ജീവിതം കാത്തിരിക്കാനുള്ളതാണ്…

ജീവിതം കാത്തിരിക്കാനുള്ളതാണ്…

since_i__ve_been_waiting_for_u_by_inconditionnellementരാവിലെ ഓഫീസിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. തിരക്കിട്ട് ബാത്ത് റൂമില്‍ കയറി കുളിക്കാനായി ടാപ്പ് തുറന്നു. ഒഴുകിവന്നത് രണ്ടിറ്റു തുള്ളി മാത്രം. ടാങ്കില്‍ വെള്ളം തീര്‍ന്നിരിക്കുന്നു. മോട്ടര്‍ ഓണ്‍ ചെയ്യാന്‍ പറഞ്ഞതിന് ശേഷം വെള്ളത്തിന്റെ വരവിന് വേണ്ടി അക്ഷമയോടെ കാത്തുനില്ക്കുമ്പോള്‍ ഓര്‍ത്തു, എന്തിനും ഏതിനും ജീവിതത്തില്‍ ഒരു കാത്തിരിപ്പ് ആവശ്യമാണല്ലോ എന്ന്.

തീരെ ചെറിയതെന്ന് നാം കരുതുന്ന ഒന്നിന് വേണ്ടി പോലും നാം കാത്തിരിക്കുന്നു.. കാത്തിരിപ്പുകള്‍ മനസ്സിനെ ഭാരപ്പെടുത്താത്തത് ഉള്ളില്‍ പ്രതീക്ഷ സൂക്ഷിക്കുന്നവര്‍ക്ക് മാത്രമാണ്.അല്ലെങ്കില്‍ നാം നിരാശപ്പെട്ടുപോകും..വെള്ളം ഏതാനും മിനിറ്റിനുള്ളില്‍ ടാപ്പില്‍ എത്തുമെന്ന് എനിക്കറിയാം.. അതാണ് എന്റെ പ്രത്യാശ..അതുകൊണ്ടാണ് മനസ്സില്‍ നിരാശയില്ലാത്തത്.

ജീവിതത്തില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവരും കാത്തിരിക്കുന്നവരാണ്.. കുടിവെള്ളത്തിനായി കാത്തുനില്ക്കുന്ന വീട്ടമ്മമാര്‍ മുതല്‍ സ്‌കൂള്‍ ബസിന് കാത്തുനില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ വരെ.. പരീക്ഷയുടെ റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ മുതല്‍ ജോലിക്കു വേണ്ടി കാത്തിരിക്കുന്നവര്‍ വരെ.. മനസ്സിന് ഇണങ്ങിയ ഇണയെ മുതല്‍ ഒരു കുഞ്ഞിനെ വരെ.. ജീവിതത്തിലെ കാത്തിരിപ്പുകളുടെ തലങ്ങള്‍ എത്രയോ വ്യത്യസ്തമാണ്..

എംടിയുടെ മഞ്ഞ് എന്ന നോവലില്‍ പറയുന്നുണ്ട്, ഇക്കാര്യം. ലോകം മുഴുവന്‍ കാത്തിരിക്കുകയാണ് എന്ന്..ഞാന്‍ കാത്തിരിക്കുന്നതിനുവേണ്ടിയല്ല നിങ്ങള്‍ കാത്തിരിക്കുന്നത്.. നിങ്ങള്‍ കാത്തിരിക്കുന്നതിന് വേണ്ടിയല്ല മറ്റൊരാള്‍ കാത്തിരിക്കുന്നത്..

എല്ലാ കാത്തിരിപ്പുകളും നമ്മുടെ പ്രതീക്ഷയ്‌ക്കൊത്ത് സംഭവിക്കണമെന്നുമില്ല. അല്ലെങ്കില്‍ ചില കാത്തിരിപ്പുകള്‍ അനിശ്ചിതത്വം പേറുന്നവയാണ്.. എന്നാണ് സംഭവിക്കുക എന്നറിയില്ല..എപ്പോഴാണ് സംഭവിക്കുക എന്നറിയില്ല.. ഈ അവസ്ഥയിലാണ് നമ്മുടെ മനസ്സ് നിരാശയ്ക്കടിപ്പെട്ട് പോകാറുള്ളത്. അപ്പോഴാണ് ദൈവവിശ്വാസം കരുത്തായി നമ്മുടെ കൂടെ വരുന്നത്..

ബൈബിള്‍ അവതരിപ്പിക്കുന്ന ഒരു തലം കാത്തിരിപ്പുകളുടേതുകൂടിയാണ്.. ഇസ്രായേല്‍ ജനത കാത്തിരിക്കുന്നു. അബ്രഹാം കാത്തിരിക്കുന്നു.. രക്ഷകനെ കാത്തിരിക്കുന്നു.. എല്ലാം സംഭവിക്കുന്നുണ്ട്.. അതാതിന്റേതായ സമയത്താണ് എന്ന് മാത്രം.
അതുകൊണ്ട് കാത്തിരിക്കുന്നവര്‍ മനസ്സ് മടുക്കാതിരിക്കട്ടെ.. മനസ്സിനെ പ്രത്യാശഭരിതമായി സൂക്ഷിക്കുക.. നല്ല കാര്യങ്ങള്‍ മാത്രം നടക്കുമെന്ന് വിചാരിക്കുക..

എല്ലാം ശരിയാകും. കാരണം ജീവിതം കാത്തിരിക്കാനുള്ളതാണ്…

You must be logged in to post a comment Login