ജീവന്‍ സംരക്ഷിക്കേണ്ടവര്‍ തന്നെ അതു നശിപ്പിക്കുന്നു: ഡോ. സൂസപാക്യം

ജീവന്‍ സംരക്ഷിക്കേണ്ടവര്‍ തന്നെ അതു നശിപ്പിക്കുന്നു: ഡോ. സൂസപാക്യം

download (1)തിരുവനന്തപുരം: ജീവന്‍ സംരക്ഷിക്കേണ്ട ഭരണാധികാരികള്‍ തന്നെ അതു നശിപ്പിക്കുന്നതിന് കൂട്ടു നില്‍ക്കുന്നുവെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് ഡോ. എം. സൂസപാക്യം പറഞ്ഞു. ഭാരതത്തെ വലിയെ സാമൂഹ്യ ദുരന്തത്തിലേക്ക് നയിക്കുന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് കൂടുതല്‍ ഉദാരവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ കത്തോലിക്കാ സഭയുടെ സീറോ മലബാര്‍, മലങ്കര, ലത്തീന്‍ റീത്തുകള്‍ സംയുക്തമായി തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഈ ആക്ടിനെതിരെ പ്രാര്‍ത്ഥിക്കുകയും പരിത്യാഗം അനുഷ്ഠിക്കുകയും വേണം.

നിഷ്‌കളങ്ക മനുഷ്യ ജീവനുകളെ നശിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കരുത്. ഒന്നുചേര്‍ന്ന് ജീവന്റെ വക്താക്കളാകുന്നതിന് നമുക്ക് പ്രാര്‍ത്ഥിക്കാം. ഭാരതത്തില്‍ ഒരു വര്‍ഷം 70 ലക്ഷം കുഞ്ഞുങ്ങള്‍ ഗര്‍ഭപാത്രത്തില്‍ വച്ച് കൊല്ലപ്പെടുന്നുവെന്നാണ് കണക്ക്. ഇതിനെതിരെ നമുക്ക് പ്രായശ്ചിത്തവും പരിത്യാഗവും ചെയ്യാമെന്നും ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം പറഞ്ഞു.

ഭികരത ഇന്ന് നാം അഭിമുഖീകരിക്കുന്ന ശാപമാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് പറഞ്ഞു. നമ്മുടെ നാട് ഇന്ന് പലതരത്തിലുള്ള തകര്‍ച്ചയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍ ഇന്ന് മൃഗീയതയോട് കൂടുതല്‍ അടുത്തിരിക്കുന്നു. 24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭസ്ഥശിശുക്കളെ കൊല്ലുന്നതിന് നിയമസാധ്യത നല്‍കുന്നതിന് ജനപ്രതിനിധികള്‍ തയ്യാറെടുക്കുമ്പോള്‍ നമുക്കു നിശബ്ദരായിരിക്കുവാന്‍ സാധിക്കില്ല. അത് കുടുംബങ്ങളെയും ധാര്‍മികതയെയും തകര്‍ക്കും. ഇന്ന് നമ്മുടെ ഭവനങ്ങളില്‍ മാതാപിതാക്കളെ നോക്കുന്നതിന് മക്കളില്ലാത്ത അവസ്ഥയാണ്. വാര്‍ധക്യത്തില്‍ അവര്‍ അനാഥരാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറലും ലൂര്‍ദ് ഫെറോന പള്ളി വികാരിയുമായ റവ. ഡോ. മാണി പുതിയിടം ചടങ്ങില്‍ അനഗ്രഹ പ്രഭാഷണം നടത്തി.

ഗര്‍ഭഛിദ്ര നിയമ ഭേദഗതിക്കെതിരെ കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍ഫറന്‍സ് പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇന്നലെ രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

പ്രതിഷേഥ ധര്‍ണയ്ക്കു മുന്നോടിയായി പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യകാരുണ്യ ആരാധനയും തുടര്‍ന്ന് കത്തീഡ്രല്‍ വികാരി. മോണ്‍. ഡോ. ജോര്‍ജ് എ. ഗോമസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പരിഹാര സമൂഹബലിയും ഉണ്ടായിരുന്നു.

തിരുവനന്തപുരം ലൂര്‍ദ്ദ് ഫൊറോന പ്രൊ-വികാരി ഫാ. ജോര്‍ജ്ജ് മാന്തുരുത്തില്‍ സ്വാഗതവും കെസിബിസി പ്രൊലൈഫ് സംസ്ഥാന ആനിമേറ്റര്‍ എബ്രഹാം പുത്തന്‍കുളം വിഷയാവതരണ പ്രസംഗവും നിര്‍വ്വഹിച്ചു.

പാളയം സമാധാന രാജ്ഞി ബസിലിക്ക റെക്ടര്‍ ഫാദ. ശാന്തന്‍ ചരുവില്‍ ജീവന്‍ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. യുജിന്‍ എച്ച്. പെരേര, ഫാ. സുരേഷ് പയസ്, ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. എബി ചങ്ങംങ്കരി, കെസിബിസി പ്രൊലൈഫ് ഡയറക്ടര്‍ ഫാ. ജോസ് കോട്ടയില്‍, കെസിബിസി പ്രൊലൈഫ് പ്രസിഡന്റ് ജോര്‍ജ് എഫ്. സേവ്യര്‍, കെസിബിസി പ്രൊലൈഫ് സെക്രട്ടറി സാബുജോസ്, റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ റൊണാള്‍ഡ് റിബേര, ഫാ. അന്റണി കാവാലം തുടങ്ങിയവര്‍ പങ്കെടുത്തു.

You must be logged in to post a comment Login