ജീവന്റെ മൂല്യങ്ങളുടെ നേര്‍സാക്ഷ്യമായി ഒരു കുടുംബം

ജീവന്റെ മൂല്യങ്ങളുടെ നേര്‍സാക്ഷ്യമായി ഒരു കുടുംബം

ജോലി കഴിഞ്ഞ് ജോര്‍ജ്ജ് എസ് സേവ്യര്‍ വീട്ടിലെത്തുമ്പോള്‍ ചിലപ്പോള്‍ സമയം ഏറെ വൈകും. പലപ്പോഴും ക്ഷീണിതനായിരിക്കും. എങ്കിലും വീട്ടിലെത്തുമ്പോള്‍ അയാള്‍ക്ക് മടുപ്പില്ല. ഭാര്യക്കൊപ്പം ആവേശത്തോടും ആരവത്തോടും ജോര്‍ജ്ജിന്റെ പക്കല്‍ ഓടിയത്താന്‍ വീട്ടിലുണ്ട് അഞ്ച് പൊന്നോമനകള്‍. സ്വന്തം ജീവിതത്തിലൂടെ ജീവസമൃദ്ധിയുടെ പ്രഘോഷകനാവുകയാണ് ജോര്‍ജ്ജ് എസ് സേവ്യര്‍ വലിയ വിട് എന്ന കൊല്ലം സ്വദേശി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് യുക്തിവാദവും നിരീശ്വരചിന്തയുമായിരുന്നു മുണ്ടക്കല്‍ ജോര്‍ജ്ജ് എസ് സേവ്യറിനെ നയിച്ചുകൊണ്ടിരുന്നത്. കൃത്യമായി പറഞ്ഞാല്‍ 1985-87 കാലഘട്ടത്തില്‍. ജോര്‍ജ്ജ് എസ് സേവ്യറിന്റെ കലാലയപഠനകാലമായിരുന്നു അത്. കേരളാ യുക്തിവാദി സംഘത്തിലെ യുവജനവിഭാഗം പ്രവര്‍ത്തകന്‍, സിപിഐ യുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് ജില്ലാ പ്രസിഡന്റ്, സിപിഐ പാര്‍ട്ടി അംഗം എന്നീ നിലകളിലായിരുന്നു അക്കാലത്ത് ജോര്‍ജ്ജ് എസ് സേവ്യറിന്റെ പ്രവര്‍ത്തനങ്ങള്‍.

ഫാദര്‍ കുര്യാക്കോസ് പുത്തോലിലിന്റെ ധ്യാനത്തിലൂടെയാണ് ജോര്‍ജ്ജ് എസ് സേവ്യര്‍ ക്രിസ്തുവിനെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള യാത്ര ആരംഭിച്ചത്. പിന്നീട് ജീസസ് യൂത്ത് മുേന്നറ്റത്തിന്റെ സജീവപ്രവര്‍ത്തകനായി. കപ്പൂച്ചിന്‍ ധ്യാനടീമില്‍ അംഗവുമായി.

1999 ലായിരുന്നു ജോര്‍ജ്ജ്  എസ് സേവ്യറിന്റെ വിവാഹം. ഭാര്യ ജോസഫിന്‍ സംഗീതാധ്യാപികയാണ്. കൂടുതല്‍ മക്കള്‍ കുടുംബത്തിന്റെ അനുഗ്രഹവും ജീവിത്തിന്റെ ആനന്ദവുമാണെന്നാണ്  ജോര്‍ജ്ജിന്റെയും ഭാര്യയുടെയും സാക്ഷ്യം. ജോലിക്കാരായ ജോര്‍ജ്ജിന്റെയും ഭാര്യയുടെയും ഇടയില്‍ത്തന്നെയാണ് അഞ്ച് മക്കളും വളരുന്നത്. ഈ ദമ്പതികള്‍ക്ക് ഒരിക്കലും അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. പരസ്പരം സഹായിച്ചാണ് മക്കള്‍ ഓരോരുത്തരും വളരുന്നത്. മൂത്തവര്‍ ഇളയവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു. അടുക്കളകാര്യങ്ങളില്‍ പോലും മക്കള്‍ അമ്മയ്‌ക്കൊപ്പം സഹായവുമായി എത്തും

കാരുണ്യവര്‍ഷത്തോടനുബന്ധിച്ച് കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന കാരുണ്യകേരള സന്ദേശ യാത്രയുടെ ജാഥാക്യാപ്റ്റനാണ് ജോര്‍ജ്ജ്.  പ്രൊ-ലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മറ്റ് നിരവധി സംഘടനകളിലും സജീവസാിദ്ധ്യമാണ് ഇദ്ദേഹം. ഈ പ്രവര്‍ത്തനങ്ങളൊന്നും മക്കളെ വളര്‍ത്തുന്നതില്‍ പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നില്ല. ദൈവത്തിന്റെ പദ്ധതിയോടു ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അവിടുന്ന് എല്ലാം നടത്തിത്തരും എന്ന വിശ്വാസമാണ്  ജോര്‍ജ്ജിന്റെ പ്രേരകശക്തി.

പ്രൊ-ലൈഫ് സന്ദേശങ്ങള്‍ നല്‍കുന്ന നിരവധി പുസ്തകങ്ങളും   ജോര്‍ജ്ജ്  എസ് സേവ്യറിന്റെ തുലികയില്‍ വിരിഞ്ഞിട്ടുണ്ട്. ‘ഓമനത്തിങ്കള്‍കിടവോ’, ‘മാ നിഷാദാ’, ‘ഞാനൊരു ക്രിസ്ത്യാനിയാണ് കത്തോലിക്കനും’, തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങളാണ്. ’90 ലെ കവിതകള്‍’ എന്നൊരു കവിതാസമാഹരവും ഉടന്‍ പുറത്തിറങ്ങും.

‘കരയരുത് ഈശോയെ’ എന്ന ക്രിസ്ത്യന്‍ ഭക്തി ഗാന ആല്‍ബത്തിലെ ഗാനങ്ങളുടെ വരികളും  ജോര്‍ജ്ജ് എഫ് സേവ്യറിന്റെ സൃഷ്ടികള്‍ തന്നെ.

ബില്‍ഡിംഗ് കോട്രാക്ടറാണ്   ജോര്‍ജ്ജ് എസ് സേവ്യര്‍. ദൈവത്തിന്റെ അനന്തമായ കരതലാല്‍ മക്കളുടെ പഠനത്തിനോ മറ്റ് കാര്യങ്ങള്‍ക്കോ ഇന്നുവരെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടില്ല എന്നതും ഈ കുടുംബത്തിന്റെ  ജീവിതം നല്‍കുന്ന നേര്‍സാക്ഷ്യമാണ്.

അഖില കേരള ജീവന്‍ സംരക്ഷണ സമിതി ജനറല്‍ കോര്‍ഡിനേറ്റര്‍, കൊല്ലം രൂപതാ പ്രൊ- ലൈഫ് കോര്‍ഡിനേറ്റര്‍, മെല്‍ക്കിസെദെക്ക് മൂവ്‌മെന്റ് ഫോര്‍ ലൈഫ് ഡയറക്ടര്‍, ഏഞ്ചല്‍സ്(ആക്ടീവ് നെറഅറവര്‍ക്ക് ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സി ലൈഫ് സേവേഴ്‌സ്)ജോയിന്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ തുടങ്ങി നിരവധി മേഖലകളില്‍ ജോര്‍ജ്ജ്  എസ് സേവ്യര്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

എഫ്രോണ്‍, ഇമ്‌ന, ജാബിന്‍,ജാസന്‍, ജൊവാഷ് എന്നിവരാണ്  മക്കള്‍.

ലെമി തോമസ്

You must be logged in to post a comment Login