദ്ദേഹം മരിക്കുന്നത്.

You must be logged in to post a comment Login