ജീവന്‍ സംരക്ഷിക്കുന്നതിനായി വിയറ്റ്‌നാം സഭ

ജീവന്‍ സംരക്ഷിക്കുന്നതിനായി വിയറ്റ്‌നാം സഭ

images (1)ഗര്‍ഭച്ഛിദ്രത്തിനെതിരെ പൊരുതി ജീവന്‍ സംരക്ഷിക്കുവാന്‍ മുന്‍കൈയ്യെടുത്ത് രംഗത്തിറങ്ങുകയാണ് വിയറ്റ്‌നാം കത്തോലിക്കാ സഭ. വിയറ്റ്‌നാമില്‍ ധാരാളം കൗമാരക്കാരും യുവജനങ്ങളും ഗര്‍ഭനിരോധന മാര്‍ഗ്ഗം പോലെ അബോര്‍ഷന്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് സഭ ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നത്. ഹനോയി അതിരൂപതയിലെ ബാക് നിന്‍ഹ് എന്ന സഹ രൂപതയില്‍ കാരിറ്റസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പുതിയ പ്രവര്‍ത്തന രീതികളുമായി സഭ മുന്നോട്ടു വന്നിരിക്കുന്നത്. കാരിറ്റസ് എന്ന സംഘടന 65 സ്ത്രീകളെയും പുരുഷന്‍മാരെയും പ്രത്യേക കോഴ്‌സില്‍ പങ്കെടുപ്പിച്ചു. ഈ 65 പേര്‍ പിന്നീട് ഗര്‍ഭിണികളായ സ്ത്രീകളെ അവരുടെ ഗര്‍ഭകാലം മുഴുവന്‍ സഹായിക്കുന്നതിനായി ആറു വ്യത്യസ്ഥ ഇടവകകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സഹായികള്‍ക്കൊപ്പം ചേരും. 1989ല്‍ സര്‍ക്കാര്‍ ഗര്‍ഭച്ഛിദ്രം നിയമപരമാക്കിയതോടെ ഗര്‍ഭച്ഛിദ്രം നടത്തുന്നവരുടെ എണ്ണം വന്‍ തോതില്‍ വര്‍ദ്ധിച്ചിരുന്നു. ഇന്ന് വയറ്റ്‌നാമാണ് തെക്ക്-കിഴക്കന്‍ ഏഷ്യയില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നതില്‍ ഏറ്റവും മുന്‍പിലും ലോകത്ത് അഞ്ചാം സ്ഥാനത്തുമാണ്. 300,000 യുവതികളും കൗമാരക്കാരുമാണ് പ്രതിവര്‍ഷം വിയറ്റ്‌നാമില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നത്. അതില്‍ 70ശതമാനം ഹൈസ്‌ക്കൂള്‍, സര്‍വ്വകലാശാല തലത്തിലെ 15നും 19നും ഇടയ്ക്ക് പ്രായമുള്ള വിദ്യാര്‍ത്ഥികളാണ്. വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹനോയില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നവരുടെ എണ്ണം ഇതിലും കൂടുതലാണ്.

You must be logged in to post a comment Login